ടെസ്റ്റ് ക്രിക്കറ്റിലെ തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെല്ലാം ആഭ്യന്തര തലത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ക്ലീന്‍ സ്വീപ് പരാജയവും ബോര്‍ഡര്‍ – ഗവാസ്‌കര്‍ പരമ്പരയിലെ വമ്പന്‍ പരാജയങ്ങളുമെല്ലാം ആകാശത്ത് നിന്നുള്ള താരങ്ങളെ ആഭ്യന്തര ക്രിക്കറ്റിന്റെ മണ്ണിലെത്തിച്ചു.
രഞ്ജി ട്രോഫിയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ രോഹിത് ശര്‍മ മുംബൈക്കായും കെ.എല്‍. രാഹുല്‍ കര്‍ണാടകക്ക് വേണ്ടിയും രവീന്ദ്ര ജഡേജ സൗരാഷ്ട്രക്ക് വേണ്ടിയും കളത്തിലിറങ്ങി.
ഗ്രൂപ്പ് ഘട്ടത്തില്‍ റെയില്‍വെയ്‌സിനെതിരായ ദല്‍ഹിയുടെ അവസാന മത്സരത്തില്‍ വിരാട് കോഹ്‌ലിയും രഞ്ജി ട്രോഫി കളിക്കാനെത്തി. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി എന്നത് ഏറ്റവും വലിയ ബ്രാന്‍ഡാണെന്ന് തെളിയിക്കുന്നതായിരുന്നു ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെ കാഴ്ചകള്‍.
നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയവും ലൈവ് സംപ്രേക്ഷണവുമായി വിരാടിന്റെ കം ബാക്ക് ആരാധകര്‍ ആഘോഷമാക്കി.
12 വര്‍ഷവും 86 ദിവസവും നീണ്ട കാത്തിരിപ്പിനൊടുവിലാണ് വിരാട് രഞ്ജിയിലേക്ക് മടങ്ങിയെത്തിയത്. ഒരു രാജ്യത്തിന്റെ പ്രീമിയര്‍ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റില്‍ നിന്നുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കരിയര്‍ ബ്രേക്കിന്റെ സ്ട്രീക്കാണ് ഇതോടെ അവസാനിച്ചത്.
അതേസമയം, രഞ്ജിയിലേക്കുള്ള തന്റെ തിരിച്ചുവരവില്‍ വിരാട് കോഹ്‌ലി ഒരിക്കല്‍ക്കൂടി ആരാധകരെ നിരാശനാക്കി. 15 പന്ത് നേരിട്ട് വെറും ആറ് റണ്‍സിനാണ് വിരാട് പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്.