ഐ.പി.എല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയുന്നതിന് മുമ്പ് മറ്റൊരിടത്ത് ഐ.പി.എല്ലിന് പകരം വെക്കാന്‍ പോന്ന ടോസ് വീഴുന്നു; സംഗതി കളറാണ്
Sports News
ഐ.പി.എല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയുന്നതിന് മുമ്പ് മറ്റൊരിടത്ത് ഐ.പി.എല്ലിന് പകരം വെക്കാന്‍ പോന്ന ടോസ് വീഴുന്നു; സംഗതി കളറാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th May 2025, 6:26 pm

വൈറ്റാലിറ്റി ടി-20 ബ്ലാസിറ്റിന്റെ പുതിയ സീസണിന് ഇന്ന് തുടക്കമാവുകയാണ്. കൗണ്ടി ടി-20 ടൂര്‍ണമെന്റിന്റെ 23ാം സീസണിനാണ് ഡബിള്‍ ഹെഡ്ഡര്‍ പോരാട്ടത്തോടെ നാന്ദി കുറിക്കുന്നത്. ടു ഡിവിഷന്‍ ഫോര്‍മാറ്റില്‍ 18 ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കും.

18 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നു എന്നതിനാല്‍ തന്നെ ഐ.പി.എല്ലിനേക്കാള്‍ കൂടുതല്‍ മത്സരങ്ങളും വൈറ്റാലിറ്റി ബ്ലാസ്റ്റിലുണ്ട്.

ഐ.പി.എല്ലില്‍ ഫൈനല്‍ അടക്കം 74 മത്സരങ്ങളാണ് കളിക്കുന്നതെങ്കില്‍ വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ കലാശപ്പോരാട്ടമടക്കം 133 മത്സരം കളിക്കും. മെയ് 29ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് സെപ്റ്റംബര്‍ 13നാണ്.

ഒമ്പത് ടീമുകള്‍ വീതമുള്ള നോര്‍ത്ത്, സൗത്ത് എന്നീ ഗ്രൂപ്പുകളിലായാണ് 18 ടീമുകള്‍ ഇടം പിടിച്ചിരിക്കുന്നത്. ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ കളിക്കും. ഏഴ് മത്സരങ്ങള്‍ ഹോം ഗ്രൗണ്ടിലും ഏഴെണ്ണം എതിരാളികളുടെ തട്ടകത്തിലുമെത്തിയാണ് കളിക്കുക.

ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം പോയിന്റ് നേടുന്ന നാല് ടീമുകളായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടുക. സെപ്റ്റംബര്‍ അഞ്ച് മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

വൈറ്റാലിറ്റി ബ്ലാസ്റ്റ് 2025 ടീമുകള്‍

സൗത്ത് ഗ്രൂപ്പ്

കെന്റ് / കെന്റ് സ്പിറ്റ്ഫയേഴ്‌സ്

മിഡില്‍സെക്‌സ്

സോമര്‍സെറ്റ്

സറേ

സസക്‌സ് / സസക്‌സ് ഷാര്‍ക്‌സ്

ഗ്ലാമോര്‍ഗണ്‍

എസെക്‌സ് / എസെക്‌സ് ഈഗിള്‍സ്

ഗ്ലോസ്റ്റര്‍ഷെയര്‍

ഹാംഷെയര്‍ / ഹാംഷെയര്‍ ഹോക്‌സ്

നോര്‍ത്ത് ഗ്രൂപ്പ്

നോട്ടിങ്ഹാംഷെയര്‍ / നോട്ട്‌സ് ഔട്ട്‌ലോസ്

നോര്‍താംപ്ടണ്‍ഷെയര്‍ / നോര്‍തന്റ്‌സ് സ്റ്റീല്‍ബാക്‌സ്

ഡെര്‍ബിഷെയര്‍ /ഡെര്‍ബിഷെയര്‍ ഫാല്‍ക്കണ്‍സ്

വോര്‍സ്റ്റര്‍ഷെയര്‍ / വോസ്റ്റര്‍ഷെയര്‍ റാപിഡ്‌സ്

ലങ്കാഷെയര്‍ / ലങ്കാഷെയര്‍ ലൈറ്റ്‌നിങ്

ലെസ്റ്റര്‍ഷെയര്‍ /ലെസ്റ്റര്‍ഷെയര്‍ ഫോക്‌സസ്

യോര്‍ക്‌ഷെയര്‍ / യോര്‍ക്‌ഷെയര്‍ വൈക്കിങ്‌സ്

ദുര്‍ഹാം

വാര്‍വിക്‌ഷെയര്‍ / ബെര്‍മിങ്ഹം ബെയേഴ്‌സ്

ഡബിള്‍ ഹെഡ്ഡറോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. എല്ലാ ദിവസവും ഒന്നിലധികം മത്സരങ്ങളുണ്ട് എന്നതും വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ പ്രത്യേകതയാണ്.

സൗത്ത് ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ മിഡില്‍സെക്‌സ് സസക്‌സ് ഷാര്‍ക്‌സിനെ നേരിടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സാണ് വേദി. ഇന്ത്യന്‍ സമയം രാത്രി 10.45നാണ് മത്സരം ആരംഭിക്കുന്നത്.

കഴിഞ്ഞ സീസണില്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും രണ്ടാമതായി സസക്‌സ് മുമ്പോട്ട് കുതിച്ചിരുന്നു. 14 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും അഞ്ച് തോല്‍വിയുമായി 18 പോയിന്റാണ് ഷാര്‍ക്‌സിനുണ്ടായിരുന്നത്.

അതേസമയം, സൗത്ത് ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ എട്ടാമതായിരുന്നു മിഡില്‍സെക്‌സിന്റെ സ്ഥാനം. അവസാന സ്ഥാനത്തുള്ള കെന്റ് സ്പിറ്റ്പയേഴ്‌സിന്ക്കാള്‍ ഒരു വിജയം കുറവായിരുന്നെങ്കിലും മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചതോടെയാണ് മിഡില്‍സെക്‌സ് എട്ടാമതെത്തിയത്. കഴിഞ്ഞ സീസണിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് മുമ്പോട്ട് കുതിക്കാന്‍ തന്നെയാകും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ രാജാക്കന്‍മാര്‍ കച്ചമുറുക്കുന്നത്.

നോര്‍ത്ത് ഗ്രൂപ്പില്‍ ലങ്കാഷെയര്‍ ലൈറ്റ്‌നിങ് – വോര്‍സ്റ്റര്‍ഷെയര്‍ റാപിഡ്‌സ് മത്സരവും ഇന്ന് നടക്കുന്നുണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തിന് 11 മണിക്ക് ടോസ് വിഴും.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായി ലൈറ്റ്‌നിങ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. 14 മത്സരത്തില്‍ നിന്നും ഏഴ് ജയവും നാല് തോല്‍വിയുമടക്കം 17 പോയിന്റാണ് ടീമിനുണ്ടായിരുന്നത്.

പട്ടികയിലെ എട്ടാം സ്ഥാനക്കാരായിരുന്നു റാപിഡ്‌സ്. 14 മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് കഴിഞ്ഞ സീസണില്‍ വോര്‍സ്റ്റര്‍ഷെയര്‍ നേടിയത്.

നാളെ നാല് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗ്ലോസ്റ്റര്‍ഷെയര്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നതും നാളെയാണ്. കെന്റ് സ്പിറ്റ്പയേഴ്‌സാണ് എതിരാളികള്‍. ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം.

 

Content Highlight: Vitality Blast 2025 will start today