കേരളീയം / വി.എസ് അനില്‍കുമാര്‍
വലിയ മനസ്സുള്ള ഒരു മനുഷ്യന്‍ തന്റെ ജീവിത സമ്പാദ്യം കൊണ്ടുസ്ഥാപിച്ച ഒരു പള്ളിക്കൂടമുണ്ട്, തലശ്ശേരിയില്‍. ഒരു കപ്പല്‍ത്തകര്‍ച്ചയില്‍ നിന്ന് നീന്തി രക്ഷപ്പെട്ട്, തലശ്ശേരി തുറമുഖത്ത് ഒരു ജോലിക്കാരനായി, ഈ നാടിനെ സ്‌നേഹിച്ച് ഇവിടെത്തന്നെ മരിച്ചുവീണ ആ മനുഷ്യന്റെ പേര് എഡ്വേര്‍ഡ് ബ്രണ്ണന്‍. ജോലിയില്‍ നിന്നും പിരിഞ്ഞപ്പോള്‍ കിട്ടിയതു മുഴുവന്‍ ചേര്‍ത്ത് “ജാതി മതഭേദങ്ങളില്ലാതെ എല്ലാ ദരിദ്രര്‍ക്കും നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്നതിനായി” അദ്ദേഹം ഒരു സ്‌കൂള്‍ സ്ഥാപിച്ചു. ഇപ്പോള്‍ അതിനു പേര് ഗവണ്‍മെന്റ് ബ്രണ്ണന്‍ (മോഡല്‍) ഹൈസ്‌കൂള്‍. അതേ ക്യാമ്പസ്സില്‍ അതേ പേരില്‍ ഒരു ബി.എഡ് കോളേജ് ഉള്ളതുകൊണ്ടാണ് ഇത് മോഡല്‍ സ്‌കൂള്‍ ആയത്.
അവിടെ പഠിച്ച മൂന്നുകൊല്ലവും മാതൃകപരമായി എന്തെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നോ എന്നത് സംശയമാണ്. വിദ്യാഭ്യാസത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “കുത്തഴിഞ്ഞ പുസ്തകം”. പരമേശ്വരന്‍ മാഷെപ്പോലെ ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ ഹെഡ്മാഷ് മുതല്‍ പ്യൂണ്‍വരെ എല്ലാവരും നിസ്സഹകരണ- ഉദാസീന സമരത്തിലാണെന്നു തോന്നാം. വിദ്യാര്‍ത്ഥി രാഷ്ട്രീയം
ഗുരുനിന്ദയാവുമെങ്കില്‍ ആവട്ടെ എന്നു കരുതി പറയുകയാണ്. യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാതെ ശമ്പളം വാങ്ങാന്‍ മാത്രം ക്ലാസില്‍ വന്ന് എന്തൊക്കയോ കാട്ടികൂട്ടുന്ന മോശം അധ്യാപകന്മാര്‍ അന്ന് കൂടുതലായിരുന്നു. അവിടെ സ്‌കൂളിന്റെ ദു:ഖസ്ഥിതിക്ക് ഞാന്‍ അധ്യാപകരെ മാത്രമേ കുറ്റം പറയൂ.
ഇന്ന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മനുഷ്യര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപമാനം ഉണ്ടാവരുത് എന്നും കരുതി, ഇവിടെ എല്ലാവരുടേയും പേരും ജാതിയും മതവുമൊക്കെ മാറ്റിയാണ് ബഹുമാന്യരായ ആ അധ്യാപകരെ ഞാന്‍ സ്മരിക്കുന്നത്!
എങ്ങനെഒരു വിദ്യാലയവും അധ്യാപകരും ആവരുത് എന്ന ഒരു വിപരീത മാതൃകയായിരുന്നു മഹാനായ ഒരു മനുഷ്യന്‍ തന്റെ ജീവിതം കൊണ്ട് ഉണ്ടാക്കിയ ആ സ്‌കൂള്‍
ഹെഡ്മാഷ് ഒരു ഷേണായി. നല്ല തടിയും വണ്ണവും പക്ഷെ അതുകൊണ്ട് ഒരു കാര്യവുമില്ല. വളരെ അപൂര്‍വ്വമായെ മുറിയില്‍ നിന്ന് പുറത്തുവരൂ. പുറത്തുവന്നു നിന്നാല്‍ കാണാനൊരു ആനച്ചന്തമുണ്ട്. ക്ലാസെടുക്കില്ല. അതുകൊണ്ട് പഠിപ്പിക്കലിന്റെ കാര്യത്തില്‍ എങ്ങനെയാണെന്ന് അറിയാന്‍ ഒരു വഴിയുമില്ല. ഓഫീസിലെ ക്ലര്‍ക്കിന്റെ മുകളിലുള്ള ആപ്പീസറായെ അദ്ദേഹത്തെ കരുതാനാവൂ. സ്‌കൂളില്‍ ചുറ്റിനടന്ന്, കുട്ടികളെ കാണുകയും സംസാരിക്കുകയും ചെയ്യുക മുതലായ ദു:ശ്ശീലങ്ങളും ഇല്ല.
മോന്തായം വളഞ്ഞാല്‍ ഇരുപത്തിനാലു ( കഴുക്കോലുകളും) വളയും എന്നൊരു ചൊല്ലുണ്ട്. മറ്റദ്ധ്യാപകരുടെ കാര്യത്തില്‍ ഈ പഴഞ്ചൊല്ലില്‍ ഒട്ടും പതിരില്ല. സ്വയം നവീകരണത്തിന്റെ അഭാവം കൊണ്ടും അലസതകൊണ്ടും അവര്‍ അലങ്കരിക്കപ്പെട്ടു നടന്നു. പുസ്തകങ്ങള്‍ വായിച്ചിരുന്നു എന്ന് തെളിയിക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.
അബ്ദുള്ള മാഷും രാഷവന്‍ മാഷുമാണ് കണക്കിന്. ഒരു കണക്കുമില്ല! എന്‍.സി.സിയുടെ ചുമതലയുള്ള അബ്ദുള്ള മാഷ് ക്ലാസിലല്ലാത്ത സമയങ്ങളില്‍ അതിനായുള്ള മുറിയിലായിരിക്കും. വളരെ അപൂര്‍വ്വമായെ പുറത്തിറങ്ങൂ. വിദ്യാര്‍ത്ഥികള്‍ സമരവുമായി മറ്റ് സ്‌കൂളുകളില്‍ നിന്ന് വരുമ്പോള്‍ മാഷ് മുറിയടച്ച് ഉള്ളിലിരിക്കും. എന്തു സംഭവിച്ചാലും പുറത്തുവരില്ല. ക്ലാസിലാണെങ്കില്‍ കണക്കു പഠിപ്പിക്കലല്ല, ഓത്തുരുക്കഴിക്കലാണ്. കുട്ടികളുടെ പ്രതികരണത്തിനൊന്നും കാതു കൊടുക്കില്ല. നല്ല താടിയും വണ്ണവുമുള്ള അബ്ദുള്ള മാഷിനെ ഞങ്ങള്‍ക്ക് ലേശം ഭയമായിരുന്നു.
രാഘവന്‍ മാഷിന് മാനസികവിഭ്രാന്തിയുണ്ടായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഗണിതത്തില്‍ മിടുക്കനാണത്രേ. ആ മിടുക്കൊ്ന്നും പഠിപ്പിക്കലില്‍ കാണാറില്ല. മാഷ് എപ്പോഴും ആരെയോ പേടിച്ചു നടന്നു. ഒരു അരണ്ട മുഖഭാവമായിരുന്നു. പാന്റിട്ടേ വരൂ. അന്നത്തെ കാലത്ത് അദ്ധ്യാപകന്‍ പാന്റ് ധരിക്കുന്നത് അപൂര്‍വ്വമാണ്. വിദ്യാര്‍ത്ഥി സമരങ്ങള്‍, മുദ്രാവാക്യങ്ങളോടെ ക്ലാസ്സിന് മുന്നിലെത്തുമ്പോള്‍ മാഷ്,
ഇംഗ്ലീഷിന്റെ പ്രഭാകരന്‍ മാഷ് ഒരു പോക്കറ്റ് നിഘണ്ടു പാഠപുസ്തകത്തിനു പിറകില്‍ പിടിച്ചാണ് ക്ലാസില്‍ വരിക. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹം നിഘണ്ടു നോക്കി പറഞ്ഞതരും! ക്ലാസ് നിയന്ത്രിക്കാനുള്ള കഴിവ് അദ്ദേഹത്തിന് തീരെ ഉണ്ടായിരുന്നില്ല. പൂച്ചയും നായയും കഴുതയും കാളയുമൊക്കെ ക്ലാസില്‍ കരഞ്ഞു നടക്കുമ്പോള്‍ പ്രഭാകരന്‍മാഷ് നിഘണ്ടു ആയുധമാക്കി അടരാടുന്നുണ്ടാവും. ഒരു മലയാള ഹാസ്യനടന്റെ പേരില്‍ അറിയപ്പെട്ട മാഷ് വാസ്തവത്തില്‍ ഒരു പാവമായിരുന്നു.
ഹിന്ദിമാഷന്മാരുടെ പേരിനു പിന്നില്‍ ഒരു ജിയും കൂടി ചേര്‍ക്കുന്ന പതിവ് അന്നുണ്ടായിരുന്നു എന്നു തോന്നുന്നു. തൂവെള്ള ഖദര്‍ ജുബ്ബയും മുണ്ടും അണിഞ്ഞ് ഹിന്ദി പഠിപ്പിക്കാന്‍ വരുന്ന ഈ “ജി” മാഷിനും ആ കലമാത്രം അറിയാമായിരുന്നില്ല. മുന്നിലത്തെ ബഞ്ചുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കുപോലും കേള്‍ക്കാന്‍ പ്രയാസമുള്ള ഒരു ചോദ്യത്തില്‍ അദ്ദേഹം പാഠം നടത്തും. പത്താം തരം പാസ്സാവാന്‍ ഹിന്ദിക്ക് വേറെ ട്യൂഷനു പോകേണ്ടിവന്നു.
ഇനിയുമുണ്ട് മാതൃകാ വിദ്യാലയത്തിലെ അധ്യാപകര്‍. ജനുമാഷും വിമലടീച്ചറും തമ്മിലുള്ള പ്രണയം ഒരു പാട്ടാണ്. ഈ കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ജനുമാഷെ എങ്ങനെയാണ് സുന്ദരിയായ വിമലടീച്ചര്‍ ഇഷ്ടപ്പെട്ടത് എന്ന് പ്രണയമോഹങ്ങള്‍ മുളച്ചുതുടങ്ങിയ കാലത്ത് ഞങ്ങള്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു.
ഈ അധ്യാപകര്‍ കൈകാര്യം ചെയ്ത എല്ലാ വിഷയങ്ങളോടും ഞങ്ങള്‍ക്ക് ഭയവും ദേഷ്യവുമായിരുന്നു. ഇങ്ങനെയൊരു അവസ്ഥയിലാണ്, ദയനീയമായ അവസ്ഥയിലാണ്, സുമുഖനായ കുഞ്ഞിരാമന്‍ മാഷ് ( ശരിയായ പേര്) മലയാളം അധ്യാപകനായി ചുമതലയേല്‍ക്കുന്നത്. മാഷ് എപ്പോഴും ചിരിക്കുകയും ചിലപ്പോള്‍ ദേഷ്യപ്പെടുകയും കുട്ടികളോട് ലോഗ്യംപറയുകയും ക്ലാസില്‍ കവിത പാടുകയും ചെയ്തു.
വളരെയധികം ഊര്‍ജം പ്രസരിപ്പിച്ചു വന്ന മാഷ് ഒരു ദിവസം ക്ലാസില്‍ വന്ന് നമുക്കൊരു “കൈയ്യെഴുത്തു മാസിക തുടങ്ങണം” എന്ന് പ്രഖ്യാപിച്ചു. അപ്പോഴേക്കും ഒരു കഥാകൃത്തായി സ്വയം കരുതിയിരുന്ന ഞാന്‍ “അസ്തമനത്തിലെ ദു:ഖം” എന്ന ഒരു പ്രണയ കഥ എഴുതി കൊടുത്തു. മാഷുടെ കൈപ്പടയില്‍ത്തന്നെ ആ കൈയ്യെഴുത്തുമാസിക ഇറങ്ങി. കൂരിരുട്ടില്‍ തെളിഞ്ഞ നക്ഷത്രങ്ങളും കോളുള്ള സമുദ്രത്തില്‍ ദ്വീപുകളും ദു:ഖം മാറ്റാനായി ഒരു കാരണവും ഉണ്ടാകുമെന്ന കുമാരനാശാന്റെ വരികള്‍ ഓര്‍മ്മ വരുന്നു.
എങ്ങനെ ഒരു വിദ്യാലയവും അധ്യാപകരും ആവരുത് എന്ന ഒരു വിപരീതമാതൃകയായിരുന്നു മഹാനായ ഒരു മനുഷ്യന്‍ തന്റെ ജീവിതം കൊണ്ട് ഉണ്ടാക്കിയ ആ സ്‌കൂള്‍, അന്നത്തെ കാലത്ത്. പിന്നീട് പൂജ്യം ശതമാനം വിജയത്തിലേക്ക് കൂപ്പുകുത്തിയ ആ സ്‌കൂളിനെ മറ്റൊരു പ്രധാനാധ്യാപകനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നൂറു ശതമാനം വിജയത്തിലേക്ക് നയിച്ചു. ആ സ്‌കൂളിന്റെ കഥ കൂടി “മാണിക്യക്കല്ല്” എന്ന സിനിമക്ക് ആധാരമാണെന്ന് സംവിധായകന്‍ മോഹനന്‍ ഈയിടെ പറയുകയുണ്ടായി.
V S ANILKUMAR, KERALEEYAM, THALASSERY BRENNAN MODEL SCHOOL, SCHOOL LIFE
MALAYALAM ARTICLE