ഫോമിലെത്തിയാല്‍ ഇന്ത്യ ജയിക്കാന്‍ ഇങ്ങേര്‍ മാത്രം മതി; പോണ്ടിങ്ങിനൊപ്പം, സച്ചിനും സാക്ഷാല്‍ റിച്ചാര്‍ഡ്‌സിനും സാധിക്കാത്തത്
Sports News
ഫോമിലെത്തിയാല്‍ ഇന്ത്യ ജയിക്കാന്‍ ഇങ്ങേര്‍ മാത്രം മതി; പോണ്ടിങ്ങിനൊപ്പം, സച്ചിനും സാക്ഷാല്‍ റിച്ചാര്‍ഡ്‌സിനും സാധിക്കാത്തത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th February 2025, 4:22 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരം അഹമ്മദാബാദില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇത്തവണ ബൗളിങ് തെരഞ്ഞെടുത്തു.

ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരവും ക്ലീന്‍ സ്വീപ് ചെയ്ത് ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ ആവശ്യമായ മൊമെന്റം സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനകള്‍ നല്‍കിയ മത്സരം കൂടിയായിരുന്നു അഹമ്മദാബാദിലേത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തിയ വിരാട്, ബരാബതി സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. പരിക്ക് മൂലം വിരാടിന് ആദ്യ മത്സരം കളിക്കാന്‍ സാധിച്ചിരുന്നില്ല.

മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് കോഹ്‌ലി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയത്. 55 പന്തില്‍ നിന്നും 52 റണ്‍സുമായാണ് താരം പുറത്തായത്.

അര്‍ധ സെഞ്ച്വറി നേട്ടത്തിന് പുറമെ മറ്റുചില റെക്കോഡുകളും വിരാട് സ്വന്തമാക്കിയിരുന്നു. ഏഷ്യയില്‍ 16,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം ഇംഗ്ലണ്ടിനെതിരെ 4,000 റണ്‍സ് മാര്‍ക്കും പിന്നിട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരെ 4,000 റണ്‍സ് മാര്‍ക് പിന്നിട്ടതോടെ പല ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കും സാധിക്കാത്ത ചരിത്ര റെക്കോഡിനും വിരാട് ഉടമയായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ടീമിനെതിരെ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായാണ് വിരാട് മാറിയത്.

മൂന്നാം ടീമിനെതിരെയാണ് വിരാട് ഇപ്പോള്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് മാത്രമാണ് ഇതിന് മുമ്പ് മൂന്ന് വിവിധ ടീമുകള്‍ക്കെതിരെ 4,000 റണ്‍സ് നേടിയത്.

ഏറ്റവുമധികം ടീമുകള്‍ക്കെതിരെ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – എത്ര ടീമുകള്‍ക്കെതിരെ 4,000 റണ്‍സ് നേടി – ടീമുകള്‍ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി (ഇന്ത്യ) – 3 – ഓസ്‌ട്രേലിയ, ശ്രീലങ്ക – ഇംഗ്ലണ്ട്*

റിക്കി പോണ്ടിങ് (ഓസ്ട്രലിയ) – 3 – ഇംഗ്ലണ്ട്, ഇന്ത്യ, സൗത്ത് ആഫ്രിക്ക

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 2 – ഓസ്‌ട്രേലിയ, ശ്രീലങ്ക

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 2 – ഇന്ത്യ, പാകിസ്ഥാന്‍

സര്‍ വിവ് റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) – 2 – ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ

 

അതേസമയം, 37 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 102 പന്തില്‍ 112 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.

58 പന്തില്‍ 69റണ്‍സുമായി ശ്രേയസ് അയ്യരും അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

 

Content Highlight: Virat Kohli completed 4,000 runs against 3 different teams