2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഇപ്പോള്‍ ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍മാരാകാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. അഭിഷേക് ശര്‍മ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നീ താരങ്ങളെയാണ് സെവാഗ് ഇന്ത്യയുടെ പ്രധാന താരങ്ങളായി തെരഞ്ഞെടുത്തത്.
‘അഭിഷേക് ശര്‍മക്ക് ഗെയിം ചേഞ്ചറാകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെ ബുംറ എപ്പോഴും കളി മാറ്റിമറിക്കുന്ന പ്രധാന താരമാണ്. ചാമ്പ്യന്‍സ് ട്രോഫിയിലും ടി-20യിലും വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങ് വളരെ മികച്ചതാണ്. സ്വന്തമായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും’ സെവാഗ് സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു.