ഏകദിനത്തില്‍ വെട്ടി, ഇനി... സെഞ്ച്വറി വേട്ടയില്‍ സച്ചിനെ മറികടക്കാന്‍ വേണ്ടത് വെറും നാല് സെഞ്ച്വറി മാത്രം!
Sports News
ഏകദിനത്തില്‍ വെട്ടി, ഇനി... സെഞ്ച്വറി വേട്ടയില്‍ സച്ചിനെ മറികടക്കാന്‍ വേണ്ടത് വെറും നാല് സെഞ്ച്വറി മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th December 2025, 9:10 am

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പരയിലൊപ്പമെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ബാവുമപ്പട മറികടന്നു.

വിരാട് കോഹ്‌ലിയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ കെട്ടിപ്പൊക്കിയ കൂറ്റന്‍ ടോട്ടല്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ കരുത്തില്‍ പ്രോട്ടിയാസ് മറികടന്നു. മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാള്‍ഡ് ബ്രെവിസ്, ക്യാപ്റ്റന്‍ തെംബ ബാവുമ എന്നിവരുടെ പ്രകടനവും സൗത്ത് ആഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായി.

83 പന്തില്‍ 105 റണ്‍സ് നേടിയാണ് ഗെയ്ക്വാദ് അന്താരാഷ്ട്ര ഏകദിനത്തില്‍ തന്റെ ആദ്യ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്. അതേസമയം, 93 പന്തില്‍ നിന്നും 102 റണ്‍സടിച്ച് വിരാട് 53ാം ഏകദിന സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചു. നേരത്തെ റാഞ്ചിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് സെഞ്ച്വറി നേടിയിരുന്നു.

വിരാട് കോഹ്ലി. Photo. BCCI/x.com

റായ്പൂരിലെ സെഞ്ച്വറിക്ക് പിന്നാലെ ഏറ്റവുമധികം ലിസ്റ്റ് എ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സച്ചിനോട് കൂടുതല്‍ അടുക്കാനും വിരാടിന് സാധിച്ചു. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ വെറും മൂന്ന് സെഞ്ച്വറികളാണ് ഇരുവരെയും വേര്‍തിരിക്കുന്നത്.

538 ഇന്നിങ്‌സില്‍ നിന്നും 60 ലിസ്റ്റ് എ സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. 49 സെഞ്ച്വറികള്‍ അന്താരാഷ്ട്ര ഏകദിനത്തില്‍ നേടിയ സച്ചിന്‍ 11 സെഞ്ച്വറികള്‍ ആഭ്യന്തര തലത്തിലും സ്വന്തമാക്കി.

അന്താരാഷ്ട്ര ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദ് 18 സെഞ്ച്വറികളുമായി ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെ ആഹ്ലാദം. Photo: BCCI/x.com

ഏറ്റവുമധികം ലിസ്റ്റ് എ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 538 – 60

വിരാട് കോഹ്‌ലി – 328 – 57*

രോഹിത് ശര്‍മ – 336 – 36

സൗരവ് ഗാംഗുലി – 421 – 31

ശിഖര്‍ ധവാന്‍ – 298 – 30

ഗൗതം ഗംഭീര്‍ – 292 – 21

രാഹുല്‍ ദ്രാവിഡ് – 416 – 21

യുവരാജ് സിങ് – 389 – 19

ഋതുരാജ് ഗെയ്ക്വാദ് – 88 – 18*

മായങ്ക് അഗര്‍വാള്‍ – 123 – 18

അതേസമയം, രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ ഡിസംബര്‍ ആറിന് നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ആവേശപ്പോരാകുമെന്നുറപ്പാണ്. വിസാഖാണ് സീരീസ് ഡിസൈഡര്‍ മത്സരത്തിന് വേദിയാകുന്നത്.

ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനാകും എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയം സാക്ഷിയാവുക.

 

Content Highlight: Virat Kohli completed 57th List A century