മനുഷ്യ ജീവന്‍ വെച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വാക്‌സിന്‍ കളി
Discourse
മനുഷ്യ ജീവന്‍ വെച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വാക്‌സിന്‍ കളി
വി.പി റജീന
Wednesday, 21st April 2021, 12:53 pm
രാജ്യമാസകലം പ്രതിദിനം അനേകം മനുഷ്യജീവനുകള്‍ അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തിലും വ്യവസായ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തിന് പിന്നിലെ അപകടങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് മാധ്യമപ്രവര്‍ത്തകയായ ലേഖിക

ജനങ്ങളുടെ ജീവിതവും ജീവനോപാധികളും വില്‍പനക്കുവെച്ചു കഴിഞ്ഞപ്പോള്‍ അടുത്തതായി ജീവന്‍ വെച്ചുള്ള കളിക്കിറങ്ങിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഈ മഹാമാരിയുടെ കാലത്ത് ഒരു സുതാര്യ കര്‍മപദ്ധതിയും ദീര്‍ഘവീക്ഷണവും ഇല്ലാതെ കഴിഞ്ഞ ദിവസം വാചക കസര്‍ത്ത് നടത്തിയ പ്രധാനമന്ത്രി അങ്ങനെ ചെയ്യുന്നത് ബോധപൂര്‍വമല്ലാതെ മറ്റൊന്നുമല്ല എന്നതിന് കൂടുതല്‍ ബലം പകരുന്നതാണ് ഏതാനും ദിവസങ്ങളായി ഈ രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍. അതിലേറ്റവും ഒടുവിലത്തേതാണ് കേന്ദ്രം പ്രഖ്യാപിച്ച പുതിയ വാക്‌സിന്‍ നയം. ഏറ്റവും അപകടകരമായ കളിയാണിത്. 136 കോടിയില്‍ ഭൂരിഭാഗത്തെയും ബഹുരാഷ്ട്ര മരുന്ന് ഭീമന്‍മാര്‍ക്ക് മരുന്ന് പരീക്ഷണത്തിന് വഴിയൊരുക്കിക്കൊടുക്കുന്നതെന്ന് പറയാന്‍ തക്ക കാരണങ്ങള്‍ ഉള്ളത്.

സംസ്ഥാനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിവക്ക് നേരിട്ട് നിര്‍മാതാക്കളില്‍ നിന്ന് ഡോസുകള്‍ വാങ്ങാന്‍ അനുവദിക്കുന്നതിനുള്ള വാക്‌സിനേഷന്‍ ഡ്രൈവ് ‘ഉദാരവല്‍ക്കരിച്ചു’കൊണ്ട് മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഇതിലെ അപകടം ശ്രദ്ധിക്കുക. വാക്‌സിന്‍ വില്‍പന ഉദാരവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. വാസ്തവത്തില്‍ ആരോടാണ് കേന്ദ്രം ഈ ഉദാരത കാണിക്കുന്നത് മഹാമാരിയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞുതീരുന്ന രാജ്യത്തെ പൗരന്‍മാരോടാണോ വാക്‌സിന്‍ വിതരണത്തിന് ഇന്ത്യയില്‍ മരുന്നു കമ്പനികള്‍ക്ക് വലിയൊരു വിപണി തുറന്നിട്ടുകൊണ്ടുള്ള ഉദാരതയാണിത്. ഇതിന്റെ സാമ്പത്തിക ബാധ്യതയാവട്ടെ എല്ലാ സംസ്ഥാന സര്‍ക്കാറുകളുടെയും പിടലിയില്‍ ഇട്ട് കേന്ദ്രം സുന്ദരമായി തടിയൂരുകയും ചെയ്തിരിക്കുന്നു.

പുതിയ നയം അനുസരിച്ച് വാക്‌സിന്‍ ദാതാക്കള്‍ വില സ്വയം പ്രഖ്യാപിക്കും. കേന്ദ്രം നല്‍കുന്ന വാക്‌സിനുകള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ പണം നല്‍കണം. അടുത്ത മാസം ആരംഭിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തില്‍, വാക്‌സിന്‍ നിര്‍മാതാക്കള്‍ അവരുടെ പ്രതിമാസ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ(സി.ഡി.എല്‍) 50 ശതമാനം ഡോസുകള്‍ കേന്ദ്ര സര്‍ക്കാരിന് വിതരണം ചെയ്യും. ബാക്കി 50 ശതമാനം ഡോസുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും. അത് ഓപ്പണ്‍ മാര്‍ക്കറ്റിലൂടെയാവും. വില നിയന്ത്രണമില്ലാതെ സംസ്ഥാനങ്ങള്‍ അവ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങണം.

പുറമെ, കേന്ദ്ര ഖജനാവില്‍ നിന്നുള്ള വാക്‌സിനുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ പണം നല്‍കണം. ജനങ്ങളുടെ ആരോഗ്യം സംസ്ഥാനത്തിന്റെ മാത്രം ബാധ്യത! ഈ നയം വലിയ തോതിലുള്ള കരിഞ്ചന്തയും പൂഴ്ത്തിവെപ്പിലേക്കും നയിക്കുമെന്നും വലിയൊരു വിഭാഗം വാക്‌സിന്‍ ലഭ്യതയില്‍ നിന്ന് പുറത്താവുമെന്നും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. വിവേചനപരവും നീതിരഹിതവും അപകടകരവുമായ നയരൂപവത്കരണത്തെ അവര്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വാക്‌സിന്‍ നയത്തിലെ വിവേചനത്തിനെതിരെ രംഗത്തുവന്നുവെങ്കിലും വിദേശകമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവില്‍ ഇവര്‍ക്കൊന്നും ഒരു ആശങ്കയും ഉള്ളതായി തോന്നിയില്ല.

ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ് വിദേശ വാക്‌സിന്‍ കമ്പനികള്‍ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാനുള്ള കേന്ദ്ര നീക്കം. വിദേശത്തുനിന്നുള്ള വാക്‌സിന്‍ രാജ്യത്ത് നിര്‍മിക്കപ്പെടുന്നവയുടെ വിലയുമായി അന്തരമുണ്ടാവാതിരിക്കാന്‍ ഇറക്കുമതി തീരുവയായ 10 ശതമാനം ഇളവു ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദേശ വാക്‌സിനുകള്‍ക്ക് നിലവില്‍ ഇറക്കുമതി തീരുവക്ക് പുറമെ 16.5 ശതമാനം ജി.എസ്.ടി, സാമൂഹികക്ഷേമ സര്‍ചാര്‍ജ് എന്നിവയും ഈടാക്കുന്നുണ്ട്. ഈ തുകകള്‍ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയേക്കാള്‍ വിദേശ വാക്‌സിനുകള്‍ക്ക് വില കൂടും.

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക്, മറ്റു നിര്‍മാതാക്കളായ മോഡേണയുടെയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെയും വാക്‌സിനുകള്‍ എന്നിവ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വന്‍ ഇറക്കുമതിക്ക് നയം ഉദാരമാക്കി വാക്‌സിന്‍ ക്ഷാമം ‘പരിഹരിക്കാന്‍’ കേന്ദ്രം തുനിയുന്നത്. ചൊവ്വാഴ്ച വൈകീട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള വാക്‌സിന്‍ കുത്തക മുതലാളിമാരുമായി യോഗം വിളിച്ചതിനുശേഷമാണ് നരേന്ദ്ര മോദി എട്ടരക്ക് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തതെന്നത് ശ്രദ്ധിക്കുക.

നിലവിലെ കടുത്ത വാക്‌സിന്‍ ക്ഷാമം അതേപടി നിലനിര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യം ഈ സന്ദര്‍ഭത്തിലെങ്കിലും ഉന്നയിക്കാതെ നിര്‍വാഹമില്ല. വാക്‌സിന്‍ ക്ഷാമത്തിന്റെ വാര്‍ത്തകള്‍ നിരന്തരം വരുമ്പോള്‍ തന്നെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വിവരം പുറത്തുവന്നത്. രാജ്യത്തെ നാല് പൊതുമേഖലാ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണത്. പൊതുമേഖലയിലുള്ള കമ്പനികളെ കോവാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കിയിരുന്നെങ്കില്‍ ഇന്നനുഭവപ്പെടുന്ന ക്ഷാമം വലിയൊരു പരിധി വരെ ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞത് ‘ഡൗണ്‍ ടു എര്‍ത്ത്’ മാഗസിന്‍ അസോസിയേറ്റ് എഡിറ്റര്‍ വിഭ വാര്‍ഷിയാണ്.

വിഭ വാര്‍ഷി

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണവും ലഭ്യതയുമായി ബന്ധപ്പെട്ട് അടുത്തിടെ ‘ഡൗണ്‍ ടു എര്‍ത്ത്’ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ ഭാഗമായി കണ്ടെത്തിയ കാര്യങ്ങള്‍ ‘മാതൃഭൂമി ഡോട്ട് കോമി’നോട് അവര്‍ പങ്കുവെച്ചത് വായിക്കാനിടയായി. അവരുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ തുറന്നിടുന്നുണ്ട്. ഇന്ത്യക്ക് വാക്‌സിന്‍ നിര്‍മാണ മേഖലയില്‍ മേല്‍ക്കൈ നേടിക്കൊടുത്തവയടക്കം നാലു പ്രമുഖ പൊതുമേഖല സ്ഥാപനങ്ങള്‍ ഹിമാചല്‍പ്രദേശില്‍ കസൗളിലുള്ള സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ ഗിണ്ടിയിലുള്ള ബി.സി.ജി വാക്‌സിന്‍ ലബോറട്ടറി, നീലഗിരിയിലെ കൂനൂരിലുള്ള പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലുള്ള എച്ച്.ബി.എല്‍. ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സ് എന്നിവ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല എന്നതാണ് അതില്‍ പ്രധാനം.

നിലവില്‍ രണ്ട് കമ്പനികളാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ഭാരത് ബയോടെക്കും. ബ്രിട്ടിഷ് – സ്വീഡിഷ് ബഹുരാഷ്ട്ര മരുന്നു നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക്കയുടെ സഹകരണത്തോടെയാണ് പൂനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ സ്വന്തം വാക്‌സിനായ കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ്.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് ഭാരത് ബയോടെക്കിന് വാക്‌സിന്‍ നിര്‍മ്മാണ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. എന്തുകൊണ്ട് ഐ.സി.എം.ആര്‍. ഈ ഒരു കമ്പനിയെ മാത്രം തെരഞ്ഞെടുത്തു എന്നത് വ്യക്തമല്ലെന്ന് വിഭ വാര്‍ഷ്‌നി ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പൊതുമേഖല കമ്പനികളെ പങ്കാളികള്‍ ആക്കേണ്ടിയിരുന്നുവെന്നും അതിന്റെ നിര്‍മാണത്തിലും വിതരണത്തിലും കൂടുതല്‍ സുതാര്യത ഉണ്ടാവേണ്ടതുണ്ടെന്നും വിഭ പറയുമ്പോള്‍ ആ വിഷയം ഏറ്റു പറയാന്‍ ഇന്ത്യാ മഹാരാജ്യത്ത് എത്ര പേര്‍ തയ്യാറാവും എന്നത് ഈ മഹാമാരിക്കാലത്തും ഒരു ചോദ്യമായി അവശേഷിക്കുകയാണ്.

യഥാര്‍ത്ഥ പ്രശ്‌നം എല്ലാവര്‍ക്കും ലഭിക്കാത്തത് മാത്രമല്ല, ലഭിക്കുന്ന വാക്‌സിന്റെ ഗുണ നിലവാരവും സുരക്ഷയും എത്രത്തോളമുണ്ട് എന്നതുകൂടിയാണ്. പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്ത്. വിശാലവും വൈവിധ്യമുള്ളതുമായ മനുഷ്യശരീര വിപണി തുറന്നുകിട്ടുന്നതിന് ബഹുരാഷ്ട്ര മരുന്ന് ഭീമന്‍മാര്‍ ഉന്നയിക്കുന്ന സുരക്ഷാ അവകാശവാദങ്ങള്‍ കണ്ണുംപൂട്ടി വിശ്വസിക്കാന്‍ മാത്രമേ നമ്മുടെ നാട്ടില്‍ ആളുകള്‍ ഉള്ളൂ എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം.

ഇവിടെയാണ് തദ്ദേശീയമായ വാക്‌സിന്‍ ഉല്‍പാദകര്‍ നിലനില്‍ക്കെ (വാക്‌സിന്‍ കയറ്റുമതിയുടെ പേരില്‍ ദേശീയത വിജ്രംഭിപ്പിച്ചു നിര്‍ത്തിയ അതേ സന്ദര്‍ഭമാണിത്) വിദേശ കുത്തകളെ ഇങ്ങോട്ട് ആനയിക്കുന്നതിനുള്ള നീക്കം ശക്തിപ്പെടുത്തുന്നത്. രാജ്യത്തിന്റെ ബഹുജന വാക്‌സിനേഷന്‍ പരിപാടി സ്വതന്ത്രവും സുതാര്യവും സാര്‍വത്രികവുമായിരിക്കണമെന്ന് പൗരന്‍മാരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത് വെറുതേ കേട്ടു തള്ളാനുള്ളതല്ല. അങ്ങനെയല്ലാത്ത ദുരൂഹമായ ഏതു വാക്‌സിനേഷന്‍ നയവും ചോദ്യം ചെയ്യുക എന്നത് പൗരന്റെ മൗലികാവകാശമാണ്. കാരണം, ജീവിതമല്ല. ജീവന്‍ കൊണ്ടുള്ള കളിയാണിത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VP Rajeena Writes about Centre’s new Vaccine Policy

വി.പി റജീന
മാധ്യമപ്രവര്‍ത്തക