മലയാളികൾ ആഘോഷമാക്കുകയാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2. വലിയ താര നിരയോ ഹൈപ്പോ നൽകാതെ എത്തിയ ചിത്രം ഇൻസ്റ്റഗ്രാം റീലിലൂടെ വൈറലായ ഹാഷിറിനെയും സംഘത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ഒരുക്കിയത്.
ചിത്രം ഇതിനോടകം 200 കോടി എന്ന കളക്ഷൻ റെക്കോർഡും സ്വന്തമാക്കി മികച്ച അഭിപ്രായം നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്. 2024 ൽ പുറത്തിറങ്ങിയ വാഴ: എ ബയോപിക്ക് ഓഫ് ബില്യൺ ബോയ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കിയിരിക്കുന്നത് വിപിൻ ദാസാണ്.
വെറുമൊരു സിനിമ എന്നതിലുപരി ഒരുപാട് സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങൾ പറയുകയും ചർച്ചചെയ്യപ്പെടുകയും ചെയ്ത ഒരു ചിത്രം കൂടിയായിരുന്നു വാഴ 2.
സ്കൂൾ കാലഘട്ടത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും അവരുടെ ജീവിതവും വരച്ചു കാട്ടിയ ഒരു ചിത്രം കൂടിയായിരുന്നു. വിദ്യാർത്ഥികൾക്ക് കളിക്കാൻ ഗ്രൗണ്ട് ഇല്ലാത്തതും രക്ഷിതാക്കളുടെ നിർബന്ധപ്രകാരം അന്യനാട്ടിൽ പോയി കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന യുവാക്കളുടെ ജീവിതവും, നാട്ടിലെ ലഹരി മാഫിയയുടെ പിടിയിൽ പെടുന്ന വിദ്യാർത്ഥികളെയും അങ്ങനെ തുടങ്ങി സിനിമയിലുടനീളം വലിയ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളാണ് സംസാരിച്ചത്.
സിനിമയുടെ അവസാനം ഒന്നാം ഭാഗത്തിലെ താരങ്ങളെ കൊണ്ട് വന്ന ഒരു ഫൈറ്റ് രംഗവും തിയേറ്റർ കുലുക്കിയിരുന്നു. എന്നാൽ ആ രംഗം വെറും ഒരു പപ്പടത്തിന് വേണ്ടിയുള്ള ഫൈറ്റ് മാത്രമല്ല, അതിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു.
അടിയുണ്ടാകാൻ കാരണം എന്തെന്ന് തമാശയായി ഒരാൾ ചോദിക്കുമ്പോൾ, ‘ദേ അവന് പപ്പടം ചോദിച്ചു ഇവൻ പപ്പടം കൊടുത്തില്ല’ എന്ന മറുപടിയാണ് നൽകുന്നത്. എന്നാൽ യഥാർത്ഥ കാരണം വെറുമൊരു പപ്പടമല്ല, ഒളിഞ്ഞിരിക്കുന്ന മറ്റ് കാരണങ്ങൾ ഉണ്ടെന്നത് പലർക്കും മനസിലാകാതെ പോകുന്നു.
വാഴ2, Photo: YouTube/ Screengrab
ഈ വിഷയത്തെ കുറിച്ച് വിപിൻ ദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പപ്പടം എന്ന് പറയുമ്പോൾ നമ്മൾ കണ്ടത് കൊല്ലത്ത് പപ്പടത്തിന് അടി എന്നാണ്, അതിന്റെ ക്യാപ്‌ഷൻ ആണ് നമ്മൾ നോക്കുക അതിന്റെ പിന്നിൽ എന്തൊക്കെയാണെന്ന് നമ്മൾ ചിന്തിക്കുന്നില്ല.
നമ്മൾ ചിന്തിക്കാത്തത് പോട്ടെ ഇപ്പോഴത്തെ കുട്ടികൾ ഒട്ടും ചിന്തിക്കുന്നില്ല. ആ പപ്പടം എന്നൊരു വാക്കിൽ സ്റ്റിക്ക് ഓൺ ചെയ്ത് അവർ എഴുതിയിടുകയാണ്.
വാഴ2, Photo: YouTube/ Screengrab
ഇതിൽ കുറ്റപ്പെടുത്തേണ്ടത് ശരിക്കും ജേർണലിസ്റ്റുകളെ തന്നെയാണ്. ചുറ്റുമുള്ളവർ കണ്ട് മനസിലാക്കേണ്ട ഒരു കാര്യത്തെ എനിക്ക് സിനിമയിലൂടെ കാണിക്കേണ്ടി വന്നത് വേറെ ആരും ചെയ്യാത്തത് കൊണ്ടായിരിക്കും,’ വിപിൻ ദാസ് പറഞ്ഞു.
ഹാഷിർ, അലൻ , അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ് അജു വർഗീസ് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Vipin Das talks about the fight scene in the movie Vazha 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.