സച്ചിനെ കൂട്ടത്തില്‍ കൂട്ടേണ്ടതില്ല, ഏറ്റവും മികച്ച ബാറ്റര്‍ ആ പാകിസ്ഥാന്‍ ഇതിഹാസമാണ്; ദ്രാവിഡിനെ തഴഞ്ഞ് സേവാഗ്
Sports News
സച്ചിനെ കൂട്ടത്തില്‍ കൂട്ടേണ്ടതില്ല, ഏറ്റവും മികച്ച ബാറ്റര്‍ ആ പാകിസ്ഥാന്‍ ഇതിഹാസമാണ്; ദ്രാവിഡിനെ തഴഞ്ഞ് സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th June 2023, 1:24 pm

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരമാണ് വീരേന്ദര്‍ സേവാഗ്. റെഡ് ബോളിലും വൈറ്റ് ബോളിലും ഒരു പോലെ ആക്രമണകാരിയായിരുന്ന സേവാഗ് ഒരുകാലത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നെടുംതൂണുകൂടിയായിരുന്നു.

മുള്‍ട്ടാനിലെ ട്രിപ്പിള്‍ സെഞ്ച്വറിക്ക് പിന്നാലെ അദ്ദേഹത്തെ തേടിയെത്തിയ സുല്‍ത്താന്‍ ഓഫ് മുള്‍ട്ടാന്‍ എന്ന വിളിപ്പേരടക്കം സ്വന്തമാക്കിയ നേട്ടങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്തതാണ്.

പാകിസ്ഥാനെതിരെ കളിച്ചപ്പോഴെല്ലാം തന്റെ മാസ്റ്റര്‍ ക്ലാസ് പുറത്തെടുത്ത സേവാഗ്, പാകിസ്ഥാന്റെ ഇതിഹാസത്തെ പുകഴ്ത്തിയതാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരമായ ഇന്‍സമാം ഉള്‍ ഹഖിനെയാണ് സേവാഗ് പുകഴ്ത്തിയത്. ഏഷ്യയിലെ ഏറ്റവും മികച്ച മിഡില്‍ ഓര്‍ഡര്‍ ബാറ്ററാണ് ഇന്‍സമാം എന്നാണ് സേവാഗ് പറഞ്ഞത്.

 

‘എല്ലാവരും സച്ചിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇന്‍സമാം ഉള്‍ ഹഖ് ആണ് ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍. നോക്കൂ സച്ചിന്‍ ബാറ്റര്‍മാരുടെ കൂട്ടത്തില്‍ നിന്നും എത്രയോ ഉയരെയാണ്, അതുകൊണ്ട് അദ്ദേഹത്തെ കണക്കാക്കേണ്ടതില്ല.

പക്ഷേ, ഏറ്റവും മികച്ച മധ്യനിര ബാറ്ററുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ ഇവിടെയൊന്നും അദ്ദേഹത്തെ പോല (ഇന്‍സമാം ഉള്‍ ഹഖ്) മികച്ച ഒരു താരത്തെ ഞാനിതുവരെ കണ്ടിട്ടില്ല,’ ബ്രേക്ക്ഫാസ്റ്റ് വിത്ത് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സേവാഗ് പറഞ്ഞു.

ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരെയെല്ലാം മറികടന്നുകൊണ്ടാണ് സേവാഗ് ഉള്‍ ഹഖിനെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

‘2003-2004 കാലഘട്ടത്തില്‍ ഒരു ഓവറില്‍ എട്ട് റണ്‍സ് നേടുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. പേടിക്കേണ്ട നമ്മളത് എളുപ്പം നേടുമെന്നായിരുന്നു അദ്ദേഹം തന്റെ പാര്‍ട്ണറോട് പറയാറുള്ളത്. അതായത് പത്ത് ഓവറില്‍ 80 റണ്‍സ്. ഇതെല്ലാം കാണുമ്പോള്‍ എതിര്‍ ടീമുകള്‍ പരിഭ്രാന്തരാവുമായിരുന്നു. പക്ഷേ അദ്ദേഹം എപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.

1992 ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റേന്തിക്കൊണ്ടാണ് ഇന്‍സി തന്റെ ടെസ്റ്റ് കരിയറിന് നാന്ദി കുറിക്കുന്നത്. ശേഷം 2007ല്‍ പാഡഴിക്കുന്നത് വരെ പാകിസ്ഥാന്‍ നിരയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം.

2007 ഒക്ടോബര്‍ എട്ടിന് സൗത്ത് ആഫ്രിക്കക്കെതിരെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ തന്റെ 120ാം മത്സരം കളിച്ചുകൊണ്ടാണ് അദ്ദേഹം വിരമിച്ചത്.

കരിയറില്‍ 120 ടെസ്റ്റിലെ 200 ഇന്നിങ്‌സുകളില്‍ നിന്നുമായി 16,345 പന്തുകള്‍ നേരിട്ട് 8,830 റണ്‍സാണ് ഇന്‍സമാം അടിച്ചുകൂട്ടിയത്. 54.02 എന്ന സ്‌ട്രൈക്ക് റേറ്റിലും 49.33 എന്ന ശരാശരിയിലുമാണ് ഇന്‍സമാം റണ്‍സ് നേടിയത്. യൂനിസ് ഖാനും ജാവേദ് മിയാന്‍ദാദിനും ശേഷം ടെസ്റ്റില്‍ പാകിസ്ഥാനായി ഏറ്റവുമധികം റണ്ണടിച്ചതും ഇന്‍സി തന്നെ.

2002ല്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്‍സമാം നേടിയ 329 റണ്‍സാണ് ഇന്നും ഒരു പാകിസ്ഥാന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോറായി നിലകൊള്ളുന്നത്.

ടെസ്റ്റില്‍ രണ്ട് തവണ ഡബിള്‍ സെഞ്ച്വറി തികച്ച ഇന്‍സമാം 25 സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 1,104 ബൗണ്ടറിയും 48 സിക്‌സറുമാണ് ഇന്‍സമാമിന്റെ സമ്പാദ്യം.

 

Content highlight: Virender Sehwag praises Inzamam Ul Haq