| Monday, 13th January 2025, 9:52 am

സന്തോഷ് ട്രോഫി സ്‌പോര്‍ട്‌സ് സിനിമയല്ല, കഥ കേട്ട ഉടനെ ടൈറ്റില്‍ നിര്‍ദേശിച്ചത് ആ നടനാണ്: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെസംവിധായക കുപ്പായമണിഞ്ഞ വ്യക്തിയാണ് വിപിന്‍ ദാസ്. ആദ്യചിത്രം പരാജയമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് തുടരെ തുടരെ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ സംവിധാനവും വാഴയുടെ തിരക്കഥയും വിപിന്‍ ദാസ് ആയിരുന്നു.

ഗുരുവായൂരമ്പല നടയിലിന്റെ വന്‍ വിജയത്തിന് ശേഷം വിപിന്‍ ദാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് സന്തോഷ് ട്രോഫി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലാണ് അനൗണ്‍സ് ചെയ്തത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്.

ചിത്രത്തിന്റെ പേര് കേട്ട് പലരും ഇതൊരു സ്‌പോര്‍ട്‌സ് ചിത്രമായിരിക്കുമെന്ന് കരുതുകയാണെന്ന് വിപിന്‍ ദാസ് പറഞ്ഞു. എന്നാല്‍ ഇത് സ്‌പോര്‍ട്‌സ് ഴോണറല്ലെന്നും കോമഡി ചിത്രമാണെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ഒരു ട്രോഫി കാരണം സന്തോഷ് എന്ന വ്യക്തിക്ക് കിട്ടുന്ന പണികളാണ് സിനിമയുടെ കഥയെന്ന് വിപിന്‍ ദാസ് പറഞ്ഞു.

ചിത്രത്തിന് എന്ത് ടൈറ്റില്‍ ഇടുമെന്ന് ഒരുപാട് ആലോചിച്ചെന്നും ഒടുവില്‍ രണ്ട് പേരുകള്‍ ഫൈനലൈസ് ചെയ്തിരുന്നെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ കഥ കേട്ട ശബരീഷ് വര്‍മയാണ് സന്തോഷ് ട്രോഫി എന്ന പേര് സജസ്റ്റ് ചെയ്തതെന്നും ആ പേര് തനിക്ക് ഒരുപാട് ഇഷ്ടമായെന്നും വിപിന്‍ ദാസ് പറഞ്ഞു. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററിലെത്തിക്കുമെന്നും അധികം വൈകാതെ ഷൂട്ട് തുടങ്ങുമെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

‘സന്തോഷ് ട്രോഫി എന്ന പേര് കണ്ടിട്ട് സ്‌പോര്‍ട്‌സ് സിനിമയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഒരിക്കലും അതൊരു സ്‌പോര്‍ട്‌സ് സിനിമയല്ല. ഞാന്‍ മുമ്പ് ചെയ്ത പടങ്ങള്‍ പോലെ കോമഡി ഴോണറാണ്. ഒരു ട്രോഫി കാരണം സന്തോഷ് എന്ന വ്യക്തിക്ക് കിട്ടുന്ന പണികളാണ് സിനിമ പറയുന്നത്. രാജുവേട്ടനാണ് സന്തോഷ് എന്ന ക്യാരക്ടര്‍ ചെയ്യുന്നത്.

സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ മനസില്‍ രണ്ട് ടൈറ്റിലുകള്‍ ഉണ്ടായിരുന്നു. അതില്‍ സന്തോഷ് ട്രോഫി ഉണ്ടായിരുന്നില്ല. ഇതിന്റ കഥ കേട്ടപ്പോള്‍ ശബരീഷ് വര്‍മയാണ് സന്തോഷ് ട്രോഫി എന്ന ടൈറ്റില്‍ സജസ്റ്റ് ചെയ്തത്. അത് കേട്ടപ്പോള്‍ വേറൊരു ടൈറ്റിലും വേണ്ടെന്ന് ഉറപ്പിച്ചു. രാജുവേട്ടന്‍ ഇപ്പോഴത്തെ തിരക്കൊക്കെ തീര്‍ത്തതിന് ശേഷം ഈ സിനിയമുടെ വര്‍ക്ക് തുടങ്ങും. ഈ വര്‍ഷം തന്നെ തിയേറ്ററിലെത്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നു,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das saying Sabareesh Varma suggested the title for Santhosh Trophy movie

We use cookies to give you the best possible experience. Learn more