| Wednesday, 3rd April 2024, 12:53 pm

'റെമ്യുണറേഷനോ, നീ വേറെ ആരോടെങ്കിലും പോയി പറയ്' എന്നായിരുന്നു അന്ന് പൃഥ്വി പറഞ്ഞത്: വിശാഖ് സുബ്രഹ്‌മണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്നും മലയാള സിനിമയില്‍ താരങ്ങളുടെ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ ചിത്രത്തിന്റെ നിര്‍മാണത്തിനാണ് ചെലവാകുന്നതെന്നും കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ തുറന്നു പറഞ്ഞിരുന്നത്.

തന്റെ പുതിയ ചിത്രമായ ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ഇപ്പോള്‍ ഹൃദയം സിനിമയില്‍ പാട്ട് പാടിയ ശേഷം പൃഥ്വിരാജ് തങ്ങളുടെ കൈയില്‍ നിന്ന് പ്രതിഫലമൊന്നും വാങ്ങിയില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ വിശാഖ് സുബ്രഹ്‌മണ്യം.

ചിത്രത്തിലെ പാട്ടിന്റെ കാര്യം പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന് തന്നെ എന്നാണ് താന്‍ വരേണ്ടത് എന്നായിരുന്നു പൃഥ്വി ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിശാഖ്.

‘പാട്ട് പാടുന്ന കാര്യം ഞങ്ങള്‍ ചോദിച്ചപ്പോള്‍ അന്ന് ഒന്നും ആലോചിക്കാതെ പെട്ടെന്ന് തന്നെ എന്നാണ് വരേണ്ടതെന്നാണ് പൃഥ്വി ചോദിച്ചത്. ഹൃദയത്തിന് പാടിയിട്ട് പ്രതിഫലമായി ഒന്നും വാങ്ങിയില്ല. ഞാന്‍ റെമ്യുണറേഷനുമായി അദ്ദേഹത്തെ കാണാന്‍ പോയിരുന്നു.

ചേട്ടാ റെമ്യുണറേഷന്‍ എന്ന് പറഞ്ഞപ്പോള്‍ ‘റെമ്യുണറേഷനോ, നീ വേറെ ആരുടെയെങ്കിലും അടുത്ത് പോയി പറയ്’ എന്നായിരുന്നു മറുപടി. അത്തരത്തില്‍ നമ്മളുടെ അടുത്ത് ഒരു പേഴ്‌സണല്‍ ബോണ്ട് സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. ഞങ്ങള്‍ ഒരുമിച്ച് സിനിമയില്‍ അധികം വര്‍ക്ക് ചെയ്തിട്ടില്ലെങ്കിലും എനിക്ക് എന്റെ ചേട്ടന്റെ സ്ഥാനത്താണ് പുള്ളി,’ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞു.

പൃഥ്വിരാജ് തന്റെ ‘മിന്നലഴകേ’ എന്ന ആല്‍ബത്തിന് വേണ്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വിനീത് ശ്രീനിവാസനും പറയുന്നു. താനും ജേക്സ് ബിജോയും ചേര്‍ന്ന് ആല്‍ബത്തിന്റെ ഷൂട്ട് കഴിഞ്ഞ ശേഷം പൃഥ്വിരാജിന് ചെക്ക് കൊടുക്കാന്‍ പോയിരുന്നു എന്നും എന്നാല്‍ ആ ചെക്ക് പൃഥ്വി വാങ്ങിയില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആല്‍ബം ചെയ്യുന്ന സമയത്ത് ‘മിന്നലഴകേ’യില്‍ രാജു ഉണ്ടായിരുന്നു. ഞാനും ജേക്സും ചേര്‍ന്ന് അത് ഷൂട്ട് ചെയ്ത ശേഷം ഒരു ചെക്ക് കൊണ്ടുകൊടുത്തു. അപ്പോള്‍ രാജു അത് വാങ്ങിയില്ല. ‘എനിക്കെങ്ങും വേണ്ട. ഈ പൈസ നിങ്ങള്‍ മാര്‍ക്കറ്റിങ്ങില്‍ ഇട്ടോ. നിങ്ങളുടെ ആല്‍ബം അടിപൊളിയാകട്ടെ’ എന്നാണ് പറഞ്ഞത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Visakh Subramaniam Talks About Prithviraj Sukumaran

Latest Stories

We use cookies to give you the best possible experience. Learn more