ഏഷ്യാ കപ്പിലെ രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ.
ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെയാണ് ഇന്ത്യയ്ക്ക് ഗില്ലിനെ നഷ്ടമായത്. 28 പന്തില്‍ എട്ട് ഫോര്‍ അടക്കം 47 റണ്‍സിനാണ് ശുഭ്മന്‍ ഗില്‍ മടങ്ങിയത്.
മാത്രമല്ല 100 റണ്‍സിന്റെ മിന്നും കൂട്ട്‌കെട്ട് നേടാന് അഭിഷേകിനും ഗില്ലിനും സാധിച്ചു. അതേസമയം 39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് അഭിഷേക് നേടിയത്. 189.74 എന്ന സ്‌ട്രൈക്ക് റേറ്റിലായികുന്നു താരത്തിന്റെ ബാറ്റിങ് അറ്റാക്ക്.
ഇപ്പോള്‍ അഭിഷേകിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിരേന്ദര്‍ സെവാഗ്. എഴുപത് റണ്‍സ് നേടുമ്പോള്‍ അത് സെഞ്ച്വറിയാക്കാതെ മടങ്ങി വരരുതെന്ന് സെവാഗ് പറഞ്ഞു. മാത്രമല്ല വിരമിക്കുമ്പോള്‍ എഴുപത് അല്ലെങ്കില്‍ എണ്‍പത് റണ്‍സിന് പുറത്തായ ഇന്നിങ്‌സുകളിലേക്ക് നിങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കുറ്റബോധം ഉണ്ടാകുമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞ ഉപദേശത്തെക്കുറിച്ചും സെവാഗ് പറഞ്ഞു.
‘എഴുപത് റണ്‍സ് നേടുമ്പോള്‍ അത് സെഞ്ച്വറിയാക്കാതെ മടങ്ങി വരരുതെന്ന് ഞാന്‍ പറയും. സുനില്‍ ഗവാസ്‌കര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞതാണിത് – വിരമിക്കുമ്പോള്‍, എഴുപത് അല്ലെങ്കില്‍ എണ്‍പത് റണ്‍സിന് പുറത്തായ ഇന്നിങ്‌സുകളിലേക്ക് നിങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍, ‘ഞാന്‍ അത് സെഞ്ച്വറിയാക്കിയിരുന്നെങ്കില്‍, എനിക്ക് നിരവധി സെഞ്ച്വറികള്‍ ലഭിക്കുമായിരുന്നു’ എന്ന് നിങ്ങള്‍ ചിന്തിക്കും.
ഇത്തരം അവസരങ്ങള്‍ പലപ്പോഴും ലഭിക്കാറില്ല. നിങ്ങള്‍ നല്ല ഫോമിലായിരിക്കുമ്പോള്‍ മാത്രമാണ് ഇതെല്ലാം സാധിക്കുക. പുറത്താകാതെ നില്‍ക്കാനാണ് ശ്രമിക്കേണ്ടത്. അതാണ് എപ്പോഴും ഏറ്റവും നല്ല മാര്‍ഗം. അത് മനസില്‍ വയ്ക്കുക,’ വീരേന്ദര്‍ സെവാഗ് പറഞ്ഞു.
അതേസമയം ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നാളെ (ചൊവ്വ) ശ്രീലങ്ക പാകിസ്ഥാനെ നേരിടാനിരിക്കുകയാണ്. ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം പാകിസ്ഥാന് നിര്‍ണായകമാണ്.