പ്രോട്ടിയാസിനെതിരെ തിളങ്ങാന്‍ കോഹ്‌ലി; സൂപ്പര്‍നേട്ടത്തിന് വേണ്ടത് ഇത്ര മാത്രം!
Sports News
പ്രോട്ടിയാസിനെതിരെ തിളങ്ങാന്‍ കോഹ്‌ലി; സൂപ്പര്‍നേട്ടത്തിന് വേണ്ടത് ഇത്ര മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th November 2025, 8:47 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും കളി വീണ്ടും കാണാനാവുമെന്നാണ് ഇതിന് കാരണം. ഈ പരമ്പരയ്ക്ക് തുടക്കമാവുന്നത് നവംബര്‍ 30നാണ്.

മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യയിലെ പല വേദികളില്‍ അരങ്ങേറുന്നത്. റാഞ്ചിയിലാണ് ആദ്യ മത്സരം. ഓസ്ട്രേലിയക്കെതിരെ അവസാന മത്സരത്തില്‍ ഇരുവരും നടത്തിയ വെടിക്കെട്ട് പ്രോട്ടിയാസിനെതിരെയും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഒരു സൂപ്പര്‍ നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് മുന്‍ നായകന് സാധിക്കുക. ഇതിനെയായി 344 റണ്‍സാണ് താരത്തിന് ആവശ്യം.

വിരാട് കോഹ്‌ലി ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ Photo: BCCI/X.com

പ്രോട്ടിയാസിനെതിരെ ഈ റണ്‍സ് നേടാനായാല്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ കോഹ്‌ലിയ്ക്ക് മറികടക്കാനാവും. സംഗക്കാരയ്ക്ക് എല്ലാ ഫോര്‍മാറ്റില്‍ നിന്നും 28016 റണ്‍സാണുള്ളത്. 27673 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ (ടെസ്റ്റ് + ഏകദിനം + ടി – 20)

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34357

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28016

വിരാട് കോഹ്‌ലി – ഇന്ത്യ – 27673

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 27483

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 25957

അതേസമയം, പ്രോട്ടിയാസിനെതിരെ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് പുതിയ നായകനാണ്. ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ കെ.എല്‍ രാഹുലാണ് ഈ പരമ്പരയിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പരിക്കേറ്റ ശ്രേയസ് അയ്യരും ഇല്ലാത്തതോടെയാണ് രാഹുലിന് നറുക്ക് വീണത്.

Content Highlight: Virat Kohli needs 344 runs to become second highest runscorer in International cricket surpassing Kumar Sangakara