ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. രോഹിത് ശര്‍മ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെയും പ്രഖ്യാപനം. 18 വര്‍ഷങ്ങളുടെ കരിയര്‍ അവസാനിപ്പിച്ചായിരുന്നു താരം തന്റെ ഇഷ്ട ഫോര്‍മാറ്റിനോട് വിട പറഞ്ഞത്.
വിരാടിന്റെ അപ്രതീക്ഷിത പടിയിറക്കം വലിയ ഞെട്ടലായിരുന്നു ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്. താരത്തിന്റെ വിരമിക്കലില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളായിരുന്നു നടന്നത്. അടുത്ത കാലങ്ങളിലെ താരത്തിന്റെ ടെസ്റ്റിലെ ഫോമില്ലാഴ്മയാണ് പടിയിറക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു അഭ്യൂഹങ്ങളില്‍ ഒന്ന്. ഇന്ത്യന്‍ ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് പടിയിറക്കത്തിന് കാരണമെന്നും വിലയിരുത്തലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വിരാട് കോഹ്‌ലി തന്റെ വിരമിക്കലിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരുന്നു. പ്രായമേറുമ്പോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് നമുക്ക് മനസിലാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്ങിന്റെ യുവീക്യാന്‍ ഫൗണ്ടേഷന്റെ ചാരിറ്റി പരിപാടിയിലാണ് വിരാട് മനസ് തുറന്നത്.
‘ഞാന്‍ രണ്ട് ദിവസം മുമ്പാണ് എന്റെ താടി കളര്‍ ചെയ്തത്. അങ്ങനെ ഓരോ നാല് ദിവസം കൂടുംതോറും ചെയ്യേണ്ടി വരുമ്പോള്‍ കരിയര്‍ അവസാനിക്കാന്‍ സമയമായെന്ന് മനസിലാകും,’ കോഹ്‌ലി പറഞ്ഞു.
തന്റെ കരിയറില്‍ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ പങ്കിനെ കുറിച്ചും വിരാട് സംസാരിച്ചിരുന്നു. ശാസ്ത്രിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിനാലാണ് തനിക്ക് വിജയം കൈവരിക്കാന്‍ സാധിച്ചതെന്ന് താരം പറഞ്ഞു. അദ്ദേഹം തന്നെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു എന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
‘ശാസ്ത്രിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിനാലാണ് എനിക്ക് വിജയം കൈവരിക്കാന്‍ സാധിച്ചത്. ഞങ്ങള്‍ക്ക് എപ്പോഴും വ്യക്തതയുണ്ടായിരുന്നു. അദ്ദേഹം എന്നെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു.
പലപ്പോഴും പത്ര സമ്മേളനത്തില്‍ എനിക്ക് വേണ്ടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് അദ്ദേഹമായിരുന്നു. കരിയറില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് എന്നും എനിക്ക് നന്ദിയും ബഹുമാനവുമുണ്ട്,’ കോഹ്‌ലി പറഞ്ഞു.
Content Highlight: Virat Kohli talks about his retirement from Test cricket