| Friday, 7th August 2026, 6:00 pm

മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതല്‍ അല്ല... കുറച്ച് പ്രണയവും കുറെ ഫീല്‍ ഗുഡുമായി വിശ്വനാഥ് ആന്‍ഡ് സണ്‍സ് ട്രെയ്‌ലര്‍

അമര്‍നാഥ് എം.

ഓഗസ്റ്റില്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. കറുപ്പിന്റെ ചരിത്രവിജയത്തിന് ശേഷം സൂര്യ നായകനായെത്തുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു. സമീപകാലത്ത് സൂര്യയെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ച അപ്‌ഡേറ്റുകളായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റേത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെ വന്ന അപ്‌ഡേറ്റുകള്‍ ശരിവെക്കുന്ന തരത്തില്‍ ഫീല്‍ ഗുഡ് ഴോണറിലൊരുങ്ങുന്ന ചിത്രമാണ് ഇതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. കഥയെക്കുറിച്ച് ഏകദേശരൂപവും ട്രെയ്‌ലറില്‍ പറഞ്ഞുവെക്കുന്നുണ്ട്. സൂര്യ അവതരിപ്പിക്കുന്ന സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയും അയാളുടെ മകനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

തന്റെ മകനായ അഭ്യങ്കറിന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്യേണ്ടി വരുന്നതും അതിനായി ഒരു ഡോണറെ അന്വേഷിക്കുകയും ചെയ്യുന്ന സഞ്ജയ് വിശ്വനാഥായാണ് സൂര്യ വേഷമിടുന്നത്. ഡോണറായി മാഡി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. സര്‍ജറിക്ക് മുമ്പ് സഞ്ജയ്‌യുടെ വീട്ടിലേക്കെത്തുന്ന മാഡിക്ക് അയാളോട് തോന്നുന്ന പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ.

20കാരിയായ മാഡിയും 40കാരനായ സഞ്ജയ്‌യും തമ്മിലുള്ള പ്രണയം സംവിധായകന്‍ പ്രേക്ഷകരിലേക്ക് എങ്ങനെയെത്തിക്കുമെന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. ഒന്ന് പാളിയാല്‍ അങ്ങേയറ്റം ട്രോള്‍ മെറ്റീരിയലായേക്കാവുന്ന സബ്ജക്ടാണിതെന്നും വെങ്കി അട്‌ലൂരിയില്‍ പ്രതീക്ഷയുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

ഫീല്‍ ഗുഡിനൊപ്പം ചില ഫണ്ണി മൊമന്റുകളും ചിത്രത്തിലുണ്ടെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. ഗുണയിലെ ‘മനിതര്‍ ഉണര്‍ന്തു കൊള്ള’ എന്ന പാട്ടും ട്രെയ്‌ലറിനൊടുവില്‍ വരുന്ന ചന്ദ്രമുഖി റഫറന്‍സും നല്ലതായിരുന്നു. ഇതിനൊപ്പം ആരാധകര്‍ക്ക് കൈയടിക്കാന്‍ ചില ആക്ഷന്‍ ബ്ലോക്കുകളും വിശ്വനാഥ് ആന്‍ഡ് സണ്‍സിലുണ്ട്.

പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബോക്‌സ് ഓഫീസിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സൂര്യക്ക് സാധിക്കും. 13 വര്‍ഷമായി നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്നതിന് ശേഷം കറുപ്പിലൂടെയാണ് താരം തിരിച്ചുവന്നത്. കറുപ്പിന്റെ വിജയം വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ ആവര്‍ത്തിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സൂര്യക്കും മമിതക്കും പുറമെ രാധിക ശരത്കുമാര്‍, സുനില്‍ റെഡ്ഡി, രവീണ ടണ്ടന്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഓഗസ്റ്റ് 14ന് വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകളിലെത്തും.

Content Highlight: Viswanath and Sons trailer out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more