ഭരണഘടനയെ വെല്ലുവിളിച്ച് കലാപത്തിന് ശ്രമിച്ചാല്‍ ശശികലയായാലും സുരേന്ദ്രനായാലും നിയന്ത്രിക്കപ്പെടണം; മുണ്ടൂരില്‍ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
speech
ഭരണഘടനയെ വെല്ലുവിളിച്ച് കലാപത്തിന് ശ്രമിച്ചാല്‍ ശശികലയായാലും സുരേന്ദ്രനായാലും നിയന്ത്രിക്കപ്പെടണം; മുണ്ടൂരില്‍ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
വി.എസ് അച്യുതാനന്ദന്‍
Wednesday, 21st November 2018, 7:56 pm

സി.പി.ഐ.എം മണ്ഡലം കാല്‍നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

മ്മുടെ നാട് അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അധികാരവും ഫാസിസവും ചേര്‍ന്ന് നാടിനെ ഇരുണ്ട കാലത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും ഭരണഘടനയുമെല്ലാം നാള്‍ക്കുനാള്‍ പിച്ചിച്ചീന്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ട് സംഘപരിവാര്‍ ശക്തികള്‍ അരങ്ങത്തും അണിയറയിലും ഉറഞ്ഞു തുള്ളുകയാണ്.

അക്ഷരാര്‍ത്ഥത്തില്‍, ഒരു കൊള്ള സംഘമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ശരിക്കും വിലയിരുത്തിയാല്‍, മാഫിയാ ഭരണമല്ലേ ഇന്ത്യയില്‍ നടക്കുന്നത്? ചരക്ക്-സേവന നികുതിപോലുള്ള തട്ടിപ്പുകളിലൂടെ പാവപ്പെട്ട ജനങ്ങളുടെ സമ്പാദ്യമെല്ലാം കവര്‍ന്നെടുത്തു. എന്നിട്ടോ? വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ, നിതിന്‍ സന്ദേശരയെപ്പോലെ, വിക്രം കോത്താരിയെപ്പോലെ, മോദിയുടെയും ബി.ജെ.പിയുടെയും സ്വന്തക്കാരുടെ പോക്കറ്റില്‍ ആ പണം ഇട്ടുകൊടുത്ത് ഇന്ത്യയില്‍നിന്നും സുരക്ഷിതമായി വിദേശത്തേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നു. കേവലം അഞ്ഞൂറ് രൂപയുടെ കടം വീട്ടാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഈ നാടിന്റെ ഭരണാധികാരികളാണ്, പന്തീരായിരം കോടി രൂപ വെട്ടിച്ച നീരവ് മോദിയെ ഇന്ത്യയില്‍നിന്ന് സുരക്ഷിതമായി വിദേശത്തെത്തിച്ചത്. കോടികള്‍ വെട്ടിച്ച് വിദേശത്തേക്ക് കടത്തി രക്ഷപ്പെടുത്തിയവരുടെ ലിസ്റ്റ് പറഞ്ഞാല്‍ ഇന്നെനിക്ക് പ്രസംഗം അവസാനിപ്പിക്കാനാവില്ല.

രാജ്യത്തിന്റെ പൊതു ബജറ്റിനെക്കാള്‍ വലിയ തുകയാണ് ഈ കൊള്ള സംഘത്തിന്റെ കൈകളിലുള്ളത്. ഇവരാണ് ഇന്ത്യയുടെ സമ്പദ് ഘടന നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് വേണ്ടപ്പോള്‍ വേണ്ടത്ര പണം കടം വാങ്ങാം. തിരിച്ചടക്കാന്‍ ആരും നിര്‍ബ്ബന്ധിക്കില്ല. ഒടുവില്‍ അതെല്ലാം കിട്ടാക്കടമായി എഴുതിത്തള്ളും. ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപയാണ് കേന്ദ്രം അങ്ങനെ കിട്ടാക്കടമായി എഴുതിത്തള്ളിയത്.

കളവ് മുതലുമായി ഓടുന്ന മോദിയെ ചൂണ്ടി, കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചു കൂവിയാല്‍, നാണമില്ലാതെ തിരിഞ്ഞുനിന്ന് ഇളിച്ചു കാട്ടാനേ, 56 ഇഞ്ച് നെഞ്ചളവിന് കഴിയൂ. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാരെ ഓര്‍ത്ത്, ആരും ഒന്നും പറയരുതെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം. ആ ജവാന്‍മാരെയും മോദി റിലയന്‍സിന് വിറ്റിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേനക്കു വേണ്ടി വിമാനം വാങ്ങിയ വകയില്‍ മുക്കിയത് പതിനായിരക്കണക്കിന് കോടി രൂപയാണെന്ന ആക്ഷേപം വന്നിട്ടും, ബി.ജെ.പിക്ക് അനക്കമില്ല. ഒടുവില്‍ സുപ്രീംകോടതിയില്‍ വരെ നുണ പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിച്ചത്. കോടതി കണ്ണുരുട്ടിയപ്പോള്‍ മാത്രമാണ് വിമാന ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറായത്.

അദാനിയും അംബാനിയും മോദിമാരും അമിട്ട് ഷാജിമാരും എല്ലാം ചേര്‍ന്ന് നടത്തുന്ന ഈ തീവെട്ടിക്കൊള്ള ചര്‍ച്ചയാവാതിരിക്കാന്‍ വര്‍ഗീയ കാര്‍ഡിറക്കി, സംഘപരിവാര്‍ ശക്തികളെ ഉപയോഗിച്ച് സമാധാന അന്തരീക്ഷം കലക്കുകയാണ് ബി.ജെ.പി. എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും ദളിതരെയും ഇതര മതസ്ഥരെയും കൊന്നു തള്ളുന്നതിന്റെ ഉദാഹരണങ്ങള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നവരെ കൊന്നു തള്ളാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്ന സംഘടനകള്‍ വരെയുണ്ട് സംഘപരിവാറില്‍.

വര്‍ഗീയ ചേരിതിരിവുണ്ടാക്കി, ഭരണത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ രീതി. അതിനായി അവര്‍ക്ക് ക്ഷേത്രങ്ങളും പ്രതിമകളുമാണ് ആശ്രയം. അയോദ്ധ്യയിലെ രാമക്ഷേത്രം അത്തരമൊരു സംഗതിയാണ്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രാമക്ഷേത്രം പൊക്കിക്കൊണ്ടു വരും. വര്‍ഗീയതയുടെ ശക്തി വര്‍ധിപ്പിക്കും. എത്രമാത്രം വര്‍ഗീയ കാര്‍ഡിറക്കിയാലും കടന്നുവരാന്‍ പറ്റാത്ത കേരളത്തിലും ക്ഷേത്രാചാരങ്ങളുടെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണിവര്‍ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കി മാറ്റാന്‍ ഉന്നയിക്കുന്ന ന്യായം വിചിത്രമാണ്. അവിടെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുത് എന്നാണത്.

ആരാണ് ശബരിമലയിലെ ആചാര ലംഘകര്‍? മലയരയന്മാരില്‍നിന്ന് ശബരിമല തട്ടിയെടുത്തതു മുതല്‍ അവിടെ ആചാര ലംഘനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. പല ആചാരങ്ങളും കാലഹരണപ്പെട്ടിട്ടുണ്ട്. പഴയ ആചാരങ്ങള്‍ ഇല്ലാതാവുകയും പുതിയ ആചാരങ്ങള്‍ നിലവില്‍ വരികയും ചെയ്തതുകൊണ്ട്, ഭക്തജനങ്ങള്‍ അങ്ങോട്ട് വരാതിരിക്കുയല്ല ഉണ്ടായത്. കാലത്തിനൊത്ത് ആചാരങ്ങള്‍ പുതുക്കപ്പെടുന്നതിനനുസരിച്ച്, ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശബരിമലയിലെത്തുന്നു എന്നതാണ് വസ്തുത.

ഇപ്പോഴത്തെ പ്രശ്‌നം ഭരണഘടനാപരമാണ്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് ക്ഷേത്രദര്‍ശനം അനുവദിക്കണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചു. ഇന്ത്യന്‍ ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍, ആ വിധി അംഗീകരിക്കുകയല്ലേ വേണ്ടത്? ഇന്ത്യന്‍ ഭരണഘടനയോട് ബഹുമാനമില്ലാത്തവരോട് ഈ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലല്ലോ.

അവര്‍ ഈ വിധിയെ കണ്ടത് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി ആയിട്ടാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി കേരളത്തില്‍ ഭരണം പിടിക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ തീരുമാനിച്ചു. അതിനവര്‍ കണ്ടെത്തിയ ന്യായീകരണമാണ് ആചാര ലംഘനം. യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ആചാര ലംഘനമാണെന്ന വാദമുയര്‍ത്തി കലാപം ആരംഭിച്ചു. ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയുമെല്ലാം നിലപാട് വിധിക്ക് അനുകൂലമാണെന്ന് പ്രഖ്യാപിക്കപ്പെട്ടതാണ്. പക്ഷെ, കേരളത്തില്‍ പ്രതിഷേധം നയിക്കാന്‍ അവര്‍ കൈകോര്‍ക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, വിശ്വാസികളുടെ വിശ്വാസമല്ല, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേയുള്ളു. അയ്യപ്പന്‍ ബ്രഹ്മചാരിയാണോ, ആര്‍ത്തവം തൊട്ടുകൂടായ്മയാണോ എന്നതൊന്നുമല്ല, മറിച്ച്, ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണ് എന്ന് സ്ഥാപിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.

പെട്ടെന്നുണ്ടായ ഒരു ഉള്‍വിളിയുടെ അടിസ്ഥാനത്തിലായിരുന്നില്ല, ഭരണഘടനാ ബെഞ്ചിന്റെ വിധി. പന്ത്രണ്ട് വര്‍ഷം നീണ്ട വിചാരണകള്‍ക്കും, രണ്ട് അമിക്കസ് ക്യൂറി മാരുടെ വാദങ്ങള്‍ക്കും ശേഷമാണ് ആ വിധി വന്നത്. ഭക്തജന സംഘടനകള്‍, തന്ത്രിമാര്‍, പന്തളം രാജകുടുംബം, സര്‍ക്കാര്‍ എന്നിങ്ങനെയുള്ളവരുടെ വാദം വിശദമായി കേട്ട ശേഷമാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചത്.

കേസ് കൊടുത്തവര്‍ ബി.ജെ.പി സഹയാത്രികരാണ്. ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ്. അക്കാര്യം അവരുടെ കേന്ദ്ര നേതാക്കള്‍ പലവട്ടം ആവര്‍ത്തിച്ചതാണ്. കേരളത്തിലെ നേതാക്കളും ഇതേ നിലപാടുതന്നെയാണ് കൈക്കൊണ്ടിരുന്നത്. ശ്രീ. രാജഗോപാല്‍ ലേഖനമെഴുതി. ഇപ്പോള്‍ തടവില്‍ കിടക്കുന്ന സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. പക്ഷെ, നയമോ നിലപാടോ ഇല്ലാത്ത ബിജെപിക്ക് ഛര്‍ദ്ദിച്ചതെല്ലാം വിഴുങ്ങാന്‍ അധിക സമയം വേണ്ടിവന്നില്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന് പെട്ടെന്നൊരു ഉള്‍വിളിയുണ്ടാവുകയും ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി മുതലാക്കാന്‍ ഭക്തജനങ്ങളെ തെരുവിലിറക്കുകയും ചെയ്തു.

കോണ്‍ഗ്രസ്സിന്റെ കാര്യമാണ് കഷ്ടം. ഈ തീക്കളിയില്‍ അവര്‍ക്കാണ് നഷ്ടം. ബി.ജെ.പിയുടെയും എന്‍.എസ്.എസ്സിന്റെയും വാലായി ചെന്നിത്തല മാറരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കോണ്‍ഗ്രസ്സിന്റെ ആദ്യകാല ചരിത്രം ചെന്നിത്തല ഓര്‍ക്കുന്നത് നന്നായിരിക്കും. സുധാകരനെപ്പോലുള്ളവര്‍ തീവ്ര നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചു പോവുന്നത്. ആ ഒലിച്ചുപോക്ക് തുടങ്ങിക്കഴിഞ്ഞു.

ഇതിനിടയില്‍, വര്‍ഗീയതയുടെ രാസത്വരകമായി വര്‍ത്തിക്കുകയാണ് എന്‍.എസ്.എസ്. നായന്മാരെല്ലാം തന്റെ കാല്‍ക്കീഴിലാണ് എന്നാണ് അയാള്‍ വിചാരിക്കുന്നത്. 2011ല്‍ സമദൂരമായിരുന്നു, അവരുടെ ലൈന്‍. ഇപ്പോള്‍ ദൂരം കുറഞ്ഞിട്ടുണ്ട്. ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമിടയിലെ പാലമായി സുകുമാരന്‍ നായര്‍ അരങ്ങിലെത്തുകയാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ അദ്ദേഹം ക്ഷുഭിതനാണത്രെ. ബ്രാഹ്മണ മേധാവികളുടെ കാര്യസ്ഥന്റെ റോളിലാണ് താന്‍ എന്നാണ് സുകുമാരന്‍ നായരുടെ നിലപാട്. സുകുമാരന്‍നായരുടെ ഉള്ളിലിരിപ്പ് തുറന്നു കാട്ടപ്പെടണം.

ഇപ്പോള്‍ മാറ്റി മാറ്റി പറയുന്ന വാദങ്ങളെല്ലാം നിരര്‍ത്ഥകമാണ്. ആദ്യം പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം എന്നാണ്. പിന്നീടത് തിരുത്തി. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നാക്കി മാറ്റി. സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി കൊടുക്കണം എന്നാണ് സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍, ഈ പറയുന്നവര്‍ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ പോലും തയ്യാറായില്ല എന്നോര്‍ക്കണം.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്തതെന്താണ്? 2007 മുതല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഒരു നിലപാടുണ്ട്. ഒരു നിലപാടേ ഉള്ളു താനും. ആ നിലപാട് സ്ത്രീകളെ വിലക്കുന്നത് ശരിയല്ല എന്നുതന്നെയാണ്. എന്നാല്‍, ഇത്തരമൊരു വിഷയത്തില്‍, ഇടതുപക്ഷ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞില്ല. ആചാര വിദഗ്ധരുടെ ഒരു കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് വേണ്ടത് തീരുമാനിച്ചോട്ടെ എന്നും ഞങ്ങള്‍ കോടതിയെ ധരിപ്പിച്ചു. പക്ഷെ, അതിന്റെയൊന്നും ആവശ്യമില്ല, ഇപ്പോഴത്തെ ഈ ആചാരം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

ആ വിധി നടപ്പാക്കുകയല്ലാതെ, മറ്റെന്ത് ചെയ്താലും അത് നീതിക്ക് നിരക്കുന്നതല്ല. മാത്രവുമല്ല, പറഞ്ഞത് പിന്‍വലിച്ച്, ബി.ജെ.പിയെപ്പോലെ, അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവസരവാദ നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. ഇതൊരു ആചാരത്തിന്റെ പ്രശ്‌നമല്ല. ഭരണഘടനാ ബാദ്ധ്യതയുടെ പ്രശ്‌നമാണ്. ഭരണഘടനയെ വെല്ലുവിളിച്ച് കലാപത്തിന് ശ്രമിക്കുന്നവര്‍ ശശികലയായാലും സുരേന്ദ്രനായാലും നിയന്ത്രിക്കപ്പെടേണ്ടവരാണ്. അതല്ലാതെ, ശശികല യുവതിയാണെന്നതിനാലോ, സുരേന്ദ്രന് പുലയുണ്ട് എന്നതിനാലോ അല്ല, പൊലീസ് അവരെ തടഞ്ഞത്.

യഥാര്‍ത്ഥ ഭക്തരെ സംബന്ധിച്ച്, ഇതൊന്നും പ്രശ്‌നമേയല്ല. അവരെ ആചാരത്തിന്റെ പേരില്‍ വര്‍ഗീയമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഞങ്ങള്‍ സമരം ചെയ്യും എന്ന് പറയുന്നത് ഭക്തരല്ല, ബി.ജെ.പിയാണ്. ഹര്‍ത്താല്‍ നടത്തുന്നതും അക്രമം തുടരുന്നതും ബി.ജെ.പിയാണ്. അവരെ സംബന്ധിച്ചിടത്തോളം ആചാരങ്ങള്‍ക്ക് പുല്ല് വിലയാണ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ നിന്ന് ഉറഞ്ഞുതുള്ളുന്ന തില്ലങ്കേരിയെ നാം കണ്ടതാണ്. 41 ദിവസത്തെ വ്രതമെടുക്കാതെ, പുലയും വാലായ്മയും ഒന്നും നോക്കാതെ, ശബരിമലയില്‍ സമരം സംഘടിപ്പിക്കാന്‍ ചെല്ലുന്നവര്‍ക്ക് എന്ത് ആചാരം! മൂത്രമൊഴിച്ചും രക്തം വീഴ്ത്തിയും പത്തൊമ്പതാമത്തെ അടവുമായി മല കയറുന്നവരും, ആചാര സംരക്ഷകരാണത്രെ!

പ്രളയം തകര്‍ത്തെറിഞ്ഞ ശബരിമല ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. അതിന്റേതായ പരിമിതികളുടെ നടുവില്‍, വര്‍ഗീയ കലാപകാരികളുടെ പടപ്പുറപ്പാട് കൂടി നേരിടേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. ഇവരെ കയറൂരി വിട്ടാല്‍ കേരളം അവര്‍ കുട്ടിച്ചോറാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നവോത്ഥാന കേരളം നടന്നു കയറിയ പാതകള്‍ കാട് കയറാതെ സംരക്ഷിക്കാനുള്ള ബാദ്ധ്യതയാണ് കേരളം ഏറ്റെടുക്കേണ്ടത്. ജാതിഭേദമോ, മതദ്വേഷമോ ഇല്ലാതെ മാതൃകാ സ്ഥാനമായി വാഴേണ്ട ശബരിമലയെ ഹിന്ദു ക്ഷേത്രമാക്കാന്‍ ഹരജി കൊടുക്കുന്ന പുരോഗമന വിരുദ്ധരുടെ തനിനിറം പുറത്തു കൊണ്ടുവരികയാണ് അടിയന്തര കടമ.

നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ നാം ഇക്കാലമത്രയും മുന്നോട്ടാണ് നടന്നു നീങ്ങിയത്. ക്ഷേത്ര പ്രവേശനത്തിന് അര്‍ഹരല്ലാതിരുന്ന ദളിതര്‍ക്ക് ഇന്ന് ക്ഷേത്രങ്ങള്‍ അന്യമല്ല. മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത ഒരു വിഭാഗം കേരളത്തിലുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങളില്‍ പലര്‍ക്കും അത് മനസ്സിലാവുക പോലും ചെയ്യില്ല. പാമ്പിനും പഴുതാരയ്ക്കും പോലും ഇഴഞ്ഞു നീങ്ങാന്‍ തടസ്സമില്ലാത്ത വഴികളിലൂടെ, ദളിതര്‍ക്ക് നടക്കാന്‍ അവകാശമില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്നത് പുതിയ തലമുറയില്‍ പെട്ട പലര്‍ക്കും അത്ഭുതമായിരിക്കും.

ഏതൊരു സാമൂഹ്യ മാറ്റവും ചില ആളുകള്‍ വെച്ചനുഭവിച്ചുപോന്ന അവകാശാധികാരങ്ങളെ ഹനിക്കുക സ്വാഭാവികമാണ്. അതിനാല്‍ത്തന്നെ, ഇത്തരം തല്‍പ്പര കക്ഷികള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്യും. മിക്കവാറും ഇത്തരം പ്രതിഷേധങ്ങള്‍ ആചാര നിഷേധത്തിനെതിരാണെന്ന മട്ടിലാണ് അവതരിപ്പിക്കപ്പെടുക. ജാതിയുടേയും മതത്തിന്റേയും ആചാരത്തിന്റേയും സവര്‍ണ മേധാവിത്വത്തിന്റേയുമെല്ലാം പ്രതിനിധികളെ അണി നിരത്തിയാവും പ്രതിഷേധങ്ങള്‍.

ഈ കലാപങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പ് കുത്തുന്നതും, പെട്രോള്‍ വില കുതിച്ചുയരുന്നതും, കോടികളുടെ അഴിമതി നടത്തുന്നതും മറച്ചുവെക്കാമെന്ന ബി.ജെ.പിയുടെ വ്യാമോഹം അസ്ഥാനത്താണ്. ഇവിടെ കോടതികളുണ്ട്. പ്രതികരണശേഷിയുള്ള ജനങ്ങളുണ്ട്. അല്ലായിരുന്നെങ്കില്‍, റിസര്‍വ്വ് ബാങ്കടക്കം കൊള്ളയടിച്ച്, സി.ബി.ഐ എന്ന ഏജന്‍സിയെ കളിപ്പാവയാക്കി അദാനിമാരും അംബാനിമാരും മോദിമാരും ഇന്ത്യയില്‍ ചുടല നൃത്തം ചെയ്യുമായിരുന്നു. സുരേന്ദ്രന്‍മാരും ശശികലമാരും ചേര്‍ന്ന് കേരളത്തെ പ്രാചീന മനുസ്മൃതിയുടെ കാലത്തേക്ക് നയിക്കുമായിരുന്നു.

ജാഗ്രത വേണ്ട കാലഘട്ടമാണിത്. ഏകാഗ്രതയോടെ, വര്‍ഗീയ ഫാസിസ്റ്റുകളെ തുരത്താന്‍ അണിനിരക്കേണ്ട ഘട്ടമായിരിക്കുന്നു. കാലഘട്ടത്തിന്റെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കാന്‍ നടത്തുന്ന ഈ മണ്ഡലം കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി, നമസ്‌കാരം.