| Wednesday, 3rd June 2026, 4:32 pm

ഒരേസമയം രണ്ടാമനും നാലാമനും; 'ഡബിള്‍ സെഞ്ച്വറി' തിളക്കത്തില്‍ രാജാവിന്റെ മടക്കം

Sudev A

2026 ഐ.പി.എല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ചെയ്സ് മാസ്റ്റര്‍ കോഹ്‌ലിയുടെ കരുത്തിലാണ് ഫൈനലില്‍ ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിജയിച്ചുകയറിയത്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ വിരാട് മൂന്ന് സിക്‌സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു.

സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി 16 മത്സരങ്ങളില്‍ നിന്നും 675 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കി. സീസണ്‍ അവസാനിക്കുമ്പോള്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയാണ് വിരാട് മടങ്ങുന്നത്.

ഐ.പി.എല്ലില്‍ ഓപ്പണറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന നാലാമത്തെ താരമായാണ് കോഹ്‌ലി മാറിയത്. 202 സിക്‌സുകളാണ് താരം ഇതുവരെ ഓപ്പണറായി അടിച്ചുകൂട്ടിയത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് വിരാട്. ആദ്യമായി ഈ ചരിത്ര നേട്ടം കൈവരിച്ചത് ദല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലാണ്. 210 സിക്‌സുകളാണ് ഓപ്പണറായി നേടിയത്.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഓപ്പണര്‍, സിക്‌സുകളുടെ എണ്ണം

ക്രിസ് ഗെയ്ല്‍-326

കെ.എല്‍ രാഹുല്‍-210

ഡേവിഡ് വാര്‍ണര്‍-210

വിരാട് കോഹ്‌ലി-202

രോഹിത് ശര്‍മ-161

അതേസമയം ഫൈനലിലെ താരമായതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന രണ്ടാമത്തെ താരമായും വിരാട് മാറി. ഈ നേട്ടത്തില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ലിനൊപ്പമാണ് വിരാട്. സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് വിരാട് രണ്ടാമനായത്. ലിസ്റ്റില്‍ ഒന്നാമന്‍ എ.ബി. ഡി വില്ലിയേഴ്സാണ്.

Content Highlight: Virat Kohli create a historical record in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more