| Wednesday, 9th April 2025, 11:51 am

വിഷുവിന് വീട്ടിൽ ഇരുന്ന് പൊളി പൊളിക്കാം, വരാനിരിക്കുന്നത് വമ്പൻ ചിത്രങ്ങൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷു റിലീസായി തിയേറ്ററിൽ എത്താൻ പോകുന്നത് ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ്, ഗുഡ് ബാഡ് അഗ്ലി എന്നീ സൂപ്പർ ചിത്രങ്ങളാണ്. എന്നാൽ തിയേറ്ററിൽ മാത്രമല്ല ഒ.ടി.ടിയിലും ഒരുപിടി നല്ല ചിത്രങ്ങളാണ് വരാൻ പോകുന്നത്. പൈങ്കിളി, മച്ചാൻ്റെ മാലാഖ, ദാവീദ്, പ്രാവിൻകൂട് ഷാപ്പ്, ബ്രൊമാൻസ്, ഛാവ എന്നീ ചിത്രങ്ങളാണ് വിവിധ പ്ലാറ്റ്ഫോമുകളിലായിട്ട് ഒ.ടി.ടിയിലെത്തുന്നത്.

ഏതൊക്കെ സിനിമകൾ എവിടെയൊക്കെയാണ് സ്ട്രീമിങ് ചെയ്യുന്നതെന്ന് നോക്കാം.

പൈങ്കിളി

ശ്രീജിത്ത് ബാബുവിൻ്റെ സംവിധാനത്തിൽ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് പൈങ്കിളി. തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് ആവേശത്തിൻ്റെ ഡയറക്ടറായ ജിത്തു മാധവനാണ്. ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം ഈ മാസം 11ന് മനോരമ മാക്സിലൂടെ ഒ.ടി.ടിയിൽ എത്തും.

മച്ചാൻ്റെ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തി ബോബൻ സാമുവൽ സംവിധാനം ചെയ്ത സിനിമയാണ് മച്ചാന്റെ മാലാഖ. ചിത്രം ഏപ്രിൽ 11ന് സൈന പ്ലേയിലൂടെ കാണാം. മനോരമാ മാക്സ് സൈന പ്ലേ എന്നിവരാണ് സിനിമയുടെ സ്ട്രീമിങ് പാർട്ണേഴ്സ്.

ദാവീദ്

ദീപു രാജീവൻ, ഗോവിന്ദ് വിഷ്ണു എന്നിവർ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ദാവീദ്. എബി അലക്സ് എബ്രഹാം, ടോം ജോസഫ്, സെഞ്ച്വറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. ആൻ്റണി വർഗീസ്, ലിജോമോൾ ജോസ്, വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെല്ലസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ഏപ്രിൽ 18ന് സീ5ലൂടെ സ്ട്രീമിങ് ആരംഭിക്കും. ഫ്രെബ്രുവരി 14നായിരുന്നു ചിത്രം തിയേറ്റർ റിലീസ് ചെയ്തത്.

പ്രാവിൻകൂട് ഷാപ്പ്

ബേസിൽ ജോസഫും സൗബിൻ ഷാഹി‍‍റും ഒരുമിച്ചെത്തിയ പ്രാവിൻകൂട് ഷാപ്പ് ഏപ്രിൽ 11ന് സോണി ലിവിലൂടെ ഒ.ടി.ടിയിൽ എത്തുകയാണ്. ചെമ്പൻ വിനോദ് ജോസ്, ചാന്ദിനി ശ്രീധരൻ, ശബരീഷ് വർമ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ശ്രീരാജ് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത സിനിമാണിത്. അൻവർ റഷീദ് എൻ്റർടൈൻമെൻ്റിലൂടെ അൻവർ റഷീദാണ് ചിത്രം നിർമിച്ചത്. 2025 ജനുവരി 16നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ബ്രൊമാൻസ്

അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് ഈ മാസം തന്നെ ഒ.ടി.ടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജിയോഹോട്ട്‌സ്റ്റാറാണ് സ്ട്രീമിങ് പാട്ട്ണർ. 18+, ജോ ആന്‍റ് ജോ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അരുൺ ഡി. ജോസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിച്ചത്. മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛാവ

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ചിത്രമാണ് ഛാവ. ഹിസ്റ്റോറിക്കൽ ആക്ഷൻ പശ്ചാത്തലം കാണിക്കുന്ന ചിത്രം ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്തതാണ്. വലിയ ബഡ്ജറ്റിലൊരുങ്ങിയ ഛാവ ഇന്ത്യയിൽ നിന്ന് 600 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Content Highlight: Vishu OTT Release Films, Where to Watch the Films

Latest Stories

We use cookies to give you the best possible experience. Learn more