അവന്‍ ടി-20 ലോകകപ്പിന് ശേഷം റണ്‍സ് ഒന്നും നേടിയില്ലെങ്കിലും കുഴപ്പമില്ല, ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയാൽ മതി : സെവാഗ്
Cricket
അവന്‍ ടി-20 ലോകകപ്പിന് ശേഷം റണ്‍സ് ഒന്നും നേടിയില്ലെങ്കിലും കുഴപ്പമില്ല, ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയാൽ മതി : സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th May 2024, 3:16 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ബെംഗളൂരുവിനായി 27 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. രണ്ടു ഫോറുകളും നാല് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയുടെ അര്‍ധ സെഞ്ച്വറിയും ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായകമായി. 23 പന്തില്‍ 64 റണ്‍സാണ് ഫാഫ് നേടിയത്. 10 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഫാഫിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇപ്പോഴിതാ കോഹ്‌ലിയുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇതേ പ്രകടനം നിലനിര്‍ത്താന്‍ കോഹ്‌ലിയോട് ആവശ്യപ്പെടുകയായിരുന്നു സെവാഗ്.

‘ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിരാട് കോഹ്‌ലി അസാമാന്യ പ്രകടനം ആണ് നടത്തിയത്. ആർ.സി.ബിക്ക് വേണ്ടി ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കോഹ്‌ലി നടത്തുന്നത് വരാനിരിക്കുന്ന ഐ.സി.സി ലോകകപ്പിലും അദ്ദേഹം തന്റെ ഫോം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലോകകപ്പിനു ശേഷം റണ്‍സ് ഒന്നും നേടാനായില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിലും യു.എസ്എ. യിലും മികച്ച ഫോം തുടരാന്‍ കോഹ്‌ലിയെ ഇന്ത്യയ്ക്ക് ആവശ്യമാണ്,’ സെവാഗ് ക്രിക് ബസിലൂടെ പറഞ്ഞു.

ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 542 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. 67.75 ആവറേജിലും 148.09 സ്‌ട്രൈക്ക് റേറ്റിലുമാണ് കോഹ്‌ലി ബാറ്റ് വീശിയത്.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് നാലു വിജയവും ആറ് തോല്‍വിയുമായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും ബെംഗളൂരുവിന് സാധിച്ചു. മെയ് ഒമ്പതിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ധര്‍മശാലയാണ് വേദി.

Content Highlight: Virender Sewag talks about Virat Kohli