| Thursday, 4th June 2026, 11:21 am

ഇന്ത്യയ്ക്ക് തിരിച്ചടി; അഫ്ഗാന്‍ നേരിടാന്‍ കോഹ്‌ലിയില്ല?!

ഫസീഹ പി.സി.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലി പുറത്തായതായി റിപ്പോര്‍ട്ട്. ഹാംസ്ട്രിങ് പരിക്കാണ് വില്ലനായതെന്നനാണ് വിവരം. താരം പരമ്പരയില്‍ നിന്ന് പുറത്തായതായി പി.ടി.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘ഹാംസ്ട്രിങ് പരിക്ക് കാരണം അവന്‍ (വിരാട് കോഹ്‌ലി) ഏകദിന പരമ്പരയില്‍ കളിക്കില്ല,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

വിരാട് കോഹ്‌ലി.

അതേസമയം, കോഹ്‌ലിക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ ലഭ്യതയും ഉറപ്പില്ലാത്തതിനാല്‍ കോഹ്‌ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയായേക്കും.

ജൂണ്‍ 13 മുതലാണ് അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ ആറ് മുതല്‍ 11 വരെയുള്ള ഏക ടെസ്റ്റിന് ശേഷമാണ് ഏകദിന പരമ്പര നടക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം.

പരമ്പരക്കായി ബി.സി.സി.ഐ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ശുഭ്മന്‍ ഗില്‍ കീഴില്‍ 15 അംഗ ടീമാണുള്ളത്. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരുമുണ്ട്. പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാല്‍ നിരവധി യുവതാരങ്ങള്‍ സ്‌ക്വാഡിലുണ്ട്. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരുടെയും പങ്കാളിത്തം ഫിറ്റ്‌നസിന് വിധേയമാണ്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Virat Kohli ruled out of Afghanisthan ODI series due to hamstring Injury: Report

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more