ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിലേക്കു തള്ളിയിട്ടു; തൊട്ടുപിറകെ അസ്ഹറുദ്ദീന്റെ റെക്കോഡ് തകര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍
India vs South Africa
ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിലേക്കു തള്ളിയിട്ടു; തൊട്ടുപിറകെ അസ്ഹറുദ്ദീന്റെ റെക്കോഡ് തകര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st October 2019, 5:13 pm

റാഞ്ചി: റെക്കോഡുകളുടെ തോഴനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയില്‍ അടുത്ത റെക്കോഡും കടപുഴക്കി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചിരിക്കുകയാണ് കോഹ്‌ലി.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ടെസ്റ്റില്‍ ഏറ്റവുമധികം തവണ എതിര്‍ ടീമിനെ ഫോളോ ഓണിലേക്കു തള്ളിവിട്ടതിന്റെ റെക്കോഡാണ് കോഹ്‌ലിക്ക് ഇന്നു സ്വന്തമായത്.

എട്ടാം തവണയാണ് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ എതിര്‍ ടീമിനെ ഫോളോ ഓണിലേക്കു തള്ളിവിട്ടത്, ഈ പരമ്പരയില്‍ രണ്ടാം തവണയും. അസ്ഹറുദ്ദീന്‍ ഏഴു തവണയും മഹേന്ദ്ര സിങ് ധോനി അഞ്ചു തവണയും സൗരവ് ഗാംഗുലി നാലു തവണയുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ ഒമ്പത് വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്ത ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 162 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു.

335 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ലീഡാണിത്.

ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവ്, രണ്ടു വീതം വീക്കറ്റുകള്‍ നേടിയ രവീന്ദ്ര ജഡേജ, അരങ്ങേറ്റക്കാരന്‍ ഷഹബാസ് നദീം എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സുകളില്‍ മൂന്നോ അതിലധികമോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളറാണ് ഉമേഷ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ കോര്‍ട്ട്‌നി വാല്‍ഷാണ് ഒന്നാം സ്ഥാനത്ത്.

രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയാണ്. ഇപ്പോള്‍ എട്ട് വിക്കറ്റിന് 121 റണ്‍സ് എന്ന നിലയിലാണ് അവര്‍. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബൗളര്‍മാരില്‍ മുന്‍പില്‍.

ആദ്യ ഇന്നിങ്‌സിലേതുപോലെ ഉമേഷ് യാദവ് രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.