ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിച്ചു. തന്റെ 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിനാണ് വിരാട് വിരാമമിട്ടത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചാണ് വിരാട് വിരമിക്കല്‍ അറിയിച്ചത്.
രോഹിത് ശര്‍മ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വിരാട് കോഹ്‌ലി റെഡ് ബോളില്‍ നിന്ന് പടിയിറങ്ങിയിരിക്കുകയാണ്.
‘ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമായി. സത്യം പറഞ്ഞാല്‍, ഈ ഫോര്‍മാറ്റ് എന്നെ കൊണ്ടുപോകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അത് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവന്‍ ഞാന്‍ കൊണ്ടുപോകുന്ന പാഠങ്ങള്‍ എന്നെ പഠിപ്പിച്ചു.
വെള്ളയില്‍ കളിക്കുന്നതില്‍ ആഴത്തിലുള്ള വ്യക്തിപരമായ എന്തോ ഒന്ന് ഉണ്ട്. നിശബ്ദമായ തിരക്കുകള്‍, നീണ്ട ദിവസങ്ങള്‍, ആരും കാണാത്ത ചെറിയ നിമിഷങ്ങള്‍, എന്നേക്കും നിങ്ങളോടൊപ്പം നിലനില്‍ക്കും.
ഈ ഫോര്‍മാറ്റില്‍ നിന്ന് ഞാന്‍ മാറുമ്പോള്‍, അത് എളുപ്പമല്ല – പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. എനിക്കുള്ളതെല്ലാം ഞാന്‍ അതിന് നല്‍കിയിട്ടുണ്ട്, എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ അത് എനിക്ക് തിരികെ നല്‍കി.
കളിക്കളത്തിനും, ഞാന്‍ കളിക്കളത്തില്‍ പങ്കിട്ട ആളുകള്‍ക്കും, എന്നെ കാണാന്‍ പ്രേരിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ നടക്കുന്നത്.
എന്റെ ടെസ്റ്റ് കരിയറിലേക്ക് ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും,’ വിരാട് കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സാണ് സ്വന്തമാക്കിയത്. 254* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാട് റെഡ്‌ബോളില്‍ സ്വന്തമാക്കി. 46.9 ഓവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്‌ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു. അന്താരാഷ്ട്ര ക്യാപ്റ്റന്മാരില്‍ ഗ്രെയിം സ്മിത്ത് (53), റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നിവര്‍ മാത്രമാണ് കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയിട്ടുള്ളത്.
30 സെഞ്ച്വറികളും 31 അധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. 1027 ഫോറും 30 സിക്‌സുമാണ് വിരാട് ടെസ്റ്റില്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.
Content Highlight: Virat Kohli retires from international test cricket