ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലേക്ക് തള്ളിവിട്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീം ആരും പേടിക്കുന്ന ചെകുത്താന്‍മാരായി മാറിയതും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയിലാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ച താരവും വിരാട് മാത്രമായിരുന്നു. എന്നാല്‍ ആ സ്വപ്‌ന നേട്ടത്തിന് 18 സെഞ്ച്വറികള്‍ അകലെ നില്‍ക്കവെ വിരാട് ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്.

എന്നാല്‍ ആ സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ല. ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നതിനാല്‍ വിരാട് സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡിനൊപ്പമെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ വിരാട് ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയതോടെ ഐതിഹാസിക നേട്ടം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇല്ലാതായിരിക്കുന്നത്. ഈ നേട്ടം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് താരം പടിയിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെയാണ് വിരാട് പടിയിറങ്ങുന്നത്. 770 റണ്‍സ് മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ വിരാടിന് വേണ്ടിയിരുന്നത്.