മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ വ്യക്തിയാണ് വിപിന്‍ ദാസ്. ആദ്യചിത്രം പരാജയമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് തുടരെ തുടരെ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ സംവിധാനവും വാഴയുടെ തിരക്കഥയും വിപിന്‍ ദാസ് ആയിരുന്നു.
വിപിന്റെ ലൈനപ്പില്‍ ഉയര്‍ന്നുകേട്ട രണ്ട് പ്രൊജക്ടുകളായിരുന്നു മോഹന്‍ലാലിനൊപ്പമുള്ള കോമഡി ചിത്രവും ഫഹദ്- എസ്.ജെ. സൂര്യ കോമ്പോയിലുള്ള ഗ്യാങ്‌സ്റ്റര്‍ ചിത്രവും. സോഷ്യല്‍ മീഡിയ ഏറെ കാത്തിരിക്കുന്ന പ്രൊജക്ടുകളായിരുന്നു ഇവ. എന്നാല്‍ ഈ രണ്ട് പ്രൊജക്ടുകളും ഡ്രോപ്പായെന്ന് പറയുകയാണ് വിപിന്‍ ദാസ്.
മോഹന്‍ലാലുമൊത്തുള്ള സിനിമ അദ്ദേഹം ഡ്രോപ്പ് ചെയ്‌തെന്നും ഫഹദ്- എസ്.ജെ. സൂര്യ പ്രൊജക്ട് താനായിട്ട് ഡ്രോപ്പ് ചെയ്‌തെന്നും വിപിന്‍ ദാസ് പറഞ്ഞു. നിലവില്‍ സന്തോഷ് ട്രോഫി, വാഴ 2 എന്നിവ മാത്രമേ തന്റെ ലൈനപ്പിലുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികളുടെ പ്രൊമോഷന്റെ ഭാഗമായി മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.
‘സോഷ്യല്‍ മീഡിയയില്‍ കേട്ടുകൊണ്ടിരിക്കുന്ന ആ രണ്ട് പ്രൊജക്ടുകളും ഏറെക്കുറെ ഡ്രോപ്പായി. ഫഹദിന്റെ കൂടെയുള്ള പടം മുന്നോട്ട് പോയില്ല. അത് അങ്ങന ഡ്രോപ്പായി. ലാലേട്ടനുമായിട്ടുള്ള പ്രൊജക്ട് പുള്ളി തന്നെ ഡ്രോപ്പ് ചെയ്തതാണ്. ഇപ്പോള്‍ സന്തോഷ് ട്രോഫി, വാഴ 2 മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. അതിന് ശേഷം എന്താണെന്ന് തീരുമാനിച്ചില്ല,’ വിപിന്‍ ദാസ് പറയുന്നു.
ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്‍ സമയത്താണ് ഫഹദുമൊത്തുള്ള പ്രൊജക്ടിനെക്കുറിച്ച് വിപിന്‍ ദാസ് സംസാരിച്ചത്. രണ്ട് ഗ്യാങ്സ്റ്റര്‍മാര്‍ തമ്മിലുള്ള കഥയാണ് ഉദ്ദേശിക്കുന്നതെന്നും കോമഡിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ് അതെന്നും വിപിന്‍ പറഞ്ഞിരുന്നു. ഈ പ്രൊജക്ടിനെക്കുറിച്ച് എസ്.ജെ. സൂര്യയും സംസാരിച്ചിരുന്നു.
എമ്പുരാന്റെ വിജയത്തിന് പിന്നാലെയാണ് മോഹന്‍ലാല്‍- വിപിന്‍ ദാസ് പ്രൊജക്ടിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ആശീര്‍വാദ് സിനിമാസ് ആ പ്രൊജക്ട് നിര്‍മിക്കുമെന്നും കേട്ടിരുന്നു. വിപിന്റെ അടുത്ത ചിത്രമായ സന്തോഷ് ട്രോഫിയില്‍ പൃഥ്വിരാജാണ് നായകന്‍.
Content Highlight: Vipin Das saying his upcoming projects with Mohanlal and Fahadh Faasil is dropped