എത്രയും വേഗം ഞായറാഴ്ചയാകണേ… ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥനയാണിത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുന്നത് ഒക്ടോബര്‍ 19 ഞായറാഴ്ചയാണ്.
മൂന്ന് ഏകദിനവും അഞ്ച് ടി-20യും അടങ്ങിയ പരമ്പരകള്‍ക്കായാണ് ഇന്ത്യ കങ്കാരുക്കളുടെ മണ്ണിലെത്തിയിരിക്കുന്നത്. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം നടക്കുക.
നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും കളിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരെ 2,500 ഏകദിന റണ്‍സ് എന്ന വ്യക്തഗത റെക്കോഡ് കൂടി ലക്ഷ്യമിട്ടാണ് ഇരുവരും കളത്തിലിറങ്ങുന്നത്. നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരെ 2,500 റണ്‍സ് മാര്‍ക് പിന്നിട്ട താരം.
48 ഇന്നിങ്‌സില്‍ നിന്നും 54.5 ശരാശരിയില്‍ 2,451 റണ്‍സ് നേടിയ വിരാട് കോഹ്‌ലിക്ക് 49 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ റെക്കോഡിലെത്താം. അതേസമയം, 93 റണ്‍സാണ് ഈ നേട്ടത്തിനായി രോഹിത് ശര്‍മയ്ക്ക് ആവശ്യമുള്ളത്. 46 ഇന്നിങ്‌സില്‍ നിന്നും 57.3 ശരാശരിയില്‍ 2,407 റണ്‍സാണ് നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി വിന്നിങ് ക്യാപ്റ്റന്റെ പേരിലുള്ളത്.