2026 ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 255 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ധർമശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്.
ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റൻ സ്കോർ ഉയർത്തിയത്. 33 പന്തിൽ നിന്നും പുറത്താവാതെ 93 റൺസ് നേടിയാണ് ആർ.സി.ബി ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
പടിദാറിന് പുറമെ വിരാട് കോഹ്ലി, ക്രുണാൽ പാണ്ഡ്യ എന്നിവർ 43 റൺസ് വീതവും നേടി ടീമിന് കൂറ്റൻ ടോട്ടൽ നൽകുന്നതിൽ നിർണായകമായി. ദേവദത്ത് പടിക്കൽ 30 റൺസും സ്വന്തമാക്കി. ഫിഫ്റ്റിക്കരികിലെത്തിയാണ് കോഹ്ലി പുറത്തായത്. മറ്റൊരു മത്സരത്തിൽ കൂടി 40 റൺസിനുള്ളിൽ പുറത്തായതോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ 40കളിൽ പുറത്താവുന്ന രണ്ടാമത്തെ താരമായും കോഹ്ലി മാറി. 19 തവണയാണ് ഇതുവരെ വിരാട് 40 റൺസിൽ നിൽക്കെ പുറത്താക്കിയിട്ടുള്ളത്.
മുൻ ഇന്ത്യൻ താരം ശിഖർ ധവാനെ മറികടന്നാണ് കോഹ്ലി രണ്ടാമത്തെത്തിയത്. 18 തവണയായിരുന്നു ധവാൻ ഈ റൺസിൽ പുറത്തായിരുന്നത്. 15 തവണ വീതം 40കളിൽ മടങ്ങിയ ന്യൂസിലാൻഡ് ഇതിഹാസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ എന്നിവരാണ് ഈ നിർഭാഗ്യ പട്ടികയിലെ മറ്റ് താരങ്ങൾ. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയാണ്. 20 തവണയാണ് രോഹിത് 40കളിൽ എതിരാളികൾക്ക് വിക്കറ്റ് നൽകി മടങ്ങിയത്.
Content Highlight: Virat Kohli enters a rare list in ipl history