| Thursday, 19th June 2025, 8:40 am

നിഖിലയുടെ കഥാപാത്രത്തെപ്പറ്റിയുള്ള ട്രോളുകള്‍ ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്, ആ ക്യാരക്ടര്‍ അങ്ങനെയാകാന്‍ ഒരു കാരണമുണ്ട്: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്- ബേസില്‍ ജോസഫ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. കോമഡി എന്റര്‍ടൈനറായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി. 90 കോടിയോളം ചിത്രം കളക്ഷന്‍ നേടിയിരുന്നു.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ പല തരത്തിലുള്ള ട്രോളുകള്‍ സിനിമക്ക് നേരെ ഉയര്‍ന്നു. നിഖില വിമല്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചായിരുന്നു ഭൂരിഭാഗം ട്രോളുകളും. ഗുരുവായൂരമ്പല നടയിലിലും പിന്നാലെയെത്തിയ നുണക്കുഴിയിലും ഒരേ തരത്തിലുള്ള അഭിനയമായിരുന്നു നിഖിലയുടേത്. ഗുരുവായൂരമ്പല നടയിലിനെക്കുറിച്ചുള്ള ട്രോളുകളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്.

നിഖിലയുമായി ബന്ധപ്പെട്ട ട്രോളുകള്‍ തങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യാറുണ്ടെന്ന് വിപിന്‍ ദാസ് പറഞ്ഞു. ഓരോ പോസ്റ്റുകളും വ്യത്യസ്തമായിരിക്കുമെന്നും നല്ലവണ്ണം ചിരിക്കാനുള്ള വക ആ ട്രോളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഖിലയുടെ കഥാപാത്രത്തെ അങ്ങനെ അവതരിപ്പിക്കാന്‍ ഒരു കാരണമുണ്ടെന്നും അത് അവരോട് പറഞ്ഞിട്ടുണ്ടെന്നും വിപിന്‍ പറയുന്നു.

നിഖിലയുടെ കഥാപാത്രം ചിരിച്ചാലോ ദേഷ്യപ്പെട്ടാലോ സിനിമ അവിടെ തീരുമെന്നും അക്കാരണം കൊണ്ടാണ് അങ്ങനെയൊരു എക്‌സ്പ്രഷനില്‍ സിനിമയിലുടനീളം അവരെ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആദ്യാവസാനം ഒരേ എക്‌സ്പ്രഷനില്‍ അഭിനയിക്കുക എന്നത് നിസാരകാര്യമല്ലെന്നും ആ കാര്യം നിഖില ഭംഗിയായി ചെയ്‌തെന്നും വിപിന്‍ ദാസ് പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവായൂരമ്പല നടയിലിലെ നിഖിലയുടെ ക്യാരക്ടറിനെക്കുറിച്ചുള്ള ട്രോളുകളെല്ലാം കാണാറുണ്ട്. അതെല്ലാം ഞാന്‍ നിഖിലക്ക് അയച്ചുകൊടുക്കാറുണ്ട്. ഞാന്‍ കാണാത്തത് അവരും അയച്ച് തരാറുണ്ട്. ചില ട്രോളുകളെല്ലാം ഗംഭീര ഐറ്റങ്ങളാണ്. അതിനെയെല്ലാം അംഗീകരിക്കുകയാണ് വേണ്ടത്.

ആ പടത്തില്‍ നിഖിലയെ അങ്ങനെ കാണിക്കാന്‍ ഒരു കാരണമുണ്ട്. ആ ക്യാരക്ടര്‍ ചിരിച്ചാലോ, ദേഷ്യപ്പെട്ടാലോ കഥ അവിടെ തീര്‍ന്നു. പിന്നീട് ഒന്നും ചെയ്യാനില്ല. പക്ഷേ, നിഖിലയെ കാണിക്കുന്ന സീനില്‍ അവരെ വെറുതെ നിര്‍ത്താനും പാടില്ല. അങ്ങനെയിരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചു. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന എക്‌സ്പ്രഷനില്‍ ആദ്യം തൊട്ട് അവസാനം വരെ ആ കഥാപാത്രത്തെ കാണിച്ചത്,’ വിപിന്‍ ദാസ് പറയുന്നു.

Content Highlight: Vipin Das explains about Nikhila Vimal’s character in Guruvayoorambala Nadayil movie

We use cookies to give you the best possible experience. Learn more