വാഷിങ്ടൺ: ഇമിഗ്രേഷൻ നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ഇറാനുൾപ്പെടെ 75 രാജ്യങ്ങളുടെ വിസ താത്കാലികമായി നിർത്തിവെക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇറാനുപുറമെ ഇറാഖ്, റഷ്യ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, ഈജിപ്ത്, നൈജീരിയ, സൊമാലിയ, തായ്‌ലാൻഡ്, യെമൻ എന്നീ രാജ്യങ്ങളും വിസ നിഷേധിച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മെമ്മോ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
നിലവിലുള്ള നിയമ വ്യവസ്ഥകൾ പ്രകാരം വിസ അപേക്ഷകൾ നിരസിക്കാൻ യു.എസ് എംബസികൾക്ക് നിർദേശം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മെമ്മോയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ലെന്നും സസ്പെന്ഷന്റെ കാലാവധി വ്യക്തമാക്കിയിട്ടില്ല. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലുള്ള ഇമിഗ്രേഷൻ നിയമപ്രകാരമുള്ള പരിശോധനാ നടപടിക്രമങ്ങൾ വകുപ്പ് നടത്തിവരികയാണ്. നിയമപരമായ അധികാരം അനുസരിച്ച് വിസ നിഷേധിക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കുടിയേറ്റ നയത്തിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ പശ്ചാത്തലത്തിലും പൊതു നിയമങ്ങളുടെ സൂക്ഷ്മപരിശോധനയെ തുടർന്നുമാണ് ഈ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
വിസ താത്കാലികമായി നിർത്തിവെക്കുന്നത് യു.എസ് സന്ദർശിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരെ വലിയ തോതിൽ ബാധിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘അനധികൃതരായ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അധികാരം ഉപയോഗിക്കും. അമേരിക്കൻ ജനതയുടെ ഔദാര്യം ചൂഷണം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും,’ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ പറഞ്ഞു.
Content Highlight: Visas for 75 countries, including Iran, will be temporarily suspended: US State Department