| Thursday, 6th March 2025, 1:38 pm

സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സിനിമകളുടെ പൊളിറ്റിക്സ് ഈ സീരീസ് കാണുമ്പോൾ ഒന്നുകൂടി ആലോചിക്കേണ്ടി വരും: വിഷ്ണു രാഘവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ റിലീസ് ചെയ്ത വെബ് സീരീസാണ് ലവ് അണ്ടര് കണ്സ്ട്രക്ഷന്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വെബ്സീരീസിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീരജ് മാധവ്, അജു വർഗീസ്, ഗൗരി കിഷൻ എന്നിവരാണ് പ്രധാന കഥാപാത്രമായി അഭിനയിച്ചത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിർമാണം നടക്കുന്ന വീടും പ്രണയവുമാണ് ഇതിൽ സൂചിപ്പിക്കുന്നത്. ഇപ്പോൾ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ പൊളിറ്റിക്സ് ഈ സീരീസ് കാണുമ്പോൾ ഒന്ന് കൂടി ആലോചിക്കേണ്ടി വരുമെന്ന് വിഷ്ണു ജി. രാഘവ്. ഐ ആം വിത്ത് ധന്യ വർമ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം വ്യക്തമാക്കിയത്.

‘ഒരുപാട് സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ളതും പണ്ട് ഒരുപാട് കണ്ടിട്ടുള്ളതുമായ സിനിമകളുടെ രാഷ്ട്രീയം ഒന്ന് ആലോചിക്കേണ്ടി വരും. എന്നുവച്ച് അന്ന് ആ സിനിമ തെറ്റാണെന്നല്ല. അന്നത് ഓക്കെയാണ്. എന്നാൽ അതേ സിറ്റുവേഷൻസ് ഇന്ന് 2025ൽ നടക്കുകയാണെങ്കിൽ ഇതൊന്നുമായിരിക്കില്ല ഇവിടെ നടക്കാൻ പോകുന്നത്. അതേ കഥാപാത്രങ്ങൾ, അതേ സാഹചര്യം ഒക്കെയായിരിക്കും. എന്നാൽ ആളുകളുടെ ചിന്തകൾ മാറി,’ വിഷ്ണു പറഞ്ഞു.

സീരീസിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുത്തത് ഓഡീഷൻ വഴിയാണെന്നും വിഷ്ണു പറയുന്നുണ്ട്.

‘ഒരു മാസത്തോളം അന്വേഷിച്ചു. കൊള്ളാവുന്ന എല്ലാവരെയും വിളിച്ച് ട്രൈ ചെയ്തു. രണ്ട് മാസത്തോളം ഇപ്പോഴുള്ളവർ തന്നെ സീൻ ചെയ്ത് നോക്കി. ഷൂട്ടിന് വരുന്നതിന് മുമ്പ് തന്നെ എല്ലാ സീനുകളും ഇവർക്ക് അറിയാമായിരുന്നു,’ വിഷ്ണു രാഘവ് പറയുന്നു.

വിനോദ് എന്ന കഥാപാത്രത്തിനെ നീരജും പപ്പൻ എന്ന കഥാപാത്രത്തിനെ അജുവും അവതരിപ്പിക്കുന്നു. ആൻ ജമീല സലിം, ഗംഗാ മീര, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, സഹീർ മുഹമ്മദ്, തങ്കം മോഹൻ എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്. ജിയോ ഹോട്ട്സ്റ്റാർ വന്നതിന് ശേഷം വരുന്ന ആദ്യത്തെ മലയാളം സിരീസും കൂടിയാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ.

Content Highlight: Vishnu Raghav about Love Under Construction series

We use cookies to give you the best possible experience. Learn more