ഏകദിനത്തില്‍ ഇന്ത്യയുടെ സര്‍വാധിപത്യം; താണ്ഡവം തുടര്‍ന്ന് രോ-കോ!
Sports News
ഏകദിനത്തില്‍ ഇന്ത്യയുടെ സര്‍വാധിപത്യം; താണ്ഡവം തുടര്‍ന്ന് രോ-കോ!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th December 2025, 3:40 pm

ഏകദിന ക്രിക്കറ്റില്‍ സര്‍വാധിപത്യവുമായി ഇന്ത്യ. നിലവില്‍ ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഇന്ത്യ. മാത്രമല്ല ഏകദിന ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യ ആധിപത്യം സൃഷ്ടിച്ചിരിക്കുകയാണ്. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയുമാണുള്ളത്.

റാങ്കിങ്ങില്‍ 781 പോയിന്റുകള്‍ നേടിയാണ് രോഹിത് ഒന്നാം സ്ഥാനത്ത് തുടരുന്നത്. വിരാട് 773 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചലിനെ മറികടന്നാണ് വിരാട് മുന്നിലെത്തിയത്. 766 പോയിന്റാണ് ഡാരില്‍ മിച്ചലിനുള്ളത്. റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയത്.

ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങിന്റെ പൂര്‍ണ രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍, Photo: BCCI/x.com

നേരത്തെ രോഹിത് ഒന്നാം സ്ഥാനം കീഴടക്കിയപ്പോള്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് വിരാട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തില്‍ സെഞ്ച്വറിയും മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയാണ് വിരാട് തിളങ്ങിയത്. യഥാക്രമം 135, 102, 65* എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. അതേസമയം രോഹിത് ശര്‍മ രണ്ട് അര്‍ധസെഞ്ച്വറിയും മത്സരത്തില്‍ സ്വന്തമാക്കി. 57, 14, 75 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോര്‍.

നിലവില്‍ മറ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച രോഹിത്തും വിരാടും ഏകദിനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പാണ് ഇരുവരുടേയും ലക്ഷ്യം. ഏകദിന ടീമില്‍ നിന്ന് പരിശീലകന്‍ ഗംഭീറുമായുള്ള ചില സ്വരച്ചേര്‍ച്ചകള്‍ ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു സൂപ്പര്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയത്.

ഏകദിന ടീമില്‍ തുടരണമെങ്കില്‍ ഫിറ്റ്നസ് നില നിര്‍ത്താനും ആഭ്യന്തര മത്സരങ്ങള്‍ കളിക്കാനുമുള്‍പ്പെടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഗംഭീര്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതോടെ പല തരത്തിലും ഇന്ത്യന്‍ ടീമില്‍ പ്രശനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 271 ഇന്നിങ്‌സ് കളിച്ച രോഹിത് 11516 റണ്‍സാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരത്തിനുണ്ട്. 49.2 എന്ന ആവറേജാണ് രോഹിത്തിനുള്ളത്. 33 സെഞ്ച്വറിയും 61 അര്‍ധ സെഞ്ച്വറിയും രോഹിത് സ്വന്തമാക്കി.

വിരാട് കോഹ്‌ലി ഇന്ത്യയ്ക്ക് വേണ്ടി 296 ഇന്നിങ്‌സില്‍ നിന്ന് 14557 റണ്‍സാണ് നേടിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കി. 58.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍സ് വേട്ട. ഫോര്‍മാറ്റില്‍ 53 സെഞ്ച്വറിയും 76 അര്‍ധ സെഞ്ച്വറിയുമാണ് വിരാട് ഏകദിനത്തില്‍ നേടിയത്.

Content Highlight: Virat Kohli In Second Rank In ODI Batting Ranking