തന്റെ ജേഴ്‌സി നമ്പറായ 18 തനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് വിരാട് കോഹ്‌ലി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായപ്പോള്‍ തനിക്ക് ആദ്യം ലഭിച്ചത് 18ാം നമ്പര്‍ ജേഴ്‌സി ആയിരുന്നെന്നാണ് വിരാട് പറയുന്നത്.
ഇതിനൊപ്പം തന്റെ പിതാവ് അന്തരിച്ചത് ഡിസംബര്‍ 18നാണെന്നും ഇതിന് ശേഷം 18ാം നമ്പറിന് തന്റെ ജീവിതത്തില്‍ സുപ്രധാന സ്ഥാനം ഉണ്ടായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.
‘ഇന്ത്യന്‍ ടീമിലെ ജേഴ്‌സി ലഭിക്കാന്‍ വേണ്ടിയാണ് എന്റെ ജീവിതത്തിലുടനീളം ഞാന്‍ കഠിനാധ്വാനം ചെയ്തത്. 18ാം നമ്പര്‍, ഞാന്‍ അണ്ടര്‍ 19 ടീമിലെത്തിയപ്പോള്‍ എനിക്ക് ആദ്യമായി ലഭിച്ചത് 18ാം നമ്പറായിരുന്നു.
എന്റെ പിതാവ് അന്തരിച്ചത് ഡിസംബര്‍ 18നാണ്. ഇതിന് ശേഷമാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഈ നമ്പര്‍ എന്നെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്,’ വിരാട് പറഞ്ഞു.
അതേസമയം, രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ വിരാട് കോഹ്‌ലിയും റെഡ് ബോള്‍ ഫോര്‍മാറ്റിനോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരന്നിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂണ്‍ അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കോഹ്‌ലിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീം സെലക്ഷന്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മെയ് ഏഴിന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ അറിയിച്ചത്.
രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടീമിനെ നയിക്കാന്‍ പുതിയ ക്യാപ്റ്റനെ തേടുന്നതിനിടയിലാണ് വിരാടും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 11 വര്‍ഷത്തോളം ഇന്ത്യന്‍ ടെസ്റ്റിന്റെ ഭാഗമായിരുന്നു. ഇരുവരും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്.
Content Highlight: Virat Kohli about his jersey number