പൂനെയെന്നല്ല മറ്റെവിടേക്കുമില്ല; കോഹ്‌ലിയും സംഘവും സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തുന്നു?
Cricket
പൂനെയെന്നല്ല മറ്റെവിടേക്കുമില്ല; കോഹ്‌ലിയും സംഘവും സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th December 2025, 3:27 pm

നിലവിലെ ഐ.പി.എല്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി) തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലേക്ക് തന്നെ മടങ്ങിവരുന്നെന്ന് റിപ്പോര്‍ട്ട്. ഐ.പി.എല്‍ 2026ല്‍ ടീമിന്റെ ഹോം ഗ്രൗണ്ട് ചിന്നസ്വാമി തന്നെയാകുമെന്നാണ് വിവരം. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ കെ.എസ്.സി.എയ്ക്ക് (കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍) അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, വിജയ് ഹസാരെയില്‍ ദല്‍ഹിയുടെ മത്സരങ്ങള്‍ക്ക് ചിന്നസ്വാമിയില്‍ വേദിയായേക്കുമെന്നും ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം ഈ വേദിയിലേക്കുള്ള ആര്‍.സി.ബിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയേക്കും.

ഐ.പി.എൽ കിരീടവുമായി ആർ.സി.ബി.Photo: Virat Kohli/Instagram.com

നേരത്തെ, ആര്‍.സി.ബി അടുത്ത സീസണിന് മുന്നോടിയായി ഹോം ഗ്രൗണ്ട് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2025ല്‍ ആദ്യ കിരീടം നേടിയതിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമിയില്‍ നടന്ന ദുരന്തം കാരണമായിരുന്നു ഈ തീരുമാനം എന്നായിരുന്നു വിവരം.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ആര്‍.സി.ബിയുടെ പുതിയ ഹോം ഗ്രൗണ്ടായേക്കുമെന്നായിരുന്നു സൂചന. ഇത് സംബന്ധിച്ച് ടീമും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും (എം.സി.എ) തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് വേദികളും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഇവയെല്ലാം തള്ളിക്കളയുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കെ.എസ്.സി.എ ഐ.പി.എല്‍ മത്സരങ്ങള്‍ ചിന്നസ്വാമിയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള കടുത്ത ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഞങ്ങള്‍ ഐ.പി.എല്‍ തിരിച്ച് കൊണ്ടുവരാനുള്ള പാതയിലാണ്. ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ഞങ്ങള്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താനുള്ള അനുമതി നേടിയിട്ടുണ്ട്,’ കെ.എസ്.സി.എ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

Content Highlight: Virat Kohli and RCB is set for a return to Chinnaswamy stadium in IPL 2026: Report