ഫെബ്രുവരിയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഒരു പതിറ്റാണ്ടോളം നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം സ്വന്തമാക്കിയ ടി-20 ലോകകപ്പിന് കൂട്ടായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഒപ്പം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും അപമാനത്തിനും ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലൂടെ മറുപടി നല്‍കാനും രോഹിത്തിനും സംഘത്തിനും സാധിക്കും.
ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മിക്ക ടീമുകളും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ ഇന്ത്യയും ആതിഥേയരായ പാകിസ്ഥാനും മാത്രമാണ് തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കാത്തത്.
ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൂപ്പര്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ വിരേന്ദര്‍ സേവാഗ്. യുവതാരം യശസ്വി ജെയ്‌സ്വാളിനെ ടീമിന്റെ ഭാഗമാക്കണമെന്നാണ് സേവാഗ് അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ടെസ്റ്റിലും ടി-20യിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന യശസ്വി ജെയ്‌സ്വാള്‍ ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. ജെയ്‌സ്വാളിന് ഏകദിനത്തില്‍ അവസരം നല്‍കണമെന്നാണ് സേവാഗ് അഭിപ്രായപ്പെടുന്നത്.
’50 ഓവര്‍ ഫോര്‍മാറ്റില്‍ ജെയ്‌സ്വാളിന് അവസരം ലഭിക്കണം. ടെസ്റ്റ് ഫോര്‍മാറ്റിലും ടി-20യിലും ആക്രമണോത്സുക ബാറ്റിങ് പ്രകടനമാണ് അവന്‍ പുറത്തെടുക്കുന്നത്. ഏകദിനത്തിലും അവന് മികച്ച പ്രകടനം പുറത്തെടുക്കാനും നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും എന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അവന്‍ ടീമിന്റെ ഭാഗമായിരിക്കണം,’ സേവാഗ് പറഞ്ഞു.
സേവാഗ് മാത്രമല്ല, ഏകദിനത്തില്‍ ഇതുവരെ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടില്ലാത്ത ജെയ്‌സ്വാള്‍ ടീമിന്റെ ഭാഗമാകണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങും എസ്. ബദ്രിനാഥും ആവശ്യപ്പെട്ടിരുന്നു. സ്റ്റാര്‍ സ്പോര്‍ട്സ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ജെയ്‌സ്വാള്‍ ഇടം നേടിയിരുന്നു.
ജനുവരി 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടി-20 സ്‌ക്വാഡില്‍ ജെയ്‌സ്വാള്‍ ഇടം നേടിയിരുന്നില്ല. ടി-20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ ജെയ്‌സ്വാള്‍ ഉണ്ടായേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ജെയ്‌സ്വാളിന് ഏകദിന അരങ്ങേറ്റത്തിനുള്ള അവസരവും ഉണ്ടായേക്കും.
Content highlight: Virender Sehwag wants Yashasvi Jaiswal to get a chance in the ODI format