| Monday, 13th January 2025, 10:27 pm

സിനിമ ജീവിതത്തിൽ എന്നെ ചിരിപ്പിച്ചതും കരയിപ്പിച്ചതും മോഹൻലാലാണ്: ക്യാമറാമാൻ വിപിൻ മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടോടിക്കാറ്റ്, വരവേൽപ്പ്, പട്ടണ പ്രവേശം, പിൻഗാമി തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്കായി ക്യാമറ കണ്ണുകളിൽ ഒതുക്കിയ ചായഗ്രാഹകനാണ് വിപിൻ മോഹൻ. സത്യൻ അന്തിക്കാട് – വിപിൻ മോഹൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല.

പിന്നീട് സംവിധായകനായും വിപിൻ മോഹൻ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ വിപിൻ മോഹന് സാധിച്ചിട്ടുണ്ട്.

സിനിമ ജീവിതത്തിൽ തന്നെ ചിരിപ്പിച്ചതും കരയിപ്പിച്ചതും മോഹൻലാലാണെന്ന് പറയുകയാണ് വിപിൻ മോഹൻ. ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ മോഹൻലാലിൻറെ പ്രകടനം കണ്ട് തനിക്ക് കട്ട് പറയാൻ പറ്റിയില്ലെന്നും അതുപോലെ നാടോടിക്കാറ്റിലെ മോഹൻലാലിൻറെ പ്രകടനം കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ റായിയെ പോലെ ഭംഗിയുള്ള ഒരു സ്ത്രീയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അഭിനയം കൊണ്ടുകൂടിയാണ് മമ്മൂട്ടിക്ക് സൗന്ദര്യം കൂടുന്നതെന്നും കൂട്ടിച്ചേർത്തു.

സിനിമാ ജീവിതത്തിൽ എന്നെ കരയിപ്പിച്ചതും ചിരിപ്പിച്ചതും മോഹൻലാലാണ്
– വിപിൻ മോഹൻലാൽ

‘സിനിമാ ജീവിതത്തിൽ കരയിപ്പിച്ചതും ചിരിപ്പിച്ചതും മോഹൻലാലാണ്. ആദ്യത്തെ സിനിമ ‘തിരനോട്ടം’ മുതൽ എനിക്ക് ലാലിനെ അറിയാം. ലാലുമായുള്ള ആദ്യത്തെ സിനിമ ‘ടി.പി.ബാലഗോപാലാനാണ്. അത് എന്നെ കരയിപ്പിച്ച സിനിമയാണ്. അനിയത്തിയെ കല്യാണം കഴിപ്പിച്ച് 50 രൂപ എടുത്ത് ഡയലോഗ് പറയുന്ന സീൻ എനിക്ക് മറക്കാനാവില്ല. ആ സീൻ കണ്ടപ്പോൾ ഞാൻ കരഞ്ഞു.

സത്യൻ അന്തിക്കാട് സീൻ ഓക്കെയാണോ എന്ന് ചോദിച്ചപ്പോൾ കരച്ചിൽ കൊണ്ട് എനിക്ക് ഓക്കെ എന്ന് പോലും പറയാനായില്ല. അതുപോലെ ചിരിപ്പിച്ച നടനും ലാലാണ്. ചിരിപ്പിച്ച് ക്യാമറ പോലും വീണിട്ടുണ്ട്. ‘നാടോടിക്കാറ്റ്’ സിനിമയിലൊക്കെ ഭയങ്കര ചിരിയായിരുന്നു. ശ്രീനിവാസൻ കൂടി ഉണ്ടെങ്കിൽ ചിരി കൂടും.

സ്ത്രീകളിൽ ഐശ്വര്യ റായിയെ ഷൂട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ലണ്ടനിൽ ഷൂട്ട് നടക്കുമ്പോൾ മധു എന്നോട് പോരാൻ പറഞ്ഞു. ഞാൻ ഇല്ലെന്ന് പറഞ്ഞു. ഐശ്വര്യ റായ് ആണ് നടിയെന്ന് പറഞ്ഞതോടെ ഓക്കെ പറഞ്ഞു. ഇത്രയും ഭംഗിയുള്ള സ്ത്രീയെ കണ്ടിട്ടില്ല. പ്രൊഫഷണലിസവും ഗംഭീരം. ജഗ്ഗ്‌മുന്ദ്ര സംവിധാനം ചെയ്‌ത ‘പ്രൊവോക്ക്‌ഡ്’ എന്ന ചിത്രമായിരുന്നു അത്. അതുപോലെ മമ്മൂട്ടിക്ക് അഭിനയം കൊണ്ട് കൂടിയാണ് സൗന്ദര്യം കൂടുന്നതെന്ന് തോന്നിയിട്ടുണ്ട്,’വിപിൻ മോഹൻ പറയുന്നു.

Content Highlight: Vipin Mohan About Mohanlal’s Acting

We use cookies to give you the best possible experience. Learn more