| Saturday, 7th June 2025, 3:19 pm

കണ്ണപ്പയില്‍ രജിനി സാറിനും ഒരു വേഷമുണ്ടായിരുന്നു, ആ ഒരു കാരണം കൊണ്ട് അദ്ദേഹത്തെ സമീപിച്ചില്ല: വിഷ്ണു മഞ്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. പുരാണത്തിലെ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന പീരിയോഡിക് ആക്ഷന്‍ ത്രില്ലറില്‍ നായകനായെത്തുന്നത് വിഷ്ണു മഞ്ചുവാണ്. തെലുങ്കിലെ പഴയകാല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബുവിന്റെ മകനാണ് വിഷ്ണു മഞ്ചു. ചിത്രത്തില്‍ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനും ഒരു വേഷം തങ്ങള്‍ മാറ്റിവെച്ചിരുന്നെന്ന് പറയുകയാണ് വിഷ്ണു മഞ്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം സിനിമക്ക് വലിയ മൈലേജ് നല്‍കുമായിരുന്നെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. തന്റെ അച്ഛന്റെ കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന വേഷമായിരുന്നു അതെന്നും എന്നാല്‍ സിനിമയുടെ റൈറ്റേഴ്‌സ് ആ സമയത്ത് ഒരു കാര്യം പറഞ്ഞിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

രജിനികാന്തിന്റെ കഥാപാത്രത്തിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടി വരുമെന്നും അങ്ങനെ ചെയ്താല്‍ കഥ മറ്റൊരു വഴിക്ക് പോകുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും വിഷ്ണു പറയുന്നു. കഥ അതിനനുസരിച്ച് വലുതാകുമെന്നും അതിനുള്ള സമയം സിനിമയിലുണ്ടാകില്ലെന്നും താരം പറഞ്ഞു. അക്കാരണം കൊണ്ട് തങ്ങള്‍ ആ ചിന്ത ഉപേക്ഷിച്ചെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. കണ്ണപ്പയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘കണ്ണപ്പയില്‍ ഞങ്ങള്‍ രജിനികാന്ത് സാറിനും ഒരു വേഷം പരിഗണിച്ചിരുന്നു. വളരെ ശക്തമായ ഒരു വേഷം തന്നെയായിരുന്നു അത്. സിനിമക്ക് അത് വലിയ മൈലേജ് നല്‍കുമെന്ന് ഉറപ്പായിരുന്നു. എന്റെ അച്ഛന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന ഒരു വേഷമായിരുന്നു അത്. എന്നാല്‍ ആ ക്യാരക്ടറിന്റെ കാര്യത്തില്‍ റൈറ്റേഴ്‌സ് ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു.

രജിനി സാറിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ കഥ കുറച്ചുകൂടി വലുതാകും. കഥ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് പോകുമെന്നും അത് സിനിമയെ കുറച്ചുകൂടി വലുതാക്കുമെന്നും അവര്‍ പറഞ്ഞു. ആ ഒരു കാരണം കൊണ്ട് രജിനി സാറിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നു. അദ്ദേഹത്തെ സമീപിച്ചതുമില്ല,’ വിഷ്ണു മഞ്ചു പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബു, തമിഴ് താരം ശരത് കുമാര്‍ എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാര്‍, പ്രഭാസ് മോഹന്‍ലാല്‍ എന്നിവരുടെ അതിഥിവേഷവും സിനിമയുടെ ഹൈപ്പ് കൂട്ടുന്നുണ്ട്. ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യും.

Content Highlight: Vishnu Manchu saying Kannappa team planned a role for Rajnikanth in the movie

We use cookies to give you the best possible experience. Learn more