എന്റമ്മോ... ദൈവത്തിന്റെ റെക്കോഡെല്ലാം തകരാന്‍ പോണേ... സച്ചിന്‍ മാത്രമല്ല, സംഗക്കാരയും വീഴും
Sports News
എന്റമ്മോ... ദൈവത്തിന്റെ റെക്കോഡെല്ലാം തകരാന്‍ പോണേ... സച്ചിന്‍ മാത്രമല്ല, സംഗക്കാരയും വീഴും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th February 2025, 10:44 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സ്വന്തമാക്കിയ മികച്ച വിജയത്തിന് ശേഷം ഏകദിന പരമ്പരയിലും വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇന്ത്യയിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം.

2024ല്‍ ഒറ്റ ഏകദിനത്തില്‍ പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ആകെ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ടപ്പോള്‍ ഒരു കളിയില്‍ സമനിലയും വഴങ്ങി. ശ്രീലങ്കക്ക് മുമ്പിലാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.

 

ഈ തോല്‍വിയടക്കം തുടര്‍ പരാജയങ്ങളുമായാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കൊരുങ്ങുന്നത്. ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും ശേഷം രഞ്ജി ട്രോഫിയിലും ഏറ്റുവാങ്ങേണ്ടി വന്ന പരാജയങ്ങള്‍ക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി നല്‍കുക എന്ന ലക്ഷ്യം തന്നെയായിരിക്കും വിരാടിനുണ്ടാവുക.

ഈ പരമ്പരയില്‍ സ്വന്തം കരിയര്‍ തന്നെ തിരുത്തിക്കുറിച്ച് ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരവും വിരാട് കോഹ്‌ലിക്ക് മുമ്പിലുണ്ട്. ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.

 

ക്രിക്കറ്റ് ചരിത്രത്തില്‍ വെറും രണ്ട് താരങ്ങള്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിച്ച എലീറ്റ് ലിസ്റ്റിലേക്കാണ് വിരാട് കണ്ണുവെക്കുന്നത്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (18,426), കുമാര്‍ സംഗക്കാര (14,234) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് 14,000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. 94 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ വിരാടിന് ഈ ചരിത്ര ലിസ്റ്റില്‍ ഇടം നേടാം.

കരിയറിലെ 283 ഏകദിനങ്ങളില്‍ നിന്നും 58.18 ശരാശരിയില്‍ 13,906 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം. 50 സെഞ്ച്വറിയും 72 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ കണക്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതുമാത്രമല്ല, മറ്റൊരു തകര്‍പ്പന്‍ നേട്ടവും വിരാടിന് സ്വന്തമാക്കാന്‍ സാധിക്കും. ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് വിരാട് നടന്നുകയറുക.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. കരിയറിലെ 350ാം ഇന്നിങ്‌സിലാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്.

ഏറ്റവും വേഗത്തില്‍ 14,000 ഒ.ഡി.ഐ റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 350 – പാകിസ്ഥാന്‍ – പെഷവാര്‍ – 2006

കുമാര്‍ സംഗക്കാര – ശ്രീലങ്ക/ ഏഷ്യ/ ഐ.സി.സി – 378 – ഓസ്‌ട്രേലിയ – സിഡ്‌നി – 2015

അതായത് ഇനിയുള്ള 66 ഇന്നിങ്‌സില്‍ നിന്ന് 96 റണ്‍സ് നേടിയാല്‍ പോലും വിരാടിന് സച്ചിനെ മറികടന്ന് ഈ നേട്ടത്തില്‍ ഒന്നാമനാകാന്‍ സാധിക്കും. എങ്കിലും ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി ആറിന് നടക്കുന്ന മത്സരത്തില്‍ തന്നെ വിരാട് ഈ നേട്ടത്തിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

 

Content highlight: Virat Kohli need just 94 runs to complete 14,000 ODI Runs