| Sunday, 12th January 2025, 4:02 pm

വിജയ് ആ സിനിമ പത്ത് തവണ കണ്ടു, അത് റീമേക്ക് ചെയ്യണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ട്: വി.ടി.വി ഗണേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും നിര്‍മാതാവുമായ വി.ടി.വി. ഗണേശിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തമിഴ് സൂപ്പര്‍ താരം വിജയ് അടുത്തിടെ ഭഗവന്ത് കേസരി എന്ന സിനിമ പത്ത് തവണയോളം കണ്ടെന്നാണ് ഗണേശ് പറയുന്നത്. ആ ചിത്രം വിജയ്ക്ക് ഒരുപാട് ഇഷ്ടമായെന്നും അതിന്റെ സംവിധായകന്‍ അനില്‍ രവിപുടിയോട് ആ ചിത്രം തമിഴില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗണേശ് പറഞ്ഞു.

വിജയ്‌യെ വെച്ച് സിനിമ ചെയ്യാന്‍ ഒരുപാട് സംവിധായകര്‍ ക്യൂ നില്‍ക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ അവസാനചിത്രം അനില്‍ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനില്‍ രവിപുടി വിജയ്‌യുടെ ആവശ്യം സ്‌നേഹപൂര്‍വം നിരസിച്ചെന്നും റീമേക്ക് ചെയ്യാന്‍ താത്പര്യമില്ലെന്ന് വിജയ്‌യോട് പറഞ്ഞെന്നും ഗണേശ് പറഞ്ഞു.

മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന് മുമ്പ് ചെയ്യുന്ന ദളപതി 69 ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണോ അല്ലയോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇരിക്കുമ്പോഴാണ് വി.ടി.വി ഗണേശിന്റെ വാക്കുകള്‍ ചര്‍ച്ചക്ക് കൂടുതല്‍ ബലം നല്‍കുന്നത്. അനില്‍ രവിപുടിയുടെ പുതിയ ചിത്രമായ സംക്രാന്തിക്കി വസ്തുന്നാരു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഗണേശ് ഇക്കാര്യം പറഞ്ഞത്.

‘അനിലിന്റെ ഭഗവന്ത് കേസരി വിജയ് സാര്‍ പത്ത് തവണ കണ്ടിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആ സിനിമ ഒരുപാട് ഇഷ്ടമായി. അനിലിനെ വിളിച്ച് ആ സിനിമ റീമേക്ക് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്. വിജയ് സാറിന്റെ ലാസ്റ്റ് സിനിമ സംവിധാനം ചെയ്യാന്‍ ഒരുപാട് സംവിധായകര്‍ ക്യൂ നില്‍ക്കുന്നുണ്ടെന്നും അവരെയെല്ലാം മാറ്റി അനിലിന്റെ കൂടെ വര്‍ക്ക് ചെയ്യാനാണ് ആഗ്രഹമെന്ന് വിജയ് സാര്‍ പറഞ്ഞു.

പക്ഷേ ഇത് നന്നായി അറിയുന്ന അനില്‍ ‘റീമേക്ക് ചെയ്യാന്‍ താത്പര്യമില്ല’ എന്നാണ് വിജയ് സാറിനോട് പറഞ്ഞത്. എച്ച്. വിനോദ് അതേ സിനിമ തന്നെയാണ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഭഗവന്ത് കേസരി അദ്ദേഹത്തിന് അത്രമാത്രം ഇഷ്ടപ്പെട്ടു എന്ന് എനിക്ക് നന്നായി അറിയാം,’ വി.ടി.വി ഗണേശ് പറഞ്ഞു.

എന്നാല്‍ ദളപതി 69 റീമേക്ക് സിനിമയല്ലെന്നും മെര്‍സല്‍ റിലീസായ സമയത്ത് വിനോദ് വിജയ്‌യോട് പറഞ്ഞ കഥയാണെന്നും വാദങ്ങളുണ്ട്. അന്ന് നടക്കാതെ പോയ കഥ കമല്‍ ഹാസനോട് പറഞ്ഞെന്നും അദ്ദേഹം അത് നിര്‍മിക്കാന്‍ തയാറാവുകയും ചെയ്തിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ പ്രൊജക്ട് മുടങ്ങുകയും വീണ്ടു ആ കഥ വിജയ്‌യെ തേടിയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: VTV Ganesh saying Vijay like to do the remake of Bhagavanth Kesari movie

We use cookies to give you the best possible experience. Learn more