എടാ സെഞ്ച്വറിക്കുട്ടാ... ടെസ്റ്റിലെ സച്ചിനെ വെട്ടിയ ഏകദിനത്തിലെ വിരാട് മാജിക്
Sports News
എടാ സെഞ്ച്വറിക്കുട്ടാ... ടെസ്റ്റിലെ സച്ചിനെ വെട്ടിയ ഏകദിനത്തിലെ വിരാട് മാജിക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th November 2025, 5:29 pm

സെഞ്ച്വറി നേട്ടത്തില്‍ ചരിത്രമെഴുതി വിരാട് കോഹ്‌ലി. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വിരാട് കോഹ്‌ലി ക്രിക്കറ്റ് ചരിത്രം തന്നെ തിരുത്തിയെഴുതിയത്. ധോണിയുടെ തട്ടകമായ റാഞ്ചിയില്‍ കരിയറിലെ 83ാം സെഞ്ച്വറി നേട്ടമാണ് വിരാട് കുറിച്ചത്.

ഏകദിന ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയുടെ 52ാം സെഞ്ച്വറിയാണിത്. നേരിട്ട 102ാം പന്തിലാണ് വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.

വിരാട് കോഹ്‌ലി | Photo: BCCI

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം

(താരം – ടീം – ഫോര്‍മാറ്റ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – ഏകദിനം – 52*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ടെസ്റ്റ് – 51

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ഏകദിനം – 49

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – ടെസ്റ്റ് – 45

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – ടെസ്റ്റ് – 41

ജോ റൂട്ട് – ഇംഗ്ലണ്ട് – ടെസ്റ്റ് – 39

ഇതിനൊപ്പം മറ്റൊരു നേട്ടവും വിരാട് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും വിരാട് സ്വന്തമാക്കി. പ്രോട്ടിയാസിനെതിരെ വിരാടിന്റെ ആറാം ഏകദിന സെഞ്ച്വറിയാണിത്.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വിരാട് | Photo: BCCI

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 30 – 6*

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 30 – 5

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 57 – 5

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 19 – 4

120 പന്ത് നേരിട്ട വിരാട് 135 റണ്‍സ് നേടി മടങ്ങി. നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ റിയാന്‍ റിക്കല്‍ടണിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. 11 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

 

Content Highlight: Virat Kohli surpasses Sachin Tendulkar in 2 different records