ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഈ മാസം തന്നെ കളത്തില്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വഴിയൊരുങ്ങുന്നു. ഇരുവരും ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് നടക്കുന്ന ഓസ്‌ട്രേലിയ എ-യ്ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ കളിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയ എ-യ്ക്കെതിരെ ഇന്ത്യയ്ക്ക് മൂന്ന് ഏകദിന മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മാസം 30നാണ് ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള മത്സരങ്ങള്‍ തുടങ്ങുക. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിനും ഒക്ടോബര്‍ അഞ്ചിനുമാണ് നടക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക.
ഈ മത്സരങ്ങളില്‍ കോഹ്‌ലിയും രോഹിത്തും കളിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌ട്രേലിയ എ ടീമിനെതിരെ കളിക്കാന്‍ കോഹ്‌ലി ലണ്ടനില്‍ നിന്ന് എത്തുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. എന്‍.സി.എ യില്‍ ഫിറ്റ്‌നസ് തെളിയിച്ച രോഹിത്തും ടീമിന്റെ ഭാഗമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ പകുതിയോടെ തുടങ്ങുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനായി ടീമിനെ ഒരുക്കുന്നതിനാണ് ഇതെന്നാണ് വിവരം.
അതേസമയം, സെപ്റ്റംബര്‍ ആറിന് ഓസ്ട്രേലിയ എ-യ്ക്കെതിരായ രണ്ട് മള്‍ട്ടി ഡേ മാച്ചിനുള്ള ഇന്ത്യ എ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏഷ്യ കപ്പിനുള്ള സ്‌ക്വാഡില്‍ ഇടം ലഭിക്കാത്ത ശ്രേയസ് അയ്യരിനെ ക്യാപ്റ്റനാക്കിയാണ് ബി.സി.സി.ഐ 17 അംഗ സ്‌ക്വാഡിനെ തെരഞ്ഞെടുത്തത്.
രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജുറെലാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി എത്തുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയാണ് ഈ പരമ്പര നടക്കുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 19 വരെ ആദ്യ മത്സരവും സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ രണ്ടാം മത്സരവും അരങ്ങേറും. ലഖ്നൗവാണ് രണ്ട് പോരാട്ടങ്ങള്‍ക്കും വേദിയാകുന്നത്.