സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. സീരീസ് ഡിസൈഡറില്‍ ഒമ്പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ടീമിന്റെ നേട്ടം. ടെസ്റ്റില്‍ തങ്ങളെ നാണംകെടുത്തിയ പ്രോട്ടിയാസിനെതിരെ ടീമിന് പ്രതികാരം തീര്‍ക്കാനും ഇതിലൂടെ മെന്‍ ഇന്‍ ബ്ലൂവിന് സാധിച്ചു.
ഇന്ത്യയുടെ വിജയത്തിനൊപ്പം പരമ്പരയില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സംഹാര താണ്ഡവത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷിയായത്. തന്റെ കഴിവിനെ സംശയിച്ചവര്‍ക്ക് മറുപടിയായി തുടരെ സെഞ്ച്വറികള്‍ നേടിയാണ് താരം പ്രോട്ടിയാസിനെതിരെ നിറഞ്ഞാടിയത്. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ മൂന്നക്കം കടന്ന താരം അവസാന മത്സരത്തിലും നിര്‍ണായക പ്രകടനം നടത്തി.
വിരാട് കോഹ്‌ലി Photo: BCCI/x.com
മൂന്നാം മത്സരത്തില്‍ കോഹ്‌ലി പുറത്താവാതെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തില്‍ 45 പന്തില്‍ പുറത്താവാതെ 65 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ആദ്യ രണ്ട് മത്സരങ്ങളില്‍ 135, 102 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ഈ പ്രകടനങ്ങളുടെ മികവില്‍ പരമ്പരയിലെ ടോപ് സ്‌കോററാവാനും താരത്തിന് സാധിച്ചു.
പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കോഹ്‌ലിയ്ക്ക് 302 റണ്‍സാണുള്ളത്. ഇത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും നേടിക്കൊടുത്തു. ഒപ്പം വലം കയ്യന്‍ ബാറ്റര്‍ 2025ല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരവുമായി. ഈ കലണ്ടര്‍ ഇയറില്‍ 651 റണ്‍സ് അടിച്ചാണ് താരം ഈ നേട്ടം ഏറ്റെടുത്തത്.
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വിരാട് കോഹ്‌ലി Photo: BCCI/x.com
ഇതാകട്ടെ തന്റെ പ്രിയപ്പെട്ടവന്‍ രോഹിത്തിനെ മറികടന്നാണ് നേടിയത് എന്നാണ് ശ്രദ്ധേയം. ഇരുവരും തമ്മില്‍ ഒരു റണ്ണിന്റെ വ്യത്യാസമാണുള്ളത്. ഇതിനൊപ്പം തന്നെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ താരമെന്ന നേട്ടവും കോഹ്‌ലി തന്റെ പേരിലാക്കി.
ഒമ്പത് തവണയാണ് കോഹ്‌ലി ഇന്ത്യയുടെ ടോപ് സ്‌കോററായായത്. ഈ വര്‍ഷത്തിന് പുറമെ 2023, 2019, 2018, 2017, 2016, 2013, 2012, 2011 എന്നീ വര്ഷങ്ങളിലാണ് താരം തലപ്പത്തെത്തിയത്.