ഐ.പി.എല്ലില്‍ പതിനെട്ടാം സീസണിലും മികച്ച പ്രകടനവുമായി തിളങ്ങുകയാണ് വിരാട് കോഹ്ലി. കഴിഞ്ഞ സീസണിലെ റണ്‍ വേട്ടക്കാരിലെ ഒന്നാമനായ വിരാട് ഈ സീസണിലെ ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ മൂന്നാമതുണ്ട്. മത്സരങ്ങളില്‍ ഓപ്പണറായി എത്തുന്ന താരത്തിന്റെ പ്രകടനങ്ങള്‍ ബാറ്റിങ് നിരക്ക് ഒന്നാകെ ആത്മ വിശ്വാസം നല്‍കുന്നതിനൊപ്പം ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യവുമാണ്.
ഇപ്പോള്‍ ഐ.പി.എല്ലില്‍ ആദ്യ കാലങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ആളെ കുറിച്ച് സംസാരിക്കുകയാണ് വിരാട് കോഹ്ലി. ഐ.പി.എല്ലിലെ ആദ്യ കാലങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറാണെന്ന് കോഹ്ലി പറഞ്ഞു.
താരവുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് പറഞ്ഞ കോഹ്ലി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തന്നെ ഞെട്ടിച്ചെന്നും അത് തന്നില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു വിരാട് കോഹ്ലി.
‘ഞാന്‍ ഐ.പി.എല്ലില്‍ ആദ്യം കളിച്ച കളിക്കാരില്‍ വെച്ച്, ബൗച്ചറാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. എന്റെ ബലഹീനതകള്‍ എന്താണെന്നും അടുത്ത ലെവലില്‍ എത്താന്‍ ഞാന്‍ എങ്ങനെ പരിശ്രമിക്കണമെന്നും ഞാന്‍ ചോദിക്കാതെ തന്നെ അദ്ദേഹം മനസിലാക്കി.
ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇന്ത്യയില്‍ കമന്റേറ്ററായി വരുമ്പോള്‍ നീ ദേശീയ ടീമില്‍ കളിക്കുന്നത് കണ്ടില്ലെങ്കില്‍, നിങ്ങള്‍ സ്വയം നിരാശനാകും.’ അത് എന്നെ ശരിക്കും ഞെട്ടിച്ചു. അത് എന്നില്‍ വലിയ സ്വാധീനം ചെലുത്തി,’ വിരാട് പറഞ്ഞു.
ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തെ കുറിച്ചും ടി-20യില്‍ നിന്ന് വിരമിക്കാനെടുത്ത തീരുമാനത്തെ കുറിച്ചും വിരാട് സംസാരിച്ചു. ആരാധകരില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹത്തിന് അടുത്തെത്താന്‍ ഒരു ട്രോഫിക്കോ കിരീടത്തിനോ കഴിയുമെന്ന് കരുതുന്നില്ലെന്നും ടി-20യില്‍ നിന്ന് വിരമിച്ചത് തനിക്ക് ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്നും താരം പറഞ്ഞു.
യുവതാരങ്ങള്‍ തയ്യാറാണെന്ന് മനസിലാക്കിയും അവര്‍ക്ക് വളരാനും ടൂര്‍ണമെന്റുകള്‍ക്കായി സജ്ജമാവാനും സമയം ആവശ്യമാണെന്നതിനാലുമാണ് ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തിന് അടുത്തെത്താന്‍ ഒരു ട്രോഫിക്കോ കിരീടത്തിനോ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. യുവതാരങ്ങള്‍ തയ്യാറാണെന്ന് മനസിലാക്കിയാണ് ടി- 20 യില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.
വളരാനും സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പഠിക്കാനും അവര്‍ക്ക് സമയം ആവശ്യമായിരുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ കളിക്കാനും, ലോകകപ്പ് വരുമ്പോഴേക്കും അവര്‍ക്ക് പൂര്‍ണമായും സജ്ജരാണെന്ന് തോന്നിപ്പിക്കാന്‍ ആവശ്യമായ മത്സരങ്ങള്‍ നേടാനും അവര്‍ക്ക് രണ്ട് വര്‍ഷത്തെ സമയം ആവശ്യമാണ്. അതിനാലാണ് ഈ ഫോര്‍മാറ്റില്‍ നിന്ന് പിന്മാറിയത്,’ വിരാട് പറഞ്ഞു.
വിരാട് ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 443 റണ്‍സ് നേടിയിട്ടുണ്ട്. പുതിയ സീസണില്‍ താരം ഇതിനോടകം ആറ് അര്‍ധ സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ സൂപ്പര്‍ സ്റ്റാര്‍ 138.8 സ്‌ട്രൈക്ക് റേറ്റിലും 63.29 ആവറേജിലുമാണ് ഈ സീസണില്‍ ബാറ്റേന്തുന്നത്.
അതേസമയം, മെയ് മൂന്നിന് ചെന്നൈ സൂപ്പര്‍ കിങ്സുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലാണ് മത്സരം.
Content Highlight: Virat Kohli says that Mark Boucher impacted him most in IPL in initial days and talks about his t20 retirement