ഡി വില്ലിയേഴ്‌സിനൊപ്പം ഒന്നാമന്‍, രോഹിത്തിനൊപ്പം രണ്ടാമന്‍; 2025 അവസാനിക്കുമ്പോഴും മാറ്റ് കൂടുന്നു
Sports News
ഡി വില്ലിയേഴ്‌സിനൊപ്പം ഒന്നാമന്‍, രോഹിത്തിനൊപ്പം രണ്ടാമന്‍; 2025 അവസാനിക്കുമ്പോഴും മാറ്റ് കൂടുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th December 2025, 9:14 pm

ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. രോഹിത് ശര്‍മ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

ഡാരില്‍ മിച്ചലിനെയും ഇബ്രാഹിം സദ്രാനെയും ഓരോ സ്ഥാനങ്ങള്‍ പടിയിറക്കിയാണ് വിരാട് രണ്ടാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തിയത്. ഇതോടെ രണ്ടാം റാങ്കോടെ 2025 അവസാനിപ്പിക്കാനും വിരാട് കോഹ്‌ലിക്ക് സാധിച്ചു.

ഇതിനൊപ്പം ഏറ്റവുമധികം തവണ ഒരു കലണ്ടര്‍ ഇയറില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അവസാനിപ്പിക്കുന്ന ബാറ്റിങ് ജോഡികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ബ്രയാന്‍ ലാറയ്ക്കും ഒപ്പമെത്താനും രോഹിത്തിനും വിരാടിനും സാധിച്ചു. ഇത് നാലാം തവണയാണ് വിരാടും രോഹിത്തും ഏകദിന റാങ്കിങ്ങില്‍ ഒന്നാമതോ രണ്ടാമതോ ആയി ഒരു കലണ്ടര്‍ ഇയര്‍ അവസാനിപ്പിക്കുന്നത്.

വിരാടും രോഹിത്തും. Photo: BCCI/X.com

2018, 2019, 2020, 2025 വര്‍ഷങ്ങളിലാണ് ഇരുവരും ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ പങ്കിട്ടത്. 2018, 2019, 2020 വര്‍ഷങ്ങള്‍ അവസാനിക്കുമ്പോള്‍ വിരാട് കോഹ്‌ലി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രോഹിത് ശര്‍മയായിരുന്നു രണ്ടാമത്. ഇത്തവണ രോഹിത് ഒന്നാമതും വിരാട് രണ്ടാമതുമായി ഫിനിഷ് ചെയ്തു.

ഏറ്റവുമധികം കലണ്ടര്‍ ഇയറില്‍ ആദ്യ രണ്ട് റാങ്കുകളിലെത്തുന്ന ജോഡികളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് വിരാടും രോഹിത്തും. അഞ്ച് വര്‍ഷങ്ങളില്‍ മികച്ചതാകാന്‍ പരസ്പരം മത്സരിച്ച എ.ബി. ഡി വില്ലിയേഴ്‌സും വിരാട് കോഹ്‌ലിയുമാണ് ഈ പട്ടികയില്‍ ഒന്നാമത്.

വിരാടും ഡി വില്ലിയേഴ്സും. Photo: Kevin/X.com

 

ഒരു ജോഡിയെന്ന നിലയില്‍ ഏറ്റവുമധികം തവണ ഏകദിന റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒരു കലണ്ടര്‍ ഇയര്‍ അവസാനിപ്പിച്ച താരങ്ങള്‍

താരങ്ങള്‍ – എത്ര തവണ എന്നീ ക്രമത്തില്‍ (ബ്രാക്കറ്റില്‍ വര്‍ഷങ്ങള്‍)

എ.ബി. ഡി വില്ലിയേഴ്‌സ് & വിരാട് കോഹ്‌ലി – 5 (2013, 2014, 2015, 2016, 2017)

വിരാട് കോഹ്ലി & രോഹിത് ശര്‍മ – 4 (2018, 2019, 2020, 2025)*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & ബ്രയാന്‍ ലാറ – 4 (1994, 1995, 1996, 1998)

ഹാഷിം അംല & എ.ബി ഡി വില്ലിയേഴ്‌സ് – 3 (2010, 2011, 2012)

വിവ് റിച്ചാര്‍ഡ്‌സ് & സഹീര്‍ അബ്ബാസ് – 3 (1982, 1983, 1984)

ഡെസ്മണ്ട് ഹെയ്ന്‍സ് & ഡേവിഡ് ജോണ്‍സ് – 3 (1989, 1990, 1991)

ഇതിനൊപ്പം മറ്റൊരു ഐതിഹാസിക നേട്ടം കൂടി വിരാടിന്റെ പേരില്‍ കുറിക്കപ്പെടുമായിരന്നു. ഏറ്റവുമധികം തവണ ടോപ് റാങ്ക്ഡ് ഒ.ഡി.ഐ ബാറ്റര്‍ ആയി കലണ്ടര്‍ ഇയര്‍ അവസാനിപ്പിക്കാനുള്ള അവസരമായിരുന്നു വിരാടിന്റെ കയ്യകലത്തുണ്ടായിരുന്നത്. എന്നാല്‍ കേവലം ഒമ്പത് പോയിന്റിന്റെ കുറവില്‍ അത് നഷ്ടപ്പെടുകയായിരുന്നു.

വിരാട് കോഹ്ലി. Photo: BCCI/X.com

നാല് തവണയാണ് വിരാട് ആദ്യ റാങ്കുകാരനായി ഒരു വര്‍ഷം അവസാനിപ്പിച്ചത്. അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ സര്‍ വിവ് റിച്ചാര്‍ഡ്‌സ്, ഗ്രെഗ് ചാപ്പല്‍, ബ്രയാന്‍ ലാറ എന്നിവരാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

 

Content Highlight: Virat Kohli and Rohit Sharma climbs to 2nd in ending most years as Top 2 ranked ODI batters as a duo