ഗില്ലിന് മുമ്പേ രോഹിത് ഔട്ടായത് കൊണ്ട് മാത്രം നേടാനാകാതെ പോയത്! രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയടിക്കാന്‍ രോ-കോ
Sports News
ഗില്ലിന് മുമ്പേ രോഹിത് ഔട്ടായത് കൊണ്ട് മാത്രം നേടാനാകാതെ പോയത്! രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയടിക്കാന്‍ രോ-കോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st October 2025, 9:36 am

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. ഒക്ടോബര്‍ 19ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉള്‍പ്പടെ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിരുന്നു. രോഹിത് എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ പൂജ്യത്തിനാണ് കോഹ്‌ലി തിരിച്ചുനടന്നത്. ക്യാപ്റ്റന്‍ ഗില്‍ പത്ത് റണ്‍സിനും പുറത്തായി.

വിരാട് ബാറ്റിങ്ങിനിറങ്ങും മുമ്പ് തന്നെ മുന്‍ നായകന്‍ രോഹിത് ശര്‍മ പുറത്തായതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിന്റെ പിറവിയും ഇല്ലാതായി. ബാറ്റിങ് പെയര്‍ എന്ന നിലയില്‍ നൂറ് ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ നേട്ടമാണ് ഇല്ലാതായത്.

വിരാട് കളത്തിലിറങ്ങുമ്പോള്‍ മറുവശത്ത് രോഹിത് ശര്‍മയുണ്ടാവുക എന്നത് മാത്രമായിരുന്നു ഈ റെക്കോഡ് നേടാന്‍ ഇരുവര്‍ക്കും വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ വിക്കറ്റായി രോഹിത് മടങ്ങിയതോടെ ഈ റെക്കോഡും പിറവിയെടുക്കാതെ പോയി.

ഇതിനൊപ്പം തന്നെ മറ്റൊരു നേട്ടവും ഇവരുടെ പേരില്‍ കുറിക്കപ്പെടാന്‍ സാധ്യതകളേറെയാണ്. ഇനിയുള്ള രണ്ട് ഏകദിനങ്ങളില്‍ നിന്നുമായി ബാറ്റിങ് പെയര്‍ എന്ന നിലയില്‍ 161 റണ്‍സ് സ്വന്തമാക്കിയാല്‍ മതി.

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സടിക്കുന്ന രണ്ടാമത് ബാറ്റിങ് പെയര്‍ എന്ന റെക്കോഡാണ് ഇരുവര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുക.

2010 മുതല്‍ 2025 വരെയുള്ള ഒന്നര പതിറ്റാണ്ട് കാലയളവിലെ 99 ഇന്നിങ്സില്‍ നിന്നും 5,315 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ലങ്കന്‍ ഇതിഹാസങ്ങളായ കുമാര്‍ സംഗക്കാരയെയും തിലകരത്നെ ദില്‍ഷനെയും മറികടക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോഹിത്തിനും വിരാടിനും മുമ്പിലുള്ളത്.

ഏകദിനത്തില്‍ ഏറ്റവുമധികം സ്‌കോര്‍ സ്വന്തമാക്കിയ ബാറ്റിങ് കൂട്ടുകെട്ട്

(താരങ്ങള്‍ – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സൗരവ് ഗാംഗുലി & സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 176 – 8,227

കുമാര്‍ സംഗക്കാര & തിലകരത്നെ ദില്‍ഷന്‍ – ശ്രീലങ്ക – 108 – 5,475

രോഹിത് ശര്‍മ & വിരാട് കോഹ്‌ലി – ഇന്ത്യ – 99 – 5,315

ആദം ഗില്‍ക്രിസ്റ്റ് & മാത്യു ഹെയ്ഡന്‍ – ഓസ്ട്രേലിയ – 114 – 5,310

ഗോര്‍ഡന്‍ ഗ്രീനിഡ്ജ് & ഡെസ്മണ്ട് ഹെയ്ന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 102 – 5,212

ഒക്ടോബര്‍ 23നാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്‌ലെയ്ഡ് ഓവലാണ് വേദി. ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മണിക്കാണ് മത്സരം.

 

 

Content Highlight: Virat Kohli and Rohit Sharma need to play one more match together to break the record of batting pair playing 100 innings together.