സര്‍ജറി കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കുമ്പോള്‍ ആദ്യം കണ്ടത് മമ്മൂക്കയെ, എനിക്ക് വേണ്ടി അദ്ദേഹം ഹൈദരാബാദിലെ ഷൂട്ട് നിര്‍ത്തിവെച്ച് വന്നു: വിഷ്ണു ഉണ്ണികൃഷ്ണന്‍
Malayalam Cinema
സര്‍ജറി കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കുമ്പോള്‍ ആദ്യം കണ്ടത് മമ്മൂക്കയെ, എനിക്ക് വേണ്ടി അദ്ദേഹം ഹൈദരാബാദിലെ ഷൂട്ട് നിര്‍ത്തിവെച്ച് വന്നു: വിഷ്ണു ഉണ്ണികൃഷ്ണന്‍
അമര്‍നാഥ് എം.
Tuesday, 12th May 2026, 11:18 am

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് പിന്നീട് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായി ഒന്നോ രണ്ടോ സീനില്‍ മാത്രം മിന്നിമറഞ്ഞ വിഷ്ണു പിന്നീട് വലിയ വേഷങ്ങളിലേക്കും ചുവടുമാറ്റി. കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് വിഷ്ണു തെളിയിച്ചു.

നായകനായി പിന്നീട് നിരവധി സിനിമകളില്‍ വിഷ്ണു ഭാഗമായിട്ടുണ്ട്. സ്വാഭാവികമായ ഡയലോഗ് ഡെലിവറിയും നര്‍മവുമാണ് വിഷ്ണുവിന്റെ പ്രത്യേകത. മിമിക്രി പാരമ്പര്യത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം റിവോള്‍വര്‍ റിങ്കോ തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ വിഷ്ണു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍.

2022ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ വിഷ്ണുവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. വെടിക്കട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് വിഷ്ണുവിന് പൊള്ളലേറ്റത്. കൈക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടി വന്നെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുഭവം മറക്കാനാകില്ലെന്ന് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഷെഫ് നളനുമായി സംസാരിക്കുകയായിരുന്നു താരം.

‘ഹോസ്പിറ്റലിലെത്തിച്ച സമയത്ത് നാദിര്‍ഷ ഇക്ക അവിടെ എത്തിയിരുന്നു. പുള്ളി എന്റെ കൂടെത്തന്നെ നിന്നു. ‘ഒന്നുമില്ലെടാ, ഒരു കുഴപ്പവുമില്ല’ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. എന്നിട്ട് പുള്ളി എന്റെ നെറ്റിയില്‍ കൈവെച്ചു. ആ സമയത്ത് എന്റെ ശരീരത്തില്‍ നല്ല തണുപ്പ് ഫീല്‍ ചെയ്തു. ചെറിയ സര്‍ജറി വേണമെന്ന് ഹോസ്പിറ്റലുകാര്‍ പറഞ്ഞതുകൊണ്ടാണ് സര്‍ജറി ചെയ്തത്.

സര്‍ജറി കഴിഞ്ഞ് റൂമിലേക്ക് മാറ്റി, എല്ലാം കഴിഞ്ഞ് ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ വാതിലിന്റെ അടുത്ത് നല്ല പരിചയമുള്ള ഒരു രൂപം. നോക്കുമ്പോള്‍ മമ്മൂക്ക. എനിക്ക് ഇതുപോലെ പറ്റി എന്നറിഞ്ഞപ്പോള്‍ ഹൈദരാബാദില്‍ നിന്ന് എന്നെ കാണാന്‍ വേണ്ടി വന്നതായിരുന്നു. പുള്ളി അവിടെ ഷൂട്ടിലായിരുന്നു. അത് പകുതിക്ക് വെച്ച് നിര്‍ത്തിയിട്ടാണ് എന്നെ കാണാന്‍ വന്നത്.

‘എന്താടാ’ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കുറച്ച് പേടിച്ചിട്ട് കൈ പൊള്ളിയതാണ് എന്ന് പറഞ്ഞു. ഒന്ന് മൂളിയ ശേഷം ‘വേദനയുണ്ടോടാ’ എന്നും ചോദിച്ചു. ഇപ്പോള്‍ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. പിന്നെയും കുറെ സംസാരിച്ചു. ‘സാരമില്ല, ഈ പടമല്ലെങ്കില്‍ വേറെ പടം നമുക്ക് ചെയ്യാം’ എന്നും മമ്മൂക്ക പറഞ്ഞു. അത് വല്ലാത്തൊരു അനുഭവമായിരുന്നു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

Content Highlight: Vishnu Unnikrishnan shares his hospital experience after he got fire accident

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം