| Monday, 8th September 2025, 9:14 am

കോഹ്‌ലിയും രോഹിത്തും ഈ മാസം തന്നെ കളത്തില്‍? ഇറങ്ങുക സൂപ്പർ ടീമിനെതിരെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഈ മാസം തന്നെ കളത്തില്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വഴിയൊരുങ്ങുന്നു. ഇരുവരും ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് നടക്കുന്ന ഓസ്‌ട്രേലിയ എ-യ്ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ കളിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയ എ-യ്ക്കെതിരെ ഇന്ത്യയ്ക്ക് മൂന്ന് ഏകദിന മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മാസം 30നാണ് ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള മത്സരങ്ങള്‍ തുടങ്ങുക. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിനും ഒക്ടോബര്‍ അഞ്ചിനുമാണ് നടക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക.

ഈ മത്സരങ്ങളില്‍ കോഹ്‌ലിയും രോഹിത്തും കളിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌ട്രേലിയ എ ടീമിനെതിരെ കളിക്കാന്‍ കോഹ്‌ലി ലണ്ടനില്‍ നിന്ന് എത്തുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. എന്‍.സി.എ യില്‍ ഫിറ്റ്‌നസ് തെളിയിച്ച രോഹിത്തും ടീമിന്റെ ഭാഗമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ പകുതിയോടെ തുടങ്ങുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനായി ടീമിനെ ഒരുക്കുന്നതിനാണ് ഇതെന്നാണ് വിവരം.

അതേസമയം, സെപ്റ്റംബര്‍ ആറിന് ഓസ്ട്രേലിയ എ-യ്ക്കെതിരായ രണ്ട് മള്‍ട്ടി ഡേ മാച്ചിനുള്ള ഇന്ത്യ എ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏഷ്യ കപ്പിനുള്ള സ്‌ക്വാഡില്‍ ഇടം ലഭിക്കാത്ത ശ്രേയസ് അയ്യരിനെ ക്യാപ്റ്റനാക്കിയാണ് ബി.സി.സി.ഐ 17 അംഗ സ്‌ക്വാഡിനെ തെരഞ്ഞെടുത്തത്.

രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജുറെലാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി എത്തുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയാണ് ഈ പരമ്പര നടക്കുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 19 വരെ ആദ്യ മത്സരവും സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ രണ്ടാം മത്സരവും അരങ്ങേറും. ലഖ്നൗവാണ് രണ്ട് പോരാട്ടങ്ങള്‍ക്കും വേദിയാകുന്നത്.

ഇന്ത്യ എ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷ് ദുബെ, ആയുഷ് ബദോണി, നിതീഷ് കുമാര്‍ റെഡ്ഡി, തനുഷ് കോട്ടിയന്‍, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ഖലീല്‍ അഹമ്മദ്, മാനവ് സുതര്‍, യാഷ് താക്കൂര്‍, കെ.എല്‍. രാഹുല്‍, മുഹമ്മദ് സിറാജ്

Content Highlight: Virat Kohli and Rohit Sharma is likely to play for India A in unofficial ODI series against Australia A

We use cookies to give you the best possible experience. Learn more