അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ അസോസിയേറ്റ് താരമായി മലേഷ്യന്‍ സൂപ്പര്‍ താരം വിരണ്‍ദീപ് സിങ്. ഈ നേട്ടത്തിലെത്തുന്ന പത്താം താരം കൂടിയാണ് ഈ ഇന്ത്യന്‍ വംശജന്‍.
തന്റെ കരിയറിലെ 98 ഇന്നിങ്‌സില്‍ നിന്നും 3,013 റണ്‍സാണ് സിങ് അടിച്ചെടുത്തത്. 37.66 ശരാശരിയിലും 127.94 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്. അന്താരാഷ്ട്ര ടി-20യില്‍ ഒരു സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും വിരണ്‍ദീപ് സിങ്ങിന്റെ പേരിലുണ്ട്.
അന്താരാഷ്ട്ര തലത്തിലെ പല ടി-20 ടൈറ്റന്‍സിനും ഇനിയും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടത്തിലേക്കാണ് മലേഷ്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കാലെടുത്ത് വെച്ചിരിക്കുന്നത്.
2019 ജൂണ്‍ നാലിന് തായ്‌ലന്‍ഡിനെതിരെയാണ് വിരണ്‍ദീപ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശാജനകമായ അരങ്ങേറ്റമായിരുന്നു താരത്തിന്റേത്. നാല് പന്ത് നേരിട്ട സിങ് പൂജ്യത്തിന് മടങ്ങി. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ മങ്ങിയെങ്കിലും പന്തെറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി സിങ് വരവറിയിച്ചു. തുടര്‍ന്നും മികടച്ച പ്രകടനങ്ങളുമായി തിളങ്ങിയ താരം സമോവക്കെതിരെ 3,000 ടി-20ഐ റണ്‍സ് മാര്‍ക്കും പിന്നിട്ടു.
ബാറ്റിങ്ങില്‍ ചരിത്ര നേട്ടത്തിലെത്തിയ വിരണ്‍ദീപ് ബൗളിങ്ങിലും മറ്റൊരു നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 100 അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ എന്ന നേട്ടത്തിലെത്താന്‍ വെറും മൂന്ന് വിക്കറ്റുകള്‍ കൂടിയാണ് മലേഷ്യന്‍ സൂപ്പര്‍ താരത്തിന് വേണ്ടത്. മൂന്ന് വിക്കറ്റ് കൂടിയ നേടാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സും നൂറ് വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും സിങ് റെക്കോഡിടും.
Content highlight: Virandeep Singh becomes the 1st associate player to complete 3,000 T20I runs