സാമ്പത്തിക സംവരണ ബില്ലിനെ വാഴ്ത്തുന്നവര്‍ വഞ്ചകര്‍; ബില്ല് മണ്ണപ്പമല്ല
Economic Reservation
സാമ്പത്തിക സംവരണ ബില്ലിനെ വാഴ്ത്തുന്നവര്‍ വഞ്ചകര്‍; ബില്ല് മണ്ണപ്പമല്ല
വി.എസ് അച്യുതാനന്ദന്‍
Saturday, 26th January 2019, 4:49 pm

 

സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമാക്കാന്‍ കൊളോണിയല്‍ ആധിപത്യത്തില്‍ നിന്ന് വിമോചനം നേടുന്നതിനോടൊപ്പം ജനാധിപത്യ സമൂഹം സൃഷ്ടിക്കുകയും കൂടി അവശ്യമായിരുന്നു. സ്വാതന്ത്ര്യം നേടാന്‍ ബ്രിട്ടിഷ് രാജിനെതിരായ വിമോചന പോരാട്ടം മാത്രമല്ല, ഇന്ത്യന്‍ ജനത നടത്തിയത്. ജാതീയമായ മര്‍ദ്ദനത്തെയും വിവേചനത്തെയും ജന്മിത്വചൂഷണ വ്യവസ്ഥയെയും തൊട്ടുകൂടായ്മയേയും മറ്റെല്ലാ സാമൂഹ്യ പിന്തിരിപ്പത്തത്തേയും ഇല്ലായ്മ ചെയ്തുകൊണ്ട് സാമൂഹ്യവിമോചനം നേടാനുള്ള പോരാട്ടത്തിന്റെ ധാരയും രൂപ്പെട്ടു. ഒരു വശത്ത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മറുവശത്ത് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഉത്ഭവവും വളര്‍ച്ചയുംസമാന്തരമായി സംഭവിച്ചു.

വാസ്തവത്തില്‍, രണ്ടു കടമകളും പരസ്പരബന്ധിതവും രണ്ട് പ്രസ്ഥാനങ്ങളുടെയും വിജയം പരസ്പരം ആശ്രയിക്കുന്നതുമായിരുന്നു. എന്നാല്‍, ഇവ തമ്മില്‍ ഇഴചേര്‍ക്കാന്‍ സ്വാതന്ത്ര്യസമര നേതൃത്വത്തിനോ, സാമൂഹ്യ നവോത്ഥാന നേതൃത്വത്തിനോ കഴിഞ്ഞില്ല. അതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.

ഒന്നാമതായി, സ്വാതന്ത്ര്യത്തിനായി ബ്രിട്ടിഷ് രാജിനെതിരെ സമരം ചെയ്യുന്നതിനാണ് കോണ്‍ഗ്രസ്സ് ഊന്നല്‍ നല്‍കിയത്. അപ്പോഴും, ജന്മിത്ത ചൂഷണത്തെയും അതിന്റെ സാമൂഹ്യഘടനയായ ജാതിയേയും തൊട്ടുകൂടായ്മയേയും ഉച്ചനീചത്വത്തേയും അതിനെയാകെ സംരക്ഷിച്ച നാടുവാഴിത്തത്തേയും ഉച്ചാടനം ചെയ്യാനുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറായില്ല. അതിനാല്‍, നാട്ടുരാജ്യങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നില്ല. മറിച്ച്, തൊഴിലാളി-കര്‍ഷക സഖ്യത്തിലൂന്നിക്കൊണ്ട് ഒരു വശത്ത് ബ്രിട്ടിഷ് രാജിനെയും മറുവശത്ത് ജാതി-ജന്മി-നാടുവാഴിത്തത്തെയും ഇല്ലാതാക്കാന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിട്ടു. ഇതിന് വേണ്ടി ബ്രിട്ടിഷ്-ഇന്ത്യയിലും നാട്ടുരാജ്യങ്ങളിലും ഒരുപോലെ പ്രവര്‍ത്തിച്ചു. ലക്ഷ്യത്തിന്റേയും പരിപാടിയുടേയും സംഘടനാലൈനിന്റെയും കാര്യത്തില്‍ നാട്ടുരാജ്യമെന്നോ കോളണിയല്‍ പ്രദേശമെന്നോ നോക്കാതെ സ്വാതന്ത്ര്യത്തിനും സാമൂഹ്യവിമോചനത്തിനും വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായിരുന്നു.

മറുവശത്ത്, സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളാകട്ടെ, ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണമേധാവിത്വത്തിന്റെയും അടിച്ചമര്‍ത്തലിനെതിരെ ശക്തമായി സമരരംഗത്ത് വന്നെങ്കിലും, ജന്മിത്തത്തിന് അറുതിവരുത്താന്‍ പ്രാപ്തമായ “കൃഷിഭൂമി കര്‍ഷകന്” എന്ന മുദ്രാവാക്യത്തിലേക്ക് വികസിച്ചില്ല. നാടുവാഴിത്തത്തിനെതിരായി ഉത്തരവാദിത്ത ഭരണത്തിന്റെയും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റേയും ഒപ്പം കൃഷിഭൂമി കര്‍ഷകന് എന്നതിനുകൂടി വേണ്ടി പൊരുതിയതും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയായിരുന്നു.

അതായത് സ്വാതന്ത്ര്യസമരം, സാമൂഹ്യ നവോത്ഥാനം എന്നീ രണ്ട് കടമകളെയും വര്‍ഗസമരത്തിന്റെ ഭാഗങ്ങളായി കാണാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു. അതിന് പാര്‍ട്ടിയെ പ്രാപ്തമാക്കിയത് വര്‍ഗ്ഗസമര ശാസ്ത്രവും, വര്‍ഗ്ഗസമരത്തിന്റെ ഭാഗങ്ങളായി രണ്ടു കടമകളേയും കാണാന്‍ തക്ക പരിപാടിപരമായ വീക്ഷണവുമായിരുന്നു. “നിലവിലെ സാമൂഹ്യവ്യവസ്ഥയുടെ തുടര്‍ച്ചയ്ക്കായി കൊളോണിയല്‍ വിരുദ്ധത” എന്നതോ, രാഷ്ട്രീയ അധികാരം നേടുന്നത് അവഗണിച്ച് “സാമൂഹ്യനീതിയും അവസരസമത്വവും” എന്നതോ പാര്‍ട്ടിക്ക് സ്വീകാര്യമായിരുന്നില്ല.

ഇതിന്റെ ജ്വലിക്കുന്ന സാക്ഷാല്‍ക്കാരങ്ങളാണ് പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായിതുടങ്ങി തൊഴിലാളിവര്‍ഗ്ഗത്തിന്റേയും കര്‍ഷകരുടേയും ചോരചിന്തിയ പോരാട്ടങ്ങളുടെ ചരിത്രം. തൊഴിലാളി-കര്‍ഷക സഖ്യത്തിലൂന്നി രാജ്യത്താകെ സാമൂഹ്യവിപ്ലവം സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ബോധപൂര്‍വ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ആ സമരപ്രക്ഷോഭങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്.

ദേശീയസ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യനീതിയുടേയും പ്രശ്‌നങ്ങളെ വിപ്ലവപരിപാടിയില്‍ ഇഴചേര്‍ത്ത അന്നു മുതല്‍ ഈ കാഴ്ച്ചപ്പാടോടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പരിഷ്‌ക്കാരങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാത്തരം അവകാശസമരങ്ങളെയും സമീപിച്ചത്. പരിഷ്‌കാരങ്ങളെ സാമൂഹ്യവിപ്ലത്തിനായുള്ള വര്‍ഗ്ഗസമരത്തിന്റെ അടവുപരമായ പടവുകളായി പാര്‍ട്ടി കണ്ടു. പിന്നീട്, ഈ വീക്ഷണം 1964 ല്‍ രൂപംകൊണ്ട സി.പി.ഐ.എം ന്റെ പരിപാടിയുടെ ജീവനാഡിയായി. തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ കാര്‍ഷികവിപ്ലവത്തെ ആധാരമാക്കിയുള്ള ജനകീയജനാധിപത്യ വിപ്ലവപരിപാടിയാണത്. ജാതി ഉച്ചനീചത്വങ്ങളെ ജാതി-ഉന്മൂലനത്തിലൂടെ തകര്‍ത്ത് തൊഴിലാളിവര്‍ഗ്ഗ ഐക്യം ഊട്ടിയുറപ്പിച്ച്, തൊഴിലാളിവര്‍ഗ്ഗ-കര്‍ഷക വര്‍ഗ്ഗസഖ്യത്തെ കേന്ദ്രശക്തിയാക്കി സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്ന ബൂര്‍ഷ്വാഭൂപ്രഭു ഭരണവര്‍ഗ്ഗ സഖ്യത്തിനെതിരായി സാമൂഹ്യവിപ്ലവമുന്നേറ്റം നടത്തുകയായിരുന്നു ലക്ഷ്യം. അതിനുതകുന്ന അടവുകള്‍ പ്രയോഗിച്ച് വിജയിക്കുക എന്നതാണ് 1964ല്‍ സി.പി.ഐ.എം സ്വീകരിച്ച പരിപാടിയും അടവുപരമായ ലൈനും. ഈ കാഴ്ച്ചപ്പാടിനനുസരിച്ചാണ് സംവരണനയവും
പാര്‍ട്ടി സ്വീകരിച്ചത്.

ജാതിവ്യവസ്ഥയിലൂടെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കായുള്ള അവകാശത്തിന്റെ ഭാഗമായ ആശ്വാസമാണ് സംവരണം. ഈ ആശ്വാസത്തിലൂടെ മാത്രം വിമോചനമുണ്ടാവില്ല; സമഗ്രമായ ഭൂപരിഷ്‌കരണമുള്‍പ്പെടെയുള്ള കാര്‍ഷിക വിപ്ലവത്തിലൂടെയേ അതിനാവൂ. അതിനാല്‍ സംവരണത്തെ ജാതി വേലികള്‍ ഉറപ്പിക്കാന്‍ വേണ്ടി, ജാതി വോട്ടു ബാങ്കുകളില്‍ കണ്ണുനട്ടു കൊണ്ട്, ഒരു പ്രതിലോമ
ആയുധമായി ഉപയോഗിക്കുന്നതിനെ ചെറുക്കണം. പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണ വിഷയത്തില്‍, ആ സമുദായങ്ങള്‍ക്കുള്ളില്‍ ഏറ്റവും ദരിദ്രര്‍ക്ക് മുന്‍ഗണന കിട്ടാവുന്ന തരത്തില്‍ മാത്രമേ ക്രീമിലെയര്‍ വേര്‍തിരിവ് ഉപയോഗിക്കാവൂ. അല്ലാതെ ക്രീമിലെയറുകാരെ മുച്ചൂടും സംവരണത്തിനുപുറത്താക്കുന്ന നയം പാടില്ല.

അന്‍പത് ശതമാനത്തില്‍ സംവരണം നിജപ്പെടുത്തിയ സുപ്രീം കോടതി വിധി പൊതു മാനദണ്ഡമാക്കണം. കാലങ്ങളായി അതിലേറെ സംവരണം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കു മാത്രമേ അതില്‍ ഇളവ് നല്‍കാവൂ. ദളിത് ക്രൈസ്തവര്‍ക്ക് കൂടി സംവരണം നല്‍കണം. ഇത്രയും കാര്യങ്ങള്‍ സുപ്രീം കോടതി വിധി വന്നശേഷം ചേര്‍ന്ന പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനിച്ചവയാണ്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് “ദ മാര്‍ക്‌സിസ്റ്റ്” എന്ന പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ എഴുതുകയുമുണ്ടായി.

“ഉത്തരാഖണ്ഡിലേതുപോലെ സവര്‍ണരെന്നു വിളിക്കപ്പെടുമ്പോഴും ഹീനമായ തൊഴിലുകള്‍ ചെയ്യുന്ന ചില ദരിദ്രവിഭാഗങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ വേണം.” അതാകട്ടെ, “ദേശീയ കൂടിയാലോചനകളിലൂടെ മാത്രമേ നടപ്പാക്കാവൂ.” എന്നാണ് അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഴുതിയത്. പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെ ഈ സുചിന്തിത നയത്തില്‍ നിന്നു കൊണ്ട് മോദി സര്‍ക്കാരും ഇതര ബൂര്‍ഷ്വാ പാര്‍ട്ടികളും കൈക്കൊള്ളുന്ന സമ്പത്തികസംവരണവാദത്തെ എതിര്‍ത്തു
തോല്‍പ്പിക്കുകയാണ് വേണ്ടത്.

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോറ്റു മണ്ണുകപ്പിയപ്പോള്‍, എങ്ങിനെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാനായി ഫാഷിസ്റ്റ് ആര്‍.എസ്.എസ് പുറത്തെടുക്കുന്ന മേല്‍ജാതി പ്രീണന ഗിമ്മിക്കുകളാണ് സവര്‍ണ്ണര്‍ക്കുള്ള സംവരണവും രാമക്ഷേത്ര നിര്‍മ്മാണവുമെല്ലാം. അത് മോദി സര്‍ക്കാരിന്റെ പതിനൊന്നാം മണിക്കൂര്‍ ബില്ലിന്റെ രൂപത്തിലാണ് അവതരിച്ചത്. ഒരുവിധ കൂടിയാലോചനയോ മുന്നറിയിപ്പോ ഇല്ലാതെ, മണ്ണപ്പം ചുടുന്നപോലെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമാണ് ബില്ല് കൊണ്ടുവന്നത്.

സി.പി.എം പോളിറ്റ് ബ്യൂറോ ഇക്കാര്യങ്ങളെ പൊതുവില്‍ ചൂിക്കാട്ടികൊണ്ട് പ്രസ്താവനയിറക്കുകയുണ്ടായി. സംവരണത്തിന്റെ ചാമ്പ്യന്‍മാരായി മേനി നടിച്ചിരുന്ന ബി.എസ്.പി, എസ്. പി, ആര്‍.ജെ.ഡി എന്നിങ്ങനെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ പൊടുന്നനെ ചെന്നായ വന്നാല്‍ ആട്ടിന്‍പറ്റം ചിതറിയോടുന്ന അവസ്ഥയിലായി. മോദി സര്‍ക്കാരിന്റെ ബില്ലിനെ പുകഴ്ത്തുന്നതില്‍ അവര്‍ മത്സരിച്ചു. ലോകസഭയില്‍ പാസ്സായ ബില്‍ രാജ്യസഭയിലെത്തിയപ്പോള്‍ ആം ആദ്മിയും ആര്‍.ജെ.ഡിയും മറ്റും ലോകസഭയില്‍ തങ്ങള്‍ക്ക് “കൈത്തെറ്റ് പറ്റി” യെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. അണ്ണാ ഡി.എംകെ.യും സി.പി.ഐയും ഇറങ്ങിപ്പോയി. ബില്‍ വെറും തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും സര്‍വ്വമാന ധനികസവര്‍ണ്ണരെയും സഹായിക്കും വിധത്തില്‍ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയാണ് കൊണ്ടു വന്നിരിക്കുന്നതെന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്നും സി.പി.ഐ.എം പ്രതിനിധി ചര്‍ച്ചയില്‍ ഉന്നയിക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും അതൊന്നും ചെവിക്കൊള്ളാനോ പരിഗണിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. ഈ ബില്‍ പാസ്സാക്കാനായി മാത്രം രാജ്യസഭ സമ്മേളനം ഒരു ദിവസം നീട്ടുകയായിരുന്നു. രണ്ടു സഭകളിലും പാസായ ബില്‍ എക്‌സ്പ്രസ് വേഗത്തില്‍ രാഷ്ട്രപതി ഒപ്പിട്ടു. ഉടനടി വിജ്ഞാപനം ഇറങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും
ചെയ്തു.

ജാതിഉന്മൂലനം ലക്ഷ്യമാക്കി കാര്‍ഷികവിപ്ലവത്തിലൂടെ വിമോചനം കാംക്ഷിക്കുന്ന ദളിത് ആദിവാസി പിന്നാക്ക ജാതികളില്‍ പെട്ട പാര്‍ശ്വവല്‍കൃത ജനതയ്ക്ക്‌നേരെ പതിയിരുന്നുള്ള ഒരു ചതിയാക്രമണമായിരുന്നു ഈ നിയമ നിര്‍മ്മാണം. ഈ ബില്ലിനെ പുകഴ്ത്തി വാഴ്ത്തിയവരെ വഞ്ചകരെന്ന് വേണം വിശേഷിപ്പിക്കാന്‍. സംവരണത്തെ അപ്പാടെ അട്ടിമറിക്കുന്ന ഈ നിയമത്തിനെതിരെ നിയമപരമായതടക്കമുള്ള എല്ലാ സമരങ്ങളും നടത്താന്‍ തൊഴിലാളിവര്‍ഗ്ഗ കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ശക്തികളും ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.