ഹാപ്പി ജേര്‍ണി പാകിസ്ഥാന്‍; പരിഹാസവുമായി സെവാഗ്
2023 ICC WORLD CUP
ഹാപ്പി ജേര്‍ണി പാകിസ്ഥാന്‍; പരിഹാസവുമായി സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th November 2023, 4:37 pm

ഐ.സി.സി ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു . ഇതിന് പിന്നാലെ ന്യൂസിലാന്‍ഡ് ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. എന്നാല്‍ ഇത് പാകിസ്ഥാന്‍ ടീമിന്റെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടികളാണ് നല്‍കിയത്. നിലവില്‍ പാക് ടീം ലോകകപ്പില്‍ നിന്നും പുറത്താകലിന്റെ വക്കിലാണ്.

ഇപ്പോഴിതാ പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദ്രര്‍ സെവാഗ്. താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരിച്ചത്.

‘പാകിസ്ഥാന്‍ സിന്ദാബാദ്! സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുക,’ സെവാഗ് എക്സില്‍ കുറിച്ചു.

പാകിസ്ഥാന്‍ ടീമിന് ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ കണക്കുകള്‍ പ്രകാരം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 287 റണ്‍സിന് ജയിക്കേണ്ടിവരും. ഈ കടമ്പ പാക് ടീം കടക്കുക എന്നത് അത്ര എളുപ്പമല്ല.

ലോകകപ്പിലെ തുടര്‍ച്ചയായ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു വന്ന പാക് ടീം പിന്നീട് നടന്ന നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ പാക് ടീമിനെതിരെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് പാക് ടീം വീണ്ടും തിരിച്ചു വരുമെന്ന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും കിവീസിന്റെ വിജയം പാക് ടീമിന് കടുത്ത തിരിച്ചടിയാണ് നല്‍കിയത്.

നിലവില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമിയിലേക്ക് യോഗ്യത നേടിയത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കിവീസ് തന്നെയായിരിക്കും സെമിയിലേക്ക് മുന്നേറുന്ന നാലാമത്തെ ടീം.

നവംബർ 15ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു പാകിസ്ഥാന്റെ പ്രകടങ്ങൾ.

Content Highlight: Virender Sehwag mocked Pakistan team for their elimination from the world cup.