ഹൈദരാബാദില്‍ 'കിങ് കോഹ്‌ലി'; അനായാസം ഇന്ത്യ; ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടപ്പെട്ട ക്യാപ്റ്റന്റെ വിജയാഘോഷം ഇങ്ങനെ- വീഡിയോ
India-West Indies Match
ഹൈദരാബാദില്‍ 'കിങ് കോഹ്‌ലി'; അനായാസം ഇന്ത്യ; ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടപ്പെട്ട ക്യാപ്റ്റന്റെ വിജയാഘോഷം ഇങ്ങനെ- വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th December 2019, 10:37 pm

ഹൈദരാബാദ്: ക്യാപ്റ്റന്‍ മുന്നില്‍ നിന്നു പടനയിച്ച മത്സരത്തില്‍ അനായാസം വിജയം കൈപ്പിടിയിലൊതുക്കി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ട്വന്റി20 മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യമാണ് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ നേടിയത്.

ഒരറ്റത്ത് നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച വിരാട് കോഹ്‌ലിക്ക് (94) ആറ് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. എന്നാല്‍ മത്സരം വിജയിച്ച ശേഷം രണ്ട് കൈകളും ആകാശത്തേക്കുയര്‍ത്തി സെഞ്ചുറി നേടുമ്പോള്‍ നടത്തുന്ന ആഹ്ലാദ പ്രകടനമാണ് കോഹ്‌ലി നടത്തിയത്.

50 പന്തില്‍ ആറ് ഫോറും ആറ് സിക്‌സറും അടക്കമാണ് കോഹ്‌ലിയുടെ മിന്നല്‍ പ്രകടനം. 19-ാം ഓവറിലെ നാലാം പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ അടിച്ചായിരുന്നു കോഹ്‌ലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് കൂറ്റനടിക്കു ശേഷിയുള്ള രോഹിത് ശര്‍മയെ നാലാം ഓവറില്‍ നഷ്ടമായിരുന്നു. എട്ട് റണ്‍സ് മാത്രമാണ് രോഹിതിന് ഇക്കുറി നേടാനായത്.

എന്നാല്‍ കോഹ്‌ലി ഒരറ്റത്തെത്തുകയും ലോകേഷ് രാഹുല്‍ നിലയുറപ്പിക്കുകയും ചെയ്തതോടെ അനായാസം ഇന്ത്യ മുന്നേറുകയായിരുന്നു. 40 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും നാല് സിക്‌സറിന്റെയും സഹായത്തോടെയാണ് രാഹുല്‍ 62 റണ്‍സെടുത്തത്. 14-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

രാഹുലിനു ശേഷം വന്ന ഋഷഭ് പന്തിനാകട്ടെ, പതിവിനപ്പുറത്തേക്ക് ഒന്നും ചെയ്യാനായില്ല. നേടിയത് 18 റണ്‍സാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഒരറ്റത്തുനിന്ന് കോഹ്‌ലി ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.

വിന്‍ഡീസിനു വേണ്ടി ഖാറി പീറെയാണ് രണ്ട് വിക്കറ്റ് നേടിയത്. ഷെല്‍ഡണ്‍ കോട്ട്രല്‍, കീറന്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 207 റണ്‍സ് എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

രണ്ടാം ഓവറില്‍ത്തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിച്ചില്ല. എവിന്‍ ലൂയിസ് (40), ബ്രാന്‍ഡണ്‍ കിങ് (31), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (56), ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് (37), ജേസണ്‍ ഹോള്‍ഡര്‍ (24) എന്നിവര്‍ വേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ ചൂടറിഞ്ഞു. അവസാന 15 പന്തില്‍ 34 റണ്‍സാണ് ഹോള്‍ഡറും ദിനേഷ് രാംദിനും (ഏഴു പന്തില്‍ 11) ചേര്‍ന്നു ചേര്‍ത്തത്.

ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വീണ്ടും ട്വന്റി20 ക്രിക്കറ്റിലേക്കു തിരിച്ചുവന്ന ജഡേജയ്ക്കു വിക്കറ്റ് നേടാനായതിനു പുറമേ തമ്മില്‍ ഭേദപ്പെട്ട രീതിയില്‍ റണ്‍സ് വഴങ്ങാതിരിക്കാനും സാധിച്ചു. നാലോവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയ ജഡേജയാണ് ഇക്കോണമിയുടെ കാര്യത്തില്‍ ബൗളര്‍മാരില്‍ മുന്നില്‍.

മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിക്കൊണ്ടുതന്നെയാണ് ഇത്തവണയും ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനം നേരിടുന്ന ഋഷഭ് പന്ത് തന്നെയാണ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്.