| Sunday, 8th June 2025, 2:31 pm

എനിക്ക് പണ്ടേ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന നടി; ഏത് കഥാപാത്രവും ചെയ്യാനാകും: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. എന്നാല്‍ ആദ്യ ചിത്രം പരാജയമായിരുന്നു. രണ്ടാമത്തെ സിനിമയായ അന്താക്ഷരി 2022ല്‍ സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്.

വിപിന്റെ മൂന്നാമത്തെ ചിത്രം ജയ ജയ ജയ ജയഹേ 2022ലെ മലയാളം സിനിമകളില്‍ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളിലൊന്നായിരുന്നു. അതിന് ശേഷം പൃഥ്വിരാജ് സുകുമാരനെയും ബേസില്‍ ജോസഫിനെയും നായകന്മാരാക്കി ഇറങ്ങിയ ഗുരുവായൂരമ്പല നടയിലും മികച്ച ചിത്രമായിരുന്നു.

സോഷ്യല്‍ മീഡിയ താരങ്ങളെ നായകന്മാരാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ എന്ന സിനിമക്കായി തിരക്കഥ എഴുതിയതും വിപിന്‍ ദാസായിരുന്നു. ഇപ്പോള്‍ അദ്ദേഹം നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍.

ചിത്രത്തില്‍ മല്ലിക സുകുമാരനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ളവേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മല്ലികയെ കുറിച്ച് പറയുകയാണ് വിപിന്‍ ദാസ്. തനിക്ക് നടിയോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

വ്യസനസമേതം ബന്ധുമിത്രാദികള്‍ സിനിമയുടെ സെറ്റില്‍ പലര്‍ക്കും ഇരട്ട പേരൊക്കെ ഇട്ടുകൊടുത്തത് മല്ലിക ചേച്ചിയാണ്. വളരെ കൂളായ ആളാണ്. എനിക്ക് മല്ലിക ചേച്ചിയുമായി വര്‍ക്ക് ചെയ്യണമെന്ന് പണ്ടേ നല്ല ആഗ്രഹമുണ്ടായിരുന്നു.

വളരെ രസമുള്ള ഒരു അഭിനേത്രിയാണ് ചേച്ചി. വളരെ നന്നായി കോമഡി ഹാന്‍ഡില് ചെയ്യാന്‍ ആള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ എവിടെയാണെങ്കിലും മല്ലിക ചേച്ചി അവിടെ ചേര്‍ന്നു കൊള്ളും. ഏത് കഥാപാത്രത്തിലേക്കും ചേച്ചിയെ കൊണ്ടുവരാന്‍ സാധിക്കും.

അങ്ങനെ എനിക്ക് ചേച്ചിയെ കൊണ്ടുവരാന്‍ അവസരം ലഭിച്ചത് വ്യസനസമേതം ബന്ധുമിത്രാദികള്‍ സിനിമയിലാണ്. ആദ്യം ഈ പടത്തിലേക്ക് ചേച്ചി വരുമോ ഇല്ലയോയെന്ന സംശയമുണ്ടായിരുന്നു. എന്തോ അസുഖമുള്ളത് കാരണം ആദ്യം വരാന്‍ ബുദ്ധിമുട്ട് പറഞ്ഞിരുന്നു.

പക്ഷെ അവസാനം ചേച്ചി വന്നു. സെറ്റില്‍ വളരെ ആക്ടീവായി നില്‍ക്കുകയും ചെയ്തു. കൃത്യസമയത്ത് വരികയും വളരെ എനര്‍ജിയില്‍ വര്‍ക്ക് ചെയ്യുകയും ചെയ്യുന്ന ആളാണ് മല്ലിക ചേച്ചി.

ചെറിയ ആളുകള്‍, വലിയ ആളുകള്‍ എന്ന വ്യത്യാസം കാണിക്കാതെ എല്ലാവരോടും ഒരുപോലെയാണ് ചേച്ചിയുടെ പെരുമാറ്റം. ഞങ്ങളുടെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ആളാണ് മല്ലിക ചേച്ചി,’ വിപിന്‍ ദാസ് പറയുന്നു.


Content Highlight: Vipin Das Talks About Mallika Sukumaran

We use cookies to give you the best possible experience. Learn more